അമ്മ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ സ്നേഹം എന്നാണ്. ഏറി വരുന്ന വൃദ്ധസദനങ്ങള്‍ നമ്മളെ ഓര്‍മ്മിപ്പിക്കുന്ന ചിലതുണ്ട്. അവഗണിക്കപ്പെടുകയും അനാദരിക്കപ്പെടുകയും ചെയ്യുന്ന വൃദ്ധമാതാപിതാക്കള്‍ ഇന്നത്തെ സമൂഹത്തിന്റെ വലിയൊരു ശാപമാണ്. വാര്‍ധക്യം സൃഷ്ടിക്കുന്ന അവശതകള്‍ അനവധിയാണ്. അതിന്റെകൂടെ മക്കളുടെ അവഗണന കൂടിയാകുമ്പോള്‍ അതുണ്ടാക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ പ്രയാസം.
ഈ ലോകത്തില്‍ നമുക്ക് ഏറ്റവുമധികം കടപ്പാട് അച്ഛനമ്മമാരോടുതന്നെയാണ്. അവരെ സേവിക്കാനും ശുശ്രൂഷിക്കാനും അവസരം ലഭിക്കുന്നത് വലിയ ഭാഗ്യമായി വേണം കരുതാന്‍. അവര്‍ ജീവിച്ചിരുന്നപ്പോള്‍ അവരെ വേണ്ടപോലെ നോക്കിയില്ലല്ലോ എന്നോര്‍ത്ത് വിലപിക്കാന്‍ ഇടവരുത്തരുത്. പോയ കാലം തിരിച്ചുവരില്ലെന്നോര്‍ക്കുക. ഓരോ വര്‍ഷവും വളരെയധികം പ്രാധാന്യത്തോടെ തന്നെ നാം ആഘോഷിക്കേണ്ട ദിനമാണ് മാതൃദിനം.
ഏതൊരാളെയും അയാളുടെ വേരുകളുമായി ബന്ധിപ്പിക്കുന്ന ഒരു വാക്കാണ് അമ്മ. നിരുപാധികമായ സ്നേഹത്തിന്റെ പര്യായം. എത്ര തിരക്കാണെങ്കിലും ദിവസത്തില്‍ ഒരു തവണയെങ്കിലും അമ്മയെ ഓര്‍ക്കാത്തവര്‍ ഉണ്ടാകില്ല. വഴക്കിടുമ്പോഴും, മിണ്ടാതിരിക്കുമ്പോഴും ഉള്ളില്‍ അമ്മയോട് സ്‌നേഹം സൂക്ഷിക്കുന്നവര്‍ തന്നെയാകും നമ്മളെല്ലാം. ജീവന്റെ പാതിയായ അമ്മമാര്‍ക്ക് വേണ്ടി ഒരു ദിവസം മാത്രം മാറ്റിവയ്ക്കുന്നത് മതിവരുമെന്ന് തോന്നുന്നുണ്ടോ? എപ്പോഴാണ് നിങ്ങള്‍ അവസാനമായി അമ്മയെ ഒന്നു കെട്ടിപ്പിടിച്ചത്? അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു എന്നു പറഞ്ഞത്? ഓരോ വര്‍ഷവും മാതൃദിനത്തിന് പ്രാധാന്യം ഏറിക്കൊണ്ടിരിക്കുകയാണ്. എല്ലാ വര്‍ഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. അമ്മമാരോടുള്ള സ്നേഹം വെളിപ്പെടുത്താന്‍ ഒരു ദിനത്തിന്റെ ആവശ്യം ഇല്ല. എന്നാല്‍ ഈ ദിനത്തിനുള്ള പ്രാധാന്യം വളരെയധികം സന്തോഷത്തോടെയും നാം ആഘോഷിേക്കണ്ടതാണ്.
മാതൃദിനവുമായി ബന്ധപ്പെട്ട് മുമ്പൊരിക്കല്‍ വായിച്ച ഒരു കഥ ഓര്‍ത്തു പോകുകയാണ് -
' ഒരിക്കല്‍ ഒരാള്‍ ജോലിക്ക് പോകുന്ന വഴിയാണ് അടുത്തദിവമാണല്ലോ തന്റെ അമ്മയുടെ പിറന്നാളാണെന്ന കാര്യം ഓര്‍ത്തത്. ഒരു പൂക്കടക്കു മുമ്പില്‍ കാര്‍ നിര്‍ത്തി അയാള്‍ അമ്മയുടെ പേര്‍ക്ക് ഒരു പൂച്ചെണ്ടും ഒപ്പം ഒരു ആശംസാകാര്‍ഡും അയയ്ക്കാന്‍ ഏര്‍പ്പാട് ചെയ്തു. അപ്പോഴാണ് തൊട്ടടുത്തുള്ള ഒരു കോണ്‍ക്രീറ്റ് ബെഞ്ചിലിരുന്ന് ഒരു കൊച്ചുപെണ്‍കുട്ടി വിങ്ങിക്കരയുന്നത് അയാള്‍ കണ്ടത്. മോള്‍ എന്തിനാണ് കരയുന്നതെന്ന് അയാള്‍ അവളോട് ചോദിച്ചു. അവള്‍ പറഞ്ഞു, ''എന്റെ അമ്മയ്ക്കുവേണ്ടി കുറച്ചു ചുവന്ന റോസാപ്പൂക്കള്‍ വാങ്ങാന്‍ വന്നതാണ്. പക്ഷേ, എന്റെ കൈയിലുള്ള പണം അതിന് മതിയാകില്ല സര്‍.'' അയാള്‍ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. 'മോളു വരൂ, ബാക്കി പണം ഞാന്‍ തരാം.'' അയാള്‍ നല്കിയ പണവുംകൂട്ടിച്ചേര്‍ത്ത് പെണ്‍കുട്ടി പൂക്കള്‍ വാങ്ങി. തിരിച്ചുപോകുമ്പോള്‍ തന്റെ കാറില്‍ അവളെ വീട്ടില്‍ കൊണ്ടുചെന്നാക്കാമെന്നും അയാള്‍ പറഞ്ഞു.
അവള്‍ സന്തോഷത്തോടെ പറഞ്ഞു ''എന്നെ എന്റെ അമ്മയുടെ അടുത്തുകൊണ്ടുപോയാല്‍ മതി.'' അവള്‍ പറഞ്ഞവഴിയിലൂടെ യാത്രചെയ്ത് അവര്‍ ഒരു സെമിത്തേരിയുടെ അടുത്തെത്തി. പെണ്‍കുട്ടി അയാളോട് നന്ദിപറഞ്ഞ് അവിടെയിറങ്ങി. അവള്‍ ആ റോസാപുഷ്പങ്ങള്‍ ഒരു ശവകുടീരത്തില്‍ വെച്ചു, അതിന് മുമ്പിലിരുന്നു പ്രാര്‍ഥിച്ചുതുടങ്ങി. ഈ ദൃശ്യം അയാളുടെ ഹൃദയത്തില്‍ ആഴത്തില്‍ സ്പര്‍ശിച്ചു.
''മരിച്ചുപോയ അമ്മയോട് ഈ കുട്ടിയ്ക്ക് എത്ര സ്‌നേഹമാണ്. ഞാനോ? അമ്മ ജീവിച്ചിരുന്നിട്ടുപോലും വേണ്ടത്ര ശ്രദ്ധയോ സ്‌നേഹമോ നല്കുന്നില്ല.'' അയാള്‍ ഉടനെ പൂക്കടയില്‍ചെന്ന് അമ്മയ്ക്ക് പുഷ്പങ്ങള്‍ അയയ്ക്കാനുള്ള ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തു. ഓഫീസില്‍ വിളിച്ച് അന്ന് താന്‍ ജോലിക്കുവരില്ലെന്ന് അറിയിച്ചശേഷം, നാട്ടിലുള്ള തന്റെ അമ്മയുടെ അടുത്തേക്ക് യാത്രയായി.
മാതാപിതാക്കളോടുള്ള കടമ വേണ്ടപോലെ നിര്‍വഹിക്കാന്‍ ഇന്നത്തെ തലമുറ മറന്നു പോകുന്നുണ്ടോ ?. വൃദ്ധരായ അച്ഛനമ്മമാരുടെ കൂടെ കഴിയുന്നത്ര സമയം ചെലവഴിക്കണം. മാസങ്ങള്‍ കൂടുമ്പോള്‍ കുറച്ചുനേരം ഫോണ്‍ചെയ്ത് സംസാരിച്ചതുകൊണ്ടോ, പിറന്നാള്‍ ആശംസിച്ചതുകൊണ്ടോ മക്കളുടെ കടമ പൂര്‍ത്തിയാകുന്നില്ല. മാതാപിതാക്കളുടെ ഹൃദയമറിഞ്ഞ് അവരോട് പെരുമാറണം.
മറ്റു പല വിശേഷാല്‍ ദിവസങ്ങളെയും പോലെ, അമേരിക്കയില്‍ നിന്ന് തന്നെയാണ് മദേഴ്സ് ഡേയുടെയും തുടക്കം. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃദിനമായി ആദ്യം ആഘോഷിക്കാന്‍ തുടങ്ങിയത് അമേരിക്കക്കാര്‍ ആണ്. പിന്നീട് മറ്റ് രാഷ്ട്രങ്ങളും ഇത് ഏറ്റെടുത്തു. അതോടെ ലോകവ്യാപകമായി തന്നെ അമ്മമാര്‍ക്കായി ഒരു ദിനം നിലവില്‍ വന്നു.
1905 ല്‍ അമ്മ മരിച്ചതിനെ തുടര്‍ന്ന് അന്ന റീവെസ് ജാര്‍വിസ് ആണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. 1908 ല്‍ ഈ പ്രചാരണം ഫലം കണ്ടു. വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ അന്ന റീവെസ് ജാര്‍വിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് ഈ പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് രാജ്യാന്തര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്.
അതേസമയം, യുകെയിലും അയര്‍ലന്‍ഡിലും മാര്‍ച്ച് മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് മാതൃ ദിനമായി ആഘോഷിച്ച് പോരുന്നത്. ഗ്രീസില്‍ കിഴക്കന്‍ ഓര്‍ത്തഡോക്‌സസ് വിശ്വാസികള്‍ക്ക് കൂടുതല്‍ വിശ്വാസപരമായ ഒന്നാണ് മാതൃ ദിനം. ക്രിസ്തുവിനെ പള്ളിമേടയില്‍ പ്രദര്‍ശിപ്പിച്ചാണ് ഇവിടെ ആഘോഷങ്ങള്‍ നടക്കുന്നത്. ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഫെബ്രുവരി രണ്ടാണ് ഇവര്‍ മാതൃ ദിനമായി ആചരിക്കുന്നത്.അറബ് രാഷ്ട്രങ്ങളിലധികവും മാര്‍ച്ച് 21 നാണ് മാതൃദിനം. ക്രൈസ്തവ മത രാഷ്ട്രങ്ങളില്‍ ചിലത് ഈ ദിവസം വിശുദ്ധ മേരി മാതാവിന്റെ ദിനമായി ആചരിക്കുന്നുണ്ട്. സ്ത്രീകള്‍ പങ്കെടുത്ത യുദ്ധത്തിന്റെ ദിവസമാണ് ബൊളീവിയയില്‍ മാതൃദിനം. മുന്‍ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലെല്ലാം രാജ്യാന്തര വനിതാ ദിനമാണ് മാതൃദിനമായി ആഘോഷിക്കുന്നത്.
നാമുള്ള കാലത്തോളം ഓരോ സെക്കന്റിലും ഓരോ പരമാണുകൊണ്ടും നാം നമ്മുടെ അമ്മയെ സ്നേഹിക്കണം, ദൈവതുല്യമായി കണക്കാക്കണം. അതുകൊണ്ട് തന്നെയാണ് മാതാ പിതാ ഗുരു ദൈവം എന്നു പറയുന്നത്. മക്കള്‍ക്ക് വേണ്ടി തന്റെ ജീവനും ജീവിതവും ഉഴിഞ്ഞ് വെച്ച വ്യക്തിയാണ് അമ്മ. മാതാപിതാക്കളുടെ വാര്‍ധക്യദുഃഖങ്ങള്‍ മക്കളുടെ സ്‌നേഹത്തില്‍ അലിഞ്ഞില്ലാതാകട്ടെ. അതിനോളം വലിയ പുണ്യവും ധന്യതയും മറ്റൊന്നിലുമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.