ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സ് റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനത്തിന് ജപ്പാനില്‍ വലിയ പ്രതികരണം. ജപ്പാനിലെ ഒരു അഭിഭാഷകന്‍ തയാറാക്കിയ നിവേദനത്തിലേക്ക് ദിവസങ്ങള്‍ക്കകം ഒരു ലക്ഷത്തി അന്‍പതിനായിരത്തിലധികം ഒപ്പുകളാണ് ഓണ്‍ലൈനിലൂടെ സമാഹരിക്കാനായത്.
അഭിഭാഷകന്‍ കെഞ്ചി ഉത്സുനോമിയയുടെ നിവേദനത്തിന് ആദ്യ 24 മണിക്കൂറിനുള്ളില്‍തന്നെ 50,000 ഒപ്പുകള്‍ ലഭിച്ചിരുന്നു. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) പ്രസിഡന്റ് തോമസ് ബാകിനാണ് നിവേദനം സമര്‍പ്പിക്കുന്നത്.
ഒളിമ്പിക്‌സ് ജപ്പാനില്‍ ആരംഭിക്കാന്‍ ആഴ്ച്ചകള്‍ മാത്രമുള്ളപ്പോള്‍ പ്രധാന വേദിയായ ടോക്കിയോ, ഒസാക്ക ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള അടിയന്തരാവസ്ഥയിലാണ്. 70 മുതല്‍ 80 ശതമാനം വരെ ജാപ്പനീസ് പൗരന്മാര്‍ ഗെയിംസ് റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നതായി പ്രതികരണം ചൂണ്ടിക്കാട്ടുന്നു. നിലവില്‍ അടിയന്തരാവസ്ഥ മേയ് 11 ന് അവസാനിക്കുമെങ്കിലും ഇതു നീട്ടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കഴിഞ്ഞവര്‍ഷം നടക്കേണ്ട ഒളിമ്പിക്സ് കോവിഡ് ഭീഷണി കാരണം ഈ വര്‍ഷത്തേക്ക് നീട്ടുകയായിരുന്നു. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെയാണ് ഒളിമ്പിക്സ് നിശ്ചയിച്ചിരിക്കുന്നത്. മേയ് 17 ന് ഹിരോഷിമയില്‍ ആരംഭിക്കുന്ന ഒളിമ്പിക് ടോര്‍ച്ച് റിലേയില്‍ തോമസ് ബാക് പങ്കെടുക്കും. ടോക്കിയോയും സന്ദര്‍ശിക്കുമെന്നാണു കരുതുന്നത്. ഇതേസമയം അവിടെ ഒളിമ്പിക് വിരുദ്ധ പ്രതിഷേധം നടത്താനും ആലോചനയുണ്ട്.
ഗെയിമുകള്‍ ഷെഡ്യൂള്‍ ചെയ്തപ്രകാരം നടക്കുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗ, ടോക്കിയോ സംഘാടക സമിതി പ്രസിഡന്റ് സീകോ ഹാഷിമോട്ടോ, തോമസ് ബാക് എന്നിവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ടെസ്റ്റ് ഇവന്റുകള്‍ നടത്തിയ സംഘാടകര്‍ നിരവധി പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. ഒളിമ്പിക് ടോര്‍ച്ച് റിലേയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച എട്ട് പേര്‍ കോവിഡ് പോസിറ്റീവായതായി സംഘാടകര്‍ പറയുന്നു.
ഒളിമ്പിക്‌സ് മാത്രം മനസില്‍ വെച്ചുകൊണ്ടുള്ള നയങ്ങളാണ് ജാപ്പനീസ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. അതിനിടയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ അവഗണിക്കപ്പെടുന്നതായി ഉത്സുനോമിയ പറഞ്ഞു. ഈ ഘട്ടത്തില്‍ ഒളിമ്പിക്‌സ് സുരക്ഷിതമായി നടത്താനാവില്ലെന്നും നിവേദനത്തില്‍ പറയുന്നു. ജപ്പാനില്‍ രണ്ടു ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് വാക്‌സിന്‍ നല്‍കിയിട്ടുള്ളത്. 10,500 മരണങ്ങളാണ് കോവിഡ് മൂലം ഉണ്ടായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.