ഓസ്ട്രേലിയയില്‍ ചികിത്സ കിട്ടാതെ മലയാളി ബാലിക മരിച്ച സംഭവം; വീഴ്ച്ച അംഗീകരിച്ച് സര്‍ക്കാര്‍; ക്ഷമാപണവുമായി ആരോഗ്യമന്ത്രി

ഓസ്ട്രേലിയയില്‍ ചികിത്സ കിട്ടാതെ മലയാളി ബാലിക മരിച്ച സംഭവം; വീഴ്ച്ച അംഗീകരിച്ച് സര്‍ക്കാര്‍; ക്ഷമാപണവുമായി ആരോഗ്യമന്ത്രി

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ മലയാളി ബാലിക ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വീഴ്ച്ച അംഗീകരിച്ച് സംസ്ഥാന ആരോഗ്യമന്ത്രി. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം മരണം സംഭവിച്ച ഐശ്വര്യ അശ്വത്തിന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് മന്ത്രി റോജര്‍ കുക്ക് പാര്‍ലമെന്റില്‍ പറഞ്ഞു.

ഐശ്വര്യയ്ക്കു കൂടുതല്‍ മെച്ചപ്പെട്ട സേവനം പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രി അധികൃതര്‍ ലഭ്യമാക്കേണ്ടിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടുമായാണ് റോജര്‍ കുക്ക് പാര്‍ലമെന്റില്‍ എത്തിയത്. ഏക മകളുടെ മരണം താങ്ങാനാവാത്ത ആഘാതമാണ് മാതാപിതാക്കള്‍ക്കുണ്ടാക്കിയത്. സര്‍ക്കാരിനു വേണ്ടിയും എല്ലാ ആരോഗ്യ സംവിധാനങ്ങള്‍ക്കും വേണ്ടിയും ഞാന്‍ പരസ്യമായി ഐശ്വര്യയുടെ കുടുംബത്തോടു മാപ്പു ചോദിക്കുന്നു'-മന്ത്രി പറഞ്ഞു.

പെര്‍ത്തിനു സമീപം മോര്‍ളിയില്‍ താമസിക്കുന്ന അശ്വത്ത് ശശിധരന്റെയും കൊല്ലം സ്വദേശിനി പ്രസീതയുടെയും മകളാണ് ഐശ്വര്യ. ഏപ്രില്‍ മൂന്നിനാണ് കുട്ടിയെ പനിയെത്തുടര്‍ന്ന് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്.

ചികിത്സ കിട്ടാനായി രണ്ട്‌ മണിക്കൂറിലധികമാണ് കുടുംബം കാത്തിരുന്നത്. ചികിത്സ ലഭിച്ചപ്പോഴേക്കും സ്ഥിതി വഷളായി. മകളെ അടിയന്തരമായി പരിശോധിക്കണമെന്ന് ആശുപത്രി അധികൃതരോട് കരഞ്ഞ് അപേക്ഷിച്ചിട്ടും അവര്‍ പരിഗണിച്ചില്ലെന്ന് ഐശ്വര്യയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.



ബാലിക മരിച്ചത് മതിയായ ചികിത്സ കിട്ടാതെയാണെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. സ്‌ട്രെപ്‌റ്റോകോക്കസ് എ അണുബാധ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചൈല്‍ഡ് ആന്‍ഡ് അഡോളസന്‍സ് ഹെല്‍ത്ത് സര്‍വീസസിലെ (സി.എ.എച്ച്.എസ്) ബോര്‍ഡ് ഡയറക്ടര്‍ ഡെബ് കാരസിന്‍സ്‌കി രാജിവച്ചു. കാരസിന്‍സ്‌കിയുടെ രാജി മന്ത്രി അംഗീകരിച്ചു.

താനും രാജിസന്നദ്ധത അറിയിച്ചതായി സി.എ.എച്ച്.എസ് ചീഫ് എക്‌സിക്യുട്ടീവ് ഡോ. അരേഷ് അന്‍വര്‍ വെളിപ്പെടുത്തി. എന്നാല്‍ തല്‍സ്ഥാനത്തു തുടരാന്‍ ഡയറക്ടര്‍ ജനറല്‍ നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഡോ. അന്‍വറും കുടുംബത്തോട് ക്ഷമാപണം നടത്തി.

പെര്‍ത്ത് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ അത്യാഹിത വിഭാഗത്തിനെതിരേ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. എന്താണ് ആശുപത്രിയില്‍ അന്നു സംഭവിച്ചതെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഇനിയെങ്കിലും കുട്ടികള്‍ക്കു മികച്ച പരിചരണം ഉറപ്പാക്കാന്‍ സഹായിക്കും. ഐശ്വര്യയുടെ കുടുംബത്തിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയതായി മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് സമഗ്രമായി വിലയിരുത്താന്‍ കുടുംബത്തിന് ഉചിതമായ സമയം നല്‍കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണ റിപ്പോര്‍ട്ട് വൈകിയതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിക്കു മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്നു. ഇതോടെയാണ് സംഭവത്തില്‍ അന്വേഷണം അടിയന്തരമായി പൂര്‍ത്തിയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.