തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സിപിഎം പുതിയ പരീക്ഷണത്തിനൊരുങ്ങുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേതു പോലെ മന്ത്രിസഭയിലും പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ അവസരം നല്‍കാനുള്ള ചര്‍ച്ചകളാണ് പാര്‍ട്ടിയില്‍ നടക്കുന്നത്.
ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയ്ക്ക് മാത്രം ഇളവ് നല്‍കാനാണ് ഇപ്പോഴുള്ള തീരുമാനം. എന്നാല്‍ കഴിഞ്ഞ മന്ത്രിസഭയിലെ ചില മുതിര്‍ന്ന അംഗങ്ങള്‍ തുടരണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്
ഇന്നു ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. എം.വി ഗോവിന്ദന്‍, പി.രാജീവ്, കെ.എന്‍ ബാലഗോപാല്‍, എം.ബി രാജേഷ്, കെ.രാധാകൃഷ്ണന്‍, വീണാ ജോര്‍ജ്, കാനത്തില്‍ ജമീല, ഡോ.ആര്‍ ബിന്ദു, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, വി.എന്‍ വാസവന്‍ എന്നിവരുടെ പേരുകളാണ് ഇന്ന് പ്രധാനമായും ചര്‍ച്ചയ്ക്ക് വന്നത്. ധനകാര്യം പോലുള്ള സുപ്രധാന വകുപ്പ് ബാലഗോപാലിനോ, രാജീവിനോ ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.
സിപിഐയും പുതുമുഖങ്ങള്‍ക്കാണ് ഇത്തവണ പ്രാമുഖ്യം നല്‍കുന്നത്. മറ്റ് ഘടക കക്ഷികളില്‍ ജെഡിഎസ് ഒഴികെയുള്ള പാര്‍ട്ടികളില്‍ നിന്നും പുതുമുഖ മന്ത്രിമാര്‍ വരാനാണ് സാധ്യത. മന്ത്രിമാരെ സംബന്ധിച്ച് സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ ഉടന്‍ നടക്കും.
മെയ് 18 നോ, തൊട്ടടുത്ത ദിവസങ്ങളിലോ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും. ഒന്നാം പിണറായി സര്‍ക്കാരിലെ 20 മന്ത്രിമാരില്‍ 13 പേരും സിപിഎമ്മില്‍ നിന്നായിരുന്നു. നാല് പേരായിരുന്നു സിപിഐ മന്ത്രിമാര്‍. ഈ നിലയില്‍ ഏതെങ്കിലും മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സിപിഐഎം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കേരളാ കോണ്‍ഗ്രസ് എം രണ്ടു മന്ത്രിസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാലും ഒന്ന് കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. പകരം ഒരു കാബിനറ്റ് പദവി കൂടി അനുവദിച്ചേക്കും. എന്‍സിപിക്കും ജെഡിഎസിനും ഒരോ മന്ത്രിസ്ഥാനങ്ങള്‍ ഉറപ്പാണ്. എന്നാല്‍ ഒരു അംഗം മാത്രമുള്ള പാര്‍ട്ടികളില്‍ ആര്‍ക്കെങ്കിലും മന്ത്രിസ്ഥാനം നല്‍കണമോയെന്ന കാര്യത്തിലും സിപിഐഎം നിലപാടാണ് നിര്‍ണായകം. തുടര്‍ ചര്‍ച്ചകള്‍ക്കായി രണ്ട് ദിവസത്തിനകം ഇടതുമുന്നണി യോഗം ചേരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.