ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു; ഇന്ത്യയില്‍നിന്നുള്ള യാത്രാവിലക്കിനെതിരേ രൂക്ഷപ്രതികരണവുമായി ക്രിക്കറ്റ് താരം

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു; ഇന്ത്യയില്‍നിന്നുള്ള യാത്രാവിലക്കിനെതിരേ രൂക്ഷപ്രതികരണവുമായി ക്രിക്കറ്റ് താരം

സിഡ്‌നി: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയില്‍നിന്നു നാടിന്റെ സുരക്ഷിത്വത്തിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന ഓസ്ട്രേലിയന്‍ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രൂക്ഷപ്രതികരണവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മൈക്കല്‍ സ്ലാറ്റര്‍. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ കൈകളില്‍ രക്തം പുരണ്ടിരിക്കുകയാണെന്നു ഇന്ത്യയില്‍ കുടുങ്ങിയ മൈക്കല്‍ സ്ലാറ്റര്‍ ട്വിറ്ററില്‍ വിമര്‍ശിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐ.പി.എല്‍) ബ്രോഡ്കാസ്റ്ററായി ഇന്ത്യയിലെത്തിയ സ്ലാറ്ററിന് യാത്രാവിലക്ക് കാരണം ഓസ്ട്രേലിയയിലേക്കു മടങ്ങാനായില്ല. നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന ഓസ്ട്രേലിയന്‍ പൗരന്മാരെ ഫെഡറല്‍ സര്‍ക്കാര്‍ തീര്‍ത്തും അവഗണിക്കുകയാണെന്നും കോവിഡ് അതിരൂക്ഷമായ ഇന്ത്യയില്‍ കുടുങ്ങിയവരോട് സഹാനുഭൂതി കാട്ടണമെന്നും സ്ലാറ്റര്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍നിന്നു രക്ഷതേടി സ്ലാറ്റര്‍ മാല ദ്വീപിലേക്കു പറന്നതായാണു റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് മേയ് 15 വരെയാണ് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് ലംഘിച്ച് ഓസ്ട്രേലിയയില്‍ പ്രവേശിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയുമെന്ന സര്‍ക്കാരിന്റെ വിചിത്ര തീരുമാനമാണ് രാജ്യത്തിനകത്തും പുറത്തും കടുത്ത വിമര്‍ശനത്തിനിടയാക്കിയത്. കഴിഞ്ഞ 14 ദിവസങ്ങള്‍ ഇന്ത്യയില്‍ ചെലവഴിച്ചവര്‍ക്കും നിരോധനം ബാധകമാണ്.

ഒരു വിലക്കിലൂടെ അപകടകരമായ സാഹചര്യത്തിലേക്ക് ഓസ്ട്രേലിയക്കാരെ തള്ളിവിടുകയാണെന്നു സ്ലാറ്റര്‍ ആരോപിച്ചു. സ്വന്തം പൗരന്മാരുടെ സുരക്ഷത്വത്തില്‍ സര്‍ക്കാരിന് കരുതലുണ്ടായിരുന്നെങ്കില്‍ നാട്ടിലേക്കു മടങ്ങാന്‍ അനുവദിക്കുമായിരുന്നു. ഈ അവഗണന അപമാനകരമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഐപിഎല്ലില്‍ പ്രവര്‍ത്തിക്കാന്‍ എനിക്ക് സര്‍ക്കാര്‍ അനുമതിയുണ്ടായിരുന്നു. എന്നാലിപ്പോള്‍ ആ സര്‍ക്കാര്‍തന്നെ എന്നെ അവഗണിക്കുന്നു. പ്രസിഡന്റ്, നിങ്ങളുടെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു-സ്ലാറ്റര്‍ വിമര്‍ശിച്ചു.

ക്വാറന്റീന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനു പകരം പൗരന്മാര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം തന്നെ വിലക്കിയതില്‍ സ്ലാറ്റര്‍ സര്‍ക്കാരിനെതിരേ കടുത്ത ഭാഷയിലാണ് വിമര്‍ശനമുന്നയിച്ചത്. അതേസമയം സ്‌കോട്ട് മോറിസണ്‍ സ്ലാറ്ററുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു. യാത്രാ വിലക്കിനെ അദ്ദേഹം ന്യായീകരിച്ചു. ഇന്ത്യയില്‍നിന്നു വരുന്നവരില്‍നിന്നാണ് രാജ്യത്ത് കോവിഡ് േകസുകള്‍ വര്‍ധിക്കുന്നത്. ഇതിനുള്ള പോംവഴി വിമാനങ്ങള്‍ മൊത്തത്തില്‍ നിര്‍ത്തുക എന്നതായിരുന്നു. ഓസ്ട്രേലിയയില്‍ ഒരു മൂന്നാം തരംഗമുണ്ടാവാതിരിക്കാനുള്ള കരുതലിന്റെ ഭാഗമാണിതെന്നു മോറിസണ്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26