ഓക്‌സിജന് 45,600 രൂപ: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് നിര്‍ദേശം

ഓക്‌സിജന് 45,600 രൂപ: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: കോവിഡ് ചികിത്സയുടെ പേരില്‍ ചില സ്വകാര്യ ആശുപത്രികള്‍ ഭീമമായ തുക ഈടാക്കി രോഗികളെ ചൂഷണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രി ഒരു രോഗിക്ക് ഒരു ദിവസം ഓക്‌സിജന്‍ നല്‍കിയതിന് 45,600 രൂപ ഈടാക്കിയെന്നാണ് പരാതി. പരാതിയെക്കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറും തിരുവനന്തപുരം ജില്ലാ കലക്ടറും അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് ഹാജരാക്കണം. കേസ് മേയ് 28 ന് പരിഗണിക്കും.

പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ സ്വമേധയാ റജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ ഒരു സ്വകാര്യ ആശുപത്രിയാണ് ഇത്തരത്തില്‍ കൊള്ള നടത്തിയത്. കഴിഞ്ഞ മാസം 27 ന് ഈ ആശുപത്രിയില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ രോഗിക്കാണ് ഒരു ദിവസത്തെ ഓക്‌സിജന് 45,600 രൂപ ഈടാക്കിയത്. ഒരേ പിപിഇ കിറ്റാണ് ജീവനക്കാര്‍ ധരിക്കുന്നതെങ്കിലും ഓരോ രോഗിയില്‍നിന്നും പിപിഇ കിറ്റിന് വലിയ തുക ഈടാക്കുന്നതായും പരാതിയുണ്ട്.

കോവിഡ് ബാധിതരുടേതുള്‍പ്പെടെയുള്ള മരണം കൂടിയതോടെ തിരുവനന്തപുരം ജില്ലയിലെ ശ്മശാനങ്ങളില്‍ ശവസംസ്‌കാരത്തിനു സംവിധാനം അപര്യാപ്തമായ പശ്ചാത്തലത്തില്‍ താത്ക്കാലിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തെ കുറിച്ച് ജില്ലാകലക്ടര്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ തൈക്കാട് ശ്മശാനത്തില്‍ ശവസംസ്‌കാരത്തിന് സമയം ബുക്ക് ചെയ്ത് ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് പരാതിയുണ്ട്. ഒരാഴ്ചയായി പ്രതിദിനം 20 ഓളം കോവിഡ് ബാധിതരുടെ മൃതദേഹങ്ങളാണ് തൈക്കാട് ശ്മശാനത്തില്‍ സംസ്‌കരിക്കുന്നത്. 24 മൃതദേഹങ്ങളാണ് നാലു ഫര്‍ണസുകളിലായി സംസ്‌കരിക്കാന്‍ കഴിയുന്നത്. തുടര്‍ച്ചയായ ഉപയോഗം കാരണം യന്ത്രങ്ങള്‍ മന്ദഗതിയിലായെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം നഗരസഭയ്ക്ക് തൈക്കാട് മാത്രമാണ് ശ്മശാനമുള്ളത്. മറ്റുള്ളവ സമുദായ സംഘടനകളുടെ ശ്മശാനങ്ങളാണ്. ഈ സാഹചര്യത്തിലാണ് പകരം സംവിധാനം വേണമെന്ന് ആവശ്യമുയരുന്നത്. ഈ കേസും മേയ് 28 ന് പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.