ഡല്‍ഹി സ്‌ഫോടനം: പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത് കറുത്ത സ്‌പോര്‍ട്‌സ് ഷൂവും ഒരു കഷ്ണം തുണിയും

ഡല്‍ഹി സ്‌ഫോടനം: പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത് കറുത്ത സ്‌പോര്‍ട്‌സ് ഷൂവും ഒരു കഷ്ണം തുണിയും

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പ്രതിയെ തിരിച്ചറിയാന്‍ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത് കറുത്ത സ്‌പോര്‍ട്‌സ് ഷൂവും ഒരു കഷ്ണം മെറൂണ്‍ തുണിയും. ഡോ. ഉമര്‍ മുഹമ്മദ് തന്നെയാണ് പൊട്ടിത്തെറിച്ച വാഹനം ഓടിച്ചിരുന്നതെന്നും ചാവേറായതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചത് ഇങ്ങനെയാണെന്നാണ് റിപ്പോര്‍ട്ട്.

സ്‌ഫോടനം നടന്നപ്പോള്‍ ആദ്യമെത്തിയ രക്ഷാപ്രവര്‍ത്തകര്‍ തീയണയ്ക്കാനും പരിക്കേറ്റവരെയും മരിച്ചവരെയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റാനുമുള്ള തിരക്കിലായിരുന്നു. ഇതിനിടെ സ്‌ഫോടനത്തില്‍ തകര്‍ന്ന വെളുത്ത കാറിന്റെ വീലില്‍ കുടുങ്ങിക്കിടന്ന കറുത്ത സ്‌പോര്‍ട്‌സ് ഷൂ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

മിനിറ്റുകള്‍ക്ക് ശേഷം ഫോറന്‍സിക് സംഘം എത്തി സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച നിരവധി സാമ്പിളുകളില്‍ ഒന്നായി ആ ഷൂവും ഉണ്ടായിരുന്നു. പ്രാഥമിക അന്വേഷണം പുരോഗമിക്കവെ, ചാവേര്‍ മാതൃകയിലുള്ള ഭീകരാക്രമണത്തിനുള്ള സാധ്യത തെളിഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം വെളുത്ത കാറാണെന്ന് പൊലീസ് തിരിച്ചറിയുകയും അതിന്റെ ഡ്രൈവര്‍ മുഖ്യപ്രതിയാവുകയും ചെയ്തു.

സ്‌ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഫരീദാബാദില്‍ നിന്ന് വന്‍ തോതില്‍ അമോണിയം നൈട്രേറ്റ് കണ്ടെടുത്തിരുന്നു. ഇത് കൂടാതെ കശ്മീര്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട ഭീകര സംഘത്തെ ജമ്മു കാശ്മീര്‍ പൊലീസും ഫരീദാബാദ് പൊലീസും ചേര്‍ന്ന് പിടികൂടിയിരുന്നു.

ഭീകരസംഘത്തിലെ അംഗമായ ഡോ. ഉമര്‍ മുഹമ്മദ് അപ്പോഴും ഒളിവിലായിരുന്നു എന്നതും പൊലീസില്‍ സംശയം ജനിപ്പിച്ചു. ജമ്മു കാശ്മീര്‍ പൊലീസും ഫരീദാബാദ് പൊലീസും ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. ചെങ്കോട്ടയിലെ സ്‌ഫോടനത്തില്‍ ചാവേറായത് ഡോ. ഉമര്‍ മുഹമ്മദ് ആയിരുന്നോ എന്നതായിരുന്നു ഡല്‍ഹി, ജമ്മു കാശ്മീര്‍, ഫരീദാബാദ് പൊലീസിന് മുന്നിലുണ്ടായിരുന്ന നിര്‍ണായക ചോദ്യം.

അറസ്റ്റിലായ ഡോക്ടര്‍മാരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് ഉമര്‍ മുഹമ്മദ് ഒളിവില്‍ തുടരുകയാണെന്നും വലിയ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. ഡല്‍ഹി പൊലീസിന്റെ സിസിടിവി പരിശോധനയില്‍ ഒരു വെളുത്ത കാര്‍ സംഭവ ദിവസം ഉച്ചകഴിഞ്ഞ് 3:19 ന് ചെങ്കോട്ടയിലേക്ക് പ്രവേശിക്കുന്നതും മൂന്ന് മണിക്കൂറിന് ശേഷം പാര്‍ക്കിങ് സ്ഥലത്ത് നിന്ന് പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇതിന് ശേഷമാണ് സ്‌ഫോടനം ഉണ്ടായത്. എപ്പോഴും മാസ്‌ക് ധരിക്കുന്നതോടൊപ്പം ഇയാള്‍ സ്ഥിരമായി മെറൂണ്‍ ഷര്‍ട്ടും കറുത്ത സ്‌പോര്‍ട്‌സ് ഷൂവുമാണ് ഉപയോഗിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മനസിലാക്കി.

ഉമര്‍ മുഹമ്മദിന്റെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ഷൂ പൊലീസ് സ്‌ഫോടന സ്ഥലത്തെ കാറില്‍ നിന്ന് കണ്ടെടുത്ത ഷൂവുമായി ഒത്തുനോക്കി. അവ ഒന്നുതന്നെയാണെന്ന നിഗമനത്തിലെത്തി. സംഭവ സ്ഥലത്തെ തിരച്ചിലിനിടെ, ഒരു മരത്തില്‍ നിന്ന് മെറൂണ്‍ നിറത്തിലുള്ള തുണിക്കഷണവും പൊലീസിന് ലഭിച്ചു. ഷര്‍ട്ടിന്റെ നിറം സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ തുണിയുമായി ചേരുന്നതാണെന്ന് കൂടുതല്‍ ദൃശ്യങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ ഉമര്‍ സ്‌ഫോടന സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉറപ്പിച്ചു.

ഡിഎന്‍എ താരതമ്യത്തിനായി കാറിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് നേരത്തെ ശേഖരിച്ച സാമ്പിളുകള്‍ ഉമറിന്റെ അമ്മയുടെ സാമ്പിളുകളുമായി ഒത്തുനോക്കി. വ്യാഴാഴ്ച രാവിലെ പുറത്തുവന്ന ഡിഎന്‍എ ഫലം സാമ്യമുണ്ടെന്ന് സ്ഥിരീകരിച്ചതോടെ സ്‌ഫോടനത്തിന് പിന്നില്‍ ഡോ. ഉമര്‍ മുഹമ്മദ് തന്നെയാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.