സിഡ്‌നി: കോവിഡ് വ്യാപനത്തെതുടര്‍ന്ന്, മാതാപിതാക്കളില്‍നിന്നു വേര്‍പെട്ട് ഓസ്‌ട്രേലിയയിലെ 173 കുട്ടികളെങ്കിലും ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിച്ച് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മലയാളികള്‍ അടക്കം ഓസ്ട്രേലിയന്‍ പൗരന്മാരായ 173 കുട്ടികളാണ് മാതാപിതാക്കള്‍ക്കടുത്തേക്കു തിരിച്ചുവരാനാകാതെ ഒന്നര വര്‍ഷത്തിലധികമായി ഇന്ത്യയില്‍ കഴിയുന്നത്. ഏറെ നാളായി കുഞ്ഞുങ്ങളെ ഒരു നോക്കു കാണാന്‍ പോലുമാകാതെ കടുത്ത മാനസിക സമ്മര്‍ദത്തിലാണ് ഓസ്ട്രേലിയയിലെ മാതാപിതാക്കള്‍. എത്രയും വേഗം കുട്ടികളെ തിരിച്ചെത്തിക്കാന്‍ ഫെഡറല്‍ സര്‍ക്കാരിന്റെ കനിവു കാത്തിരിക്കുകയാണിവര്‍.
ഇന്ത്യയില്‍ ഒറ്റപ്പെട്ട ഓസ്ട്രേലിയക്കാരെ നാട്ടിലേക്കു മടങ്ങാന്‍ സഹായിക്കുന്ന സര്‍ക്കാരിന്റെ നടപടികള്‍ അന്വേഷിക്കുന്ന സെനറ്റ് കമ്മിറ്റിക്കു മുമ്പാകെ വിദേശകാര്യ വാണിജ്യ വകുപ്പ് സമര്‍പ്പിച്ച കണക്കുകളിലാണ് കുട്ടികളുടെ വിവരങ്ങളുള്ളത്.
കുട്ടികളില്‍ കൂടുതല്‍ പേരും ഇന്ത്യയിലുള്ള മുത്തച്ഛനും മുത്തശ്ശിക്കും മറ്റു ബന്ധുക്കള്‍ക്കും ഒപ്പമാണെന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ (എ.ബി.സി.) റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡിനു
മുന്‍പു തന്നെ ഇന്ത്യയിലെത്തിയതാണ് കുട്ടികളില്‍ പലരും. കോവിഡ് വ്യാപനം ഇന്ത്യയില്‍ രൂക്ഷമായതോടെ ഓസ്ട്രേലിയയിലെ മാതാപിതാക്കള്‍ക്കൊപ്പം ചേരാനുള്ള കുട്ടികളുടെ കാത്തിരിപ്പ് അനന്തമായി നീളുകയായിരുന്നു.
യാത്രാവിലക്ക് നീങ്ങിയാലും മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികളെ ഏറ്റെടുക്കാന്‍ വിമാനക്കമ്പനികള്‍ തയാറാവാത്തതിനാല്‍ പലര്‍ക്കും ഉടനെ ഓസ്‌ട്രേലിയയിലേക്കു മടങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്.
സിഡ്നിയിലുള്ള ദമ്പതികളുടെ അനുഭവമിങ്ങനെയാണ്. ഇന്ത്യയിലുള്ള കുഞ്ഞുമകളെ 17 മാസമായി കണ്ടിട്ടില്ലെന്നും അവളെ ഓസ്‌ട്രേലിയയിലേക്കു കൊണ്ടുവരാന്‍ നിരന്തരം ശ്രമിച്ചിട്ടും ഫലപ്രാപ്തിയിലെത്തിയില്ലെന്നും പിതാവ് ദിലിന്‍ പറയുന്നു. ഞങ്ങളുടെ മകള്‍ വളരുന്നത് ഞങ്ങള്‍ക്കു കാണാനായില്ല. മുത്തശ്ശി അവള്‍ ഉയരം വച്ചുവെന്നു പറയുമ്പോള്‍ അടുത്തില്ലാത്തതിനാല്‍ ഏറെ വിഷമമുണ്ട്-ദിലിന്‍ പറഞ്ഞു.
മുതിര്‍ന്നവരില്ലാതെ 20 കുട്ടികളെ ഇന്ത്യയില്‍നിന്ന് തിരികെയെത്തിക്കാന്‍ കഴിഞ്ഞെങ്കിലും കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ തുടര്‍ന്നുള്ള ദൗത്യത്തിന് വെല്ലുവിളിയായെന്ന് ഇന്ത്യയിലെ ഓസ്ട്രേലിയന്‍ ഹൈക്കമ്മിഷണര്‍ ബാരി ഓ ഫാരെല്‍ പറഞ്ഞു. മുതിര്‍ന്നവര്‍ ഒപ്പമില്ലാതെ കുട്ടികളെ ഏറ്റെടുത്ത് ഓസ്ട്രേലിയയിലേക്കു സര്‍വീസ് നടത്താന്‍ തയാറായ ഏക എയര്‍ലൈന്‍ എയര്‍ ഇന്ത്യയാണ്.
കുട്ടികളെ മാതാപിതാക്കള്‍ക്കടുത്തേക്കു തിരിച്ചെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിദേശകാര്യ വാണിജ്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍ ലിനെറ്റ് വുഡ് പറഞ്ഞു.
മാതാപിതാക്കളില്‍നിന്ന് ഒറ്റപ്പെട്ട കുട്ടികളെ എത്തിക്കാന്‍ പ്രത്യേകമായി ഒരു വിമാനം ഇന്ത്യയിലേക്ക് അയയ്ക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ആലോചിക്കാന്‍ ലേബര്‍ സെനറ്റര്‍ ക്രിസ്റ്റീന കെനിയാലി ആവശ്യപ്പെട്ടു. മേയ് 15 നുശേഷം യാത്രാ വിമാനങ്ങള്‍ പുനഃരാരംഭിക്കുമ്പോള്‍ ഓസ്ട്രേലിയക്കാരെ എത്രയും വേഗം തിരിച്ചെത്തിക്കുന്നതിനാണ് ആദ്യ പരിഗണനയെന്ന് വുഡ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.