അബുദാബി: വിവിധ അവയവങ്ങൾ മാറ്റിവയ്ക്കുന്നതിനായുള്ള കേന്ദ്രം അബുദാബിയിൽ സ്ഥാപിക്കാൻ ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള മെഡിക്കൽ വിദഗ്ദരുടെ സംഘം കൈകോർക്കുന്നു. യുഎഇയിൽ അവയവമാറ്റത്തിനായി കാത്തിരിക്കുന്ന നിരവധി രോഗികൾക്ക് പ്രയോജനപ്പെടുന്ന കേന്ദ്രം അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ സ്ഥാപിക്കാനാണ് വിദഗ്ദരുടെ കൂട്ടായ ശ്രമം. അബുദാബി എമിറേറ്റിലെ രണ്ടാമത്തെ അവയവമാറ്റ കേന്ദ്രമാണ് ഇതിലൂടെ യാഥാർഥ്യമാവുക.
കേന്ദ്രം സ്ഥാപിക്കാനായി വിപിഎസ് ഹെൽത്ത് കെയറിനു കീഴിലുള്ള ബുർജീൽ മെഡിക്കൽ സിറ്റിയും ഹൈദരാബാദിലെ കിംസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറേഷൻ ചെയർമാനും ഡയറക്ടറുമായ ഡോ. സന്ദീപ് അട്ടാവറും ധാരണയിലെത്തി. ഡോ. സന്ദീപിന്റെ നേതൃത്വത്തിലുള്ള വിദഗ്ദരാണ് കേന്ദ്രത്തിൽ അവയവമാറ്റ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുക.
യുഎഇയിൽ സഹകരണത്തിനായുള്ള ധാരണപത്രത്തിൽ ബുർജീൽ ഹോസ്പിറ്റൽസ് സിഇഒ ജോൺ സുനിലും ഡോ. സന്ദീപ് അട്ടാവറും ഒപ്പുവച്ചു. ഇതുപ്രകാരം രോഗനിർണയം, ചികിത്സ, പരിചരണം എന്നിവയ്ക്കായി നൂതന സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ച് അത്യാധുനിക അവയവമാറ്റ കേന്ദ്രം ബുർജീൽ മെഡിക്കൽ സിറ്റി സ്ഥാപിക്കും. രോഗികളെ ചികിത്സിക്കുന്നതിലുള്ള മെഡിക്കൽ വൈദഗ്ദ്യവും അറിവും പങ്കിട്ടുകൊണ്ട് കിംസ് ഹോസ്പിറ്റൽ കേന്ദ്രത്തെ പിന്തുണയ്ക്കും. ഇതിനുപുറമെ, കുട്ടികളിലെ ഹൃദയപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക വകുപ്പും ആരംഭിക്കും.
കിംസ് ഹോസ്പിറ്റലുകളിലെ സോളിഡ് തോറാസിക് ഓർഗൻ ടിഎക്സ് പ്രോഗ്രാമിന്റെ സ്ഥാപക ഡയറക്ടർ കൂടിയായ ഡോ. സന്ദീപ് നയിക്കുന്ന മെഡിക്കൽ സംഘം 160 ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കലുകൾ, 88 ഹൃദയ മാറ്റിവയ്ക്കലുകൾ, 32 സംയോജിത ഹൃദയ & ശ്വാസകോശ മാറ്റിവയ്ക്കലുകൾ എന്നിവ നടത്തിയിട്ടുണ്ട്. കോവിഡ് -19 ബാധിച്ചതിനെ തുടർന്ന് കേടായ ശ്വാസകോശമുള്ള രോഗികൾക്ക് 12 ഇരട്ട ശ്വാസകോശ ട്രാൻസ്പ്ലാന്റുകളും സംഘം നടത്തിയിട്ടുണ്ട്.
യുഎഇയിൽ അവയവമാറ്റ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് സഹകരണമെന്നും മിഡിൽ ഈസ്റ്റിലെ രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകും വിധമാണ് കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നതെന്നും ബുർജീൽ ഹോസ്പിറ്റൽസ് സിഇഒ ജോൺ സുനിൽ പറഞ്ഞു. നിരവധി സങ്കീർണ ശസ്ത്രക്രിയകൾ ചെയ്തുള്ള അനുഭവ സമ്പത്ത് യുഎഇയിലെ രോഗികൾക്ക് സഹായകരമാകുമെന്ന് ഡോ. സന്ദീപ് കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.