ഫുട്ബോള്‍ ഇതിഹാസം 12 മണിക്കൂറോളം വേദന സഹിച്ചു; മറഡോണയ്ക്ക് കൃത്യമായ പരിചരണം ലഭിച്ചില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്

ഫുട്ബോള്‍ ഇതിഹാസം 12 മണിക്കൂറോളം വേദന സഹിച്ചു; മറഡോണയ്ക്ക് കൃത്യമായ പരിചരണം ലഭിച്ചില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ അവസാന സമയത്ത് ചികിത്സാ സംഘത്തില്‍ നിന്ന് വേണ്ട പരിചരണം ലഭിച്ചില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്ത്. കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ മാറഡോണ ജീവിച്ചിരിക്കുമായിരുന്നെന്നും ഫുട്ബോള്‍ ഇതിഹാസം 12 മണിക്കൂറോളം വേദന അനുഭവിച്ചുവെന്നും പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

അനുചിതമായും അശ്രദ്ധയോടെയുമാണ് ചികിത്സാസംഘം പ്രവര്‍ത്തിച്ചത്. ഇരുപതില്‍ അധികം ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് രണ്ടു മാസത്തോളം പ്രവര്‍ത്തിച്ചാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ അര്‍ജന്റീന നീതിന്യായ മന്ത്രാലയം കഴിഞ്ഞ മാര്‍ച്ചിലാണ് ബോര്‍ഡിനെ നിയോഗിച്ചത്.

താരത്തിന്റെ മരണത്തെ തുടര്‍ന്ന് കുടുംബഡോക്ടര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ ആരോപണമുയര്‍ന്നിരുന്നു. മാറഡോണയുടെ കുടുംബ ഡോക്ടറും ന്യൂറോ സര്‍ജനുമായ ലിയോപോള്‍ഡോ ല്യൂക്ക്, മനോരോഗ വിദഗ്ധന്‍ അഗുസ്റ്റിനോ കോസാചോവ്, മനഃശാസ്ത്രജ്ഞന്‍ കാര്‍ലോസ് ഡയസ്, നഴ്‌സിങ് കോ-ഓര്‍ഡിനേറ്റര്‍, മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ക്കെതിരേയാണ് അന്വേഷണം നടന്നത്. ല്യൂക്കിന്റെ സമ്പത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മാറഡോണയുടെ മക്കള്‍ ആവശ്യപ്പെട്ടിരുന്നു.

രോഗിയുടെ ജീവന്‍ അപകടപ്പെടുത്തുന്നതിന്റെ ലക്ഷണങ്ങള്‍ അവഗണിക്കപ്പെട്ടു എന്നും മാറഡോണ കുറഞ്ഞത് 12 മണിക്കൂറെങ്കിലും നീണ്ടുനില്‍ക്കുന്ന വേദനയുടെ വ്യക്തമായ അടയാളങ്ങള്‍ കാണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. മയക്കുമരുന്നും മദ്യവും അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് മാറഡോണയ്ക്ക് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.

അതേസമയം റിപ്പോര്‍ട്ടിന്റെ മെഡിക്കല്‍ ഫോറന്‍സിക് റദ്ദാക്കാന്‍ ശ്രമിക്കുമെന്ന് ലൂക്കിന്റെ അഭിഭാഷകനായ ജൂലിയോ റിവാസ് പറഞ്ഞു. പക്ഷപാതപരമായ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിട്ടുള്ളതെന്നും അതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും ജൂലിയോ റിവാസ് വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.