സ്വര്‍ണ നാവിലെ നര്‍മ ഭാഷണം ഇനി സ്വര്‍ഗത്തില്‍... മാനവികതയുടെ മഹാ പുരോഹിതന്‍ യാത്രയായി

സ്വര്‍ണ നാവിലെ നര്‍മ ഭാഷണം ഇനി സ്വര്‍ഗത്തില്‍...  മാനവികതയുടെ മഹാ പുരോഹിതന്‍ യാത്രയായി

തിരുവല്ല: സ്വര്‍ണ നാവിലെ നര്‍മ ഭാഷണത്തിലൂടെ ലോകത്തിന് ക്രിസ്തുവിനെ പകര്‍ന്നു കൊടുത്ത മാനവികതയുടെ മഹാ പുരോഹിതന്‍ സ്വര്‍ഗത്തിന്റെ നിത്യത തേടി യാത്രയായി... കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും വിശ്വാസികളും ശിഷ്യ ഗണങ്ങളും അകലാതെ അകലെയിരുന്ന് തീര്‍ത്ത കണ്ണീര്‍ പൂക്കളുടെ വഴിയിലൂടെയായിരുന്നു വലിയ ഇടയന്റെ മടക്കയാത്ര.

തിരുവല്ലയിലെ മാര്‍ത്തോമ്മ സഭാ ആസ്ഥാനത്ത് ബിഷപ്പുമാര്‍ക്കുള്ള പ്രത്യേക കല്ലറയില്‍ സംസ്ഥാന ബഹുമതികളോടെയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ കബറടക്കം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു ശുശ്രൂഷകള്‍.

സംസ്ഥാനത്തിന്റെ ആദര സൂചകമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിച്ചു. കബറടക്ക ശുശ്രൂഷകള്‍ക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത നേതൃത്വം നല്‍കി. സഭയിലെ മറ്റു ബിഷപ്പുമാരും സഹോദര സഭകളിലെ ബിഷപ്പുമാരും ശുശ്രൂഷകളില്‍ പങ്കെടുത്തു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അണമുറിയാതെ ഒഴുകിയെത്തിയവരും തത്സമയ സംപ്രേഷണം വീക്ഷിച്ച പതിനായിരങ്ങളും വലിയ മെത്രാപ്പൊലീത്തയ്ക്ക് വേദനയോടെ അന്തിമോപചാരം അര്‍പ്പിച്ചു. ഒരാഴ്ച മുമ്പ് 104ാം ജന്മദിനം ആഘോഷിച്ച ക്രിസോസ്റ്റം തിരുമേനി ഇന്നലെ പുലര്‍ച്ചെ 1.15നാണ് കാലം ചെയ്തത്. സമൂഹത്തിലാകെ കരുണയുടെയും സ്‌നേഹത്തിന്റെയും പ്രകാശം പരത്തിയ, ഒരു നൂറ്റാണ്ടിലേറെ നീണ്ട ധന്യ ജീവിതത്തിനാണ് അന്ത്യമായത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോഡി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വിവിധ ക്രൈസ്ത സഭാ പിതാക്കന്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറയിലുള്ള പ്രമുഖര്‍ വലിയ തിരുമേനിയുടെ ദേഹ വിയോഗത്തില്‍ അനുശോചിച്ചു.

ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനം വഹിച്ച ബിഷപ്പാണ് ക്രിസോസ്റ്റം തിരുമേനി. 2018 ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഏറെ നാളായി കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ പരിചരണത്തിലായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.