വോട്ടു കച്ചവടം നടത്തിയതാര്?... കണക്കുകള്‍ പറയുന്നു ബിജെപിയുടെ ചോര്‍ന്ന വോട്ടുകള്‍ പോയത് ഇടത് പെട്ടിയിലെന്ന്

വോട്ടു കച്ചവടം നടത്തിയതാര്?... കണക്കുകള്‍ പറയുന്നു ബിജെപിയുടെ ചോര്‍ന്ന വോട്ടുകള്‍ പോയത് ഇടത് പെട്ടിയിലെന്ന്

കൊച്ചി: അമ്പലപ്പറമ്പിലെ പോക്കറ്റടികാരന്റെ തന്ത്രം പ്രയോഗിച്ച് മുഖ്യമന്ത്രി ബിജെപിയുമായുള്ള വോട്ടു കച്ചവടത്തില്‍ യുഡിഎഫിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ ബിജെപി വോട്ടുകള്‍ എത്തിയത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ അക്കൗണ്ടുകളിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എല്‍ഡിഎഫ് തൂത്തുവാരിയ മിക്ക ജില്ലകളിലും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ വോട്ട് 2016 ലേതിനേക്കാള്‍ ഇത്തവണ കാര്യമായി കുറഞ്ഞു.

കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ കാസര്‍ഗോഡും ഉദുമയിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് 2016 നേക്കാള്‍ വോട്ട് വിഹിതം കുറഞ്ഞപ്പോള്‍ ഇടത് തരംഗം ആഞ്ഞടിച്ച കണ്ണൂര്‍ ജില്ലയിലെ പത്ത് മണ്ഡലങ്ങളില്‍ ആറിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് 2016 ലേതിനെക്കാള്‍ വോട്ടുകള്‍ കുറഞ്ഞു. ഇടത് മുന്നണി വന്‍ വിജയം നേടിയ കോഴിക്കോട് ജില്ലയില്‍ പതിമൂന്നില്‍ പത്തിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകളില്‍ കാര്യമായ ഇടിവുണ്ടായി.

കുന്ദമംഗലം, നാദാപുരം അടക്കമുള്ള ചില മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് നഷ്ടമായത് നാലായിരത്തിലധികം വോട്ടുകളാണ്. വയനാട്ടില്‍ മാനന്തവാടിയിലും സുല്‍ത്താന്‍ ബത്തേരിയിലും എന്‍ഡിഎയ്ക്ക് വോട്ടുകള്‍ കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ് വിജയിച്ച കല്‍പ്പറ്റയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ടി.എം സുബീഷിന് 1,420 വോട്ടുകള്‍ കൂടുകയാണുണ്ടായത്.

മുസ്ലിം ലീഗിന്റെ പിന്‍ബലത്തില്‍ യുഡിഎഫ് ആശ്വാസ വിജയം കണ്ട മലപ്പുറം ജില്ലയിലെ പതിനാറില്‍ പത്ത് മണ്ഡലങ്ങളില്‍ എന്‍ഡിഎയ്ക്ക് വോട്ടു വിഹിതം കുറഞ്ഞു. ഇതില്‍ എല്‍ഡിഎഫിലെ കെ.ടി ജലീല്‍ 2564 വോട്ടിന് വിജയിച്ച തവനൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രമേശ് കോട്ടയപ്പുറത്തിന് 2016 ല്‍ രവി തേലത്ത് നേടിയതിനേക്കാള്‍ 5,887 വോട്ടിന്റെ കുറവുണ്ട്. ഇടത് മുന്നണി സ്ഥാനാര്‍ഥി 985 വോട്ടിന് ജയിച്ച താനൂരിലും എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് 461 വോട്ടിന്റെ കുറവുണ്ട്.

പാലക്കാട് ജില്ലയില്‍ പന്ത്രണ്ട് മണ്ഡലങ്ങളില്‍ അഞ്ചിടത്ത് എന്‍ഡിഎയ്ക്ക് വോട്ട് കുറഞ്ഞു. ഇതില്‍ ശ്രദ്ധേയമായത് സിപിഎമ്മിലെ യുവ നേതാവ് എം.ബി രാജേഷും യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമും തമ്മില്‍ ഏറ്റുമുട്ടിയ തൃത്താലയാണ്. ഇവിടെ രാജേഷ് 3,173 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ശങ്കു.ടി.ദാസിന് നഷ്ടപ്പെട്ടത് 1659 വോട്ടുകളാണ്.

ചാലക്കുടി ഒഴികെ ഇടത് തരംഗം തീര്‍ത്ത തൃശൂര്‍ ജില്ലയില്‍ ആകെയുള്ള പന്ത്രണ്ട് മണ്ഡലങ്ങളില്‍ ഒമ്പതിലും എന്‍ഡിഎയ്ക്ക് 2016 ലേതിനേക്കാള്‍ 2021 ല്‍ വോട്ടു വിഹിതം കുറഞ്ഞു. ഇതില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി വന്‍ വിജയം നേടിയ കയ്പമംഗലത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് 2016 നേക്കാള്‍ 20,975 വോട്ടുകളുടെ കുറവാണുണ്ടായത്. എറണാകുളം ജില്ലയിലെ പതിനാല് മണ്ഡലങ്ങളില്‍ പതിനൊന്നിലും എന്‍ഡിഎയ്ക്ക് വോട്ടുകള്‍ കുറഞ്ഞു.

ഇടത് മുന്നണി ഇത്തവണ തൂത്തുവാരിയ ഇടുക്കി ജില്ലയിലെ അഞ്ച്് മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് 2016 നേക്കാള്‍ വോട്ടുകളില്‍ വന്‍ ഇടിവുണ്ടായി. മണിയാശാന്‍ മിന്നുന്ന വിജയം നേടിയ ഉടുംമ്പന്‍ചോലയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വോട്ടില്‍ ഇത്തവണ വന്ന കുറവ് 14,591 ആണ്. റോഷി അഗസ്റ്റിന്‍ മത്സരിച്ച ഇടുക്കിയില്‍ എന്‍ഡിഎയ്ക്ക് 18,117 വോട്ടുകളുടെ വന്‍ ഇടിവാണുണ്ടായത്.

കോട്ടയം ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലും എന്‍ഡിഎയുടെ വോട്ടുകളില്‍ ഇടിവുണ്ടായെങ്കിലും എല്‍ഡിഎഫിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിജയിച്ച പൂഞ്ഞാറില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 17,001 വോട്ടുകളുടെ കുറവാണുണ്ടായത്. ഇടത് സ്ഥാനാര്‍ഥികള്‍ മുഴുവന്‍ സീറ്റിലും വിജയിച്ച ആലപ്പുഴ ജില്ലയിലെ ഒമ്പതില്‍ ആറ് മണ്ഡലങ്ങളിലും എന്‍ഡിഎയുടെ വോട്ട് വിഹിതം ക്രമാതീതമായി കുറഞ്ഞു. കുട്ടനാട്ടില്‍ 2016 ല്‍ 32,970 വോട്ടുകള്‍ പിടിച്ച എന്‍ഡിഎയ്ക്ക് ഇത്തവണ നേടാനായത് 14,946 വോട്ടുകള്‍ മാത്രമാണ്. അരൂരിലും പതിനായിരത്തിലധികം വേട്ടുകളുടെ കുറവുണ്ട്.

പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മത്സരിച്ച കോന്നി ഒഴികെ നാല് മണ്ഡലങ്ങളിലും എന്‍ഡിഎ 2016 നേക്കാള്‍ വോട്ടുകളില്‍ താഴെ പോയി. റാന്നിയില്‍ പതിനായിരത്തിനടുത്ത് വോട്ടുകളുടെ കുറവാണുണ്ടായത്. കൊല്ലം ജില്ലയില്‍ പത്തില്‍ നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎ വോട്ടു വിഹിതത്തില്‍ പിന്നാക്കം പോയി.

ഇടത് മുന്നണി തൂത്തുവാരിയ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ പതിനാല് മണ്ഡലങ്ങളില്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ച നേമവും ശോഭാ സുരേന്ദ്രന്‍ അങ്കം കുറിച്ച കഴക്കൂട്ടവുമടക്കം പത്ത് മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് 2016 നേക്കാള്‍ വോട്ടുകള്‍ കുറവാണ്.

പതിനാറ് മണ്ഡലങ്ങളിലാണ് എന്‍ഡിഎയ്ക്ക് 2016 നേക്കാള്‍ 20 ശതമാനം വോട്ടുകള്‍ കുറഞ്ഞത്. ഇരുപത്് മണ്ഡലങ്ങളില്‍ 15 ശതമാനം വോട്ടുകളും കുറഞ്ഞു. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഇത്തവണ വിജയിച്ച ഇടത് മുന്നണി സ്ഥാനാര്‍ഥികള്‍ നിരവധിയാണ്. എന്നാല്‍ വിജയിച്ച ഐക്യമുന്നണി സ്ഥാനാര്‍ഥികളില്‍ പതിനായിരം കടന്നത് വളരെ ചുരുക്കം പേര്‍ മാത്രം.

സാഹചര്യം ഇതാണന്നിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയത് യുഡിഎഫാണെന്ന ആരോപണവുമായി രംഗത്തെത്തിയത് ഒരു മുഴം മുമ്പേയുള്ള ഏറായി മാത്രമേ കാണാനാവൂ. കണക്കുകളുടെ അടിസ്ഥാനത്തില്‍ ബിജെപിയുടെ ചോര്‍ന്ന വോട്ടുകള്‍ വീണത് എല്‍ഡിഎഫിന്റെ പെട്ടിയിലാണെന്ന് സംശയിക്കുന്നവരെ തെറ്റു പറയാനാവില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.