കാബുള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബുളില്‍ സ്‌കൂളിനു സമീപം നടന്ന ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്കു പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ പേരും വിദ്യാര്‍ഥിനികളാണ്. ജനവാസ മേഖലയിലുള്ള സ്‌കൂളിനു പുറത്തുവച്ചായിരുന്നു ബോംബ് സ്‌ഫോടനം. മരണസംഖ്യ ഉയരാനിടയുണ്ടെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈദുല്‍ ഫിത്തര്‍ ആഘോഷിക്കാനായി നഗരം തയാറെടുക്കുമ്പോഴാണ് ദാരുണ സംഭവം.
ഷിയാ ഭൂരിപക്ഷ പ്രദേശത്തെ സയ്യദ് അല്‍ഷഹ്ദ ഹൈസ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. വിദ്യാര്‍ഥിനികളെ ഉന്നമിട്ടായിരുന്നു ആക്രമണമെന്നാണു റിപ്പോര്‍ട്ട്. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കു രാവിലെയും പെണ്‍കുട്ടികള്‍ക്ക് ഉച്ചതിരിഞ്ഞുമാണു ക്ലാസ് നടക്കുന്നത്. ശനിയാഴ്ച്ച വൈകീട്ട് നാലോടെയാണ് ആക്രമണമുണ്ടായത്.
യുഎസ് സൈന്യം രാജ്യത്തുനിന്നു പിന്മാറ്റം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ആക്രമണമുണ്ടായത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും പിടിമുറുക്കുന്നതിന്റെ സൂചനയാണു ബോംബ് സ്‌ഫോടനമെന്നാണു കരുതുന്നത്. രാജ്യമാകെ ആക്രമണം നടത്താന്‍ താലിബാന്‍ ശ്രമിക്കുന്നതായി അഫ്ഗാന്‍ ഭരണകൂടം പറഞ്ഞിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെ അപലപിച്ച് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഘാനി താലിബാനു മേല്‍ ആരോപണമുന്നയിച്ച് പ്രസ്താവന ഇറക്കി. അതേസമയം താലിബാന്‍ ആരോപണം നിഷേധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.