വാഷിംഗ്ടണ്‍: ബഹിരാകാശത്തില്‍ 63,000 മൈല്‍ വേഗതയില്‍ സഞ്ചരിക്കുന്ന ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ ഇറങ്ങി ചരിത്രം സൃഷ്ടിച്ച നാസയുടെ ഒസിരിസ് റെക്‌സ് പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. 2.3 ദശലക്ഷം കിലോമീറ്റര്‍ യാത്ര നടത്തി ഭൂമിയിലെത്താന്‍ രണ്ടു വര്‍ഷമെടുക്കും. 2016 സെപ്റ്റംബറില്‍ വിക്ഷേപിക്കപ്പെട്ട ഒസിരിസ് റെക്‌സ് ബഹിരാകാശ പേടകം കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ബെന്നുവില്‍ ലാന്‍ഡ് ചെയ്തത്. ആദ്യമായാണ് ഇത്രയും ചെറിയ ഛിന്നഗ്രഹത്തില്‍ മനുഷ്യനിര്‍മിത പേടകം ലാന്‍ഡ് ചെയ്യുന്നത്.
ഭൂമിയില്‍നിന്ന് 287 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ബെന്നുവിന്റെ ഉപരിതലത്തില്‍നിന്ന് 200 മുതല്‍ 400 ഗ്രാം പാറപ്പൊടി, ഗ്ലാസ്, ധാതുക്കള്‍ എന്നിവ ഒസിരിസ്-റെക്‌സ് ശേഖരിച്ചിട്ടുണ്ടെന്നാണ് ഭൂമിയിലേക്ക് അയച്ച ചിത്രങ്ങള്‍ വിലയിരുത്തിയ ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.
ബഹിരാകാശ ചരിത്രത്തിലെ നിര്‍ണായക കാല്‍വയ്പായിരുന്നു നാസയുടെ ഈ ദൗത്യം. 2018 ലാണ് പേടകം ബെന്നുവിന്റെ ഭ്രമണപഥത്തില്‍ എത്തിയത്. രണ്ട് വര്‍ഷത്തോളം ഛിന്നഗ്രഹത്തെ വലയം വച്ചശേഷമാണ് പാറപ്പൊടിയും കല്ലും ശേഖരിക്കാന്‍ ഒക്‌ടോബറില്‍ ലാന്‍ഡ് ചെയ്തത്. ഛിന്നഗ്രഹത്തിലെ നൈറ്റിങ്‌ഗേല്‍ എന്ന കുഴിയാണ് ഇതിനായി കണ്ടെത്തിയത്. 4.5 മണിക്കൂറെടുത്ത് താഴേക്കിറങ്ങിയാണ് പേടകം ബെന്നുവിന്റെ ഉപരിതലത്തിനു തൊട്ടുമുകളിലെത്തിയത്. തുടര്‍ന്ന് 3 മീറ്ററിലധികം നീളമുള്ള യന്ത്രക്കൈകള്‍ നീട്ടി സാമ്പിളുകള്‍ ശേഖരിച്ചു. ബഹിരാകാശചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ ലാന്‍ഡിങ്ങാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ബെന്നുവില്‍ ഏതാനും നിമിഷങ്ങള്‍ മാത്രമാണ് പേടകം നിന്നത്.
സൗരയൂഥത്തിന്റെ ഉത്ഭവകാലം മുതല്‍ നിലനില്‍ക്കുന്ന ഛിന്നഗ്രഹമാണ് ബെന്നു. അതിനാല്‍ ജീവന്റെ സാധ്യത ഉള്‍പ്പെടെ സൗരയൂഥത്തിലെ രഹസ്യങ്ങളെക്കുറിച്ചു പഠിക്കാന്‍ സാമ്പിളുകള്‍ സഹായകമാകുമെന്നാണു ശാസ്ത്രജ്ഞര്‍ കരുതുന്നത്. വാല്‍നക്ഷത്രത്തില്‍ നിന്ന് ധൂളികള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും ഛിന്നഗ്രഹത്തിന്റെ കഷ്ണങ്ങള്‍ നാസ ശേഖരിക്കുന്നത് ആദ്യമായിട്ടാണ്.
ഭൂമിക്കും ചൊവ്വയ്ക്കുമിടയില്‍ അറിയപ്പെടുന്ന 500,000 ത്തിലധികം ഛിന്നഗ്രഹങ്ങളിലൊന്നാണ് ബെന്നു. 150 വര്‍ഷത്തിനുള്ളില്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഛിന്നഗ്രഹമായിട്ടാണ് ബെന്നുവിനെ ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. അതിനാല്‍ ബെന്നുവിനെക്കുറിച്ചുള്ള പഠനത്തിന് ശാസ്ത്രലോകം വലിയ പ്രാധാന്യമാണു നല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.