നാല്‍പതിലധികം പേര്‍ക്ക് കോവിഡ്; ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തില്‍ പകുതി യാത്രക്കാര്‍ മാത്രം

നാല്‍പതിലധികം പേര്‍ക്ക് കോവിഡ്; ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തില്‍ പകുതി യാത്രക്കാര്‍ മാത്രം

കാന്‍ബറ: വിലക്കിനു ശേഷം ഇന്ത്യയില്‍നിന്ന് ഓസ്ട്രേലിയയിലേക്കു മടങ്ങാനിരുന്ന 150 ഓസ്ട്രേലിയന്‍ പൗരന്മാരില്‍ നാല്‍പതിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് യാത്ര മുടങ്ങി. ഇവരുമായി അടുത്ത ബന്ധമുള്ളവര്‍ക്കും യാത്ര ചെയ്യാനാവില്ല. ഇതോടെ ന്യൂഡല്‍ഹിയില്‍നിന്ന് ഇന്ന് അര്‍ധരാത്രി ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാരുടെ എണ്ണം പകുതിയോളമായി കുറഞ്ഞു. എഴുപതോളം പേര്‍ക്കാണ് യാത്ര മുടങ്ങിയത്.
കോവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ഒഴിഞ്ഞ സീറ്റുകളില്‍ പുതിയ യാത്രക്കാരെ നിറയ്ക്കാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ രണ്ടാഴ്ച്ചത്തെ വിലക്കിനു ശേഷമാണ് ഓസ്ട്രേലിയയിലേക്കുള്ള ആദ്യ വിമാനം നാളെ രാവിലെ നോര്‍ത്തേണ്‍ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാര്‍വിനില്‍ എത്തുന്നത്. വിമാനത്തില്‍ യാത്ര ചെയ്യാനിരുന്ന സണ്ണി ജൗറ കോവിഡ് പോസിറ്റീവായതിനെതുടര്‍ന്നു യാത്ര മുടങ്ങി. താന്‍ ആഴ്ചകളായി വീട്ടില്‍നിന്നു പുറത്തിറങ്ങിയിട്ടില്ലെന്നും കോവിഡിനെതിരേ എല്ലാ മുന്‍കരുതലും സ്വീകരിച്ചിരുന്നതായും സണ്ണി പറഞ്ഞു. ഹോട്ടലിലേക്കുള്ള യാത്രയിലോ അവിടെ ചെലവഴിച്ച സമയത്തോ ആണ് വൈറസ് ബാധിച്ചത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരായിരിക്കും ഉത്തരവാദിയെന്ന് സണ്ണി രൂക്ഷമായി വിമര്‍ശിച്ചു.

ഗുരുതരാവസ്ഥയിലായ പിതാവിനെ കാണാനാണ് കഴിഞ്ഞ മേയില്‍ സണ്ണി ഇന്ത്യയിലെത്തിയത്. അതിനുശേഷം നിരവധി വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ സൗകര്യം ഒരുക്കി യാത്രക്കാരുടെ എണ്ണം ഉയര്‍ത്തണമെന്ന് സണ്ണി ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റീവായ എന്നെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നല്ല ഇതിനര്‍ഥം. ഇതിനു മുന്‍പ് നിരവധി അവസരങ്ങളുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് എന്റെ ഫ്‌ളൈറ്റ് റദ്ദാക്കപ്പെടുന്നത്.

ഇന്ത്യയില്‍നിന്നു മടങ്ങുന്നവര്‍ പുറപ്പെടുന്നതിന് മുമ്പ് കോവിഡ് നെഗറ്റീവായ പിസിആര്‍ പരിശോധനാ ഫലവും റാപിഡ് ആന്റിജന്‍ പരിശോധനാ ഫലവും നല്‍കണം.

അതേസമയം, മടങ്ങിയെത്തുന്നവര്‍ ഡാര്‍വിനിലെ വിദൂര പ്രദേശമായ ഹോവാര്‍ഡ് സ്പ്രിംഗ്‌സിലെ ക്വാറന്റീന്‍ കേന്ദ്രമാക്കി മാറ്റിയ ഖനന ക്യാമ്പില്‍ രണ്ടാഴ്ചയോളം ചെലവഴിക്കേണ്ടിവരുമെന്ന് നോര്‍ത്തേണ്‍ ടെറിട്ടറി ആരോഗ്യവകുപ്പ് വക്താവ് പറഞ്ഞു. ഈ മാസം റോയല്‍ ഓസ്ട്രേലിയന്‍ എയര്‍ഫോഴ്‌സിന്റെ രണ്ട് വിമാനങ്ങള്‍ കൂടി ഇന്ത്യയില്‍നിന്ന് പൗരന്മാരെ നോര്‍ത്തേണ്‍ ടെറിട്ടറിയിലെത്തിക്കും. ജൂണ്‍ അവസാനത്തോടെ ആയിരത്തോളം പേരെ മടക്കിക്കൊണ്ടുവരാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. അടിയന്തര പ്രാധാന്യമുള്ളവര്‍ക്കും ദുര്‍ബലര്‍ക്കും മുന്‍ഗണന നല്‍കും.

ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്ട്രേലിയ ഏര്‍പ്പെടുത്തിയ വിലക്ക് അര്‍ധരാത്രി അവസാനിക്കുമെന്ന പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഇന്ത്യയുമായുള്ള ധാരണയില്‍ മാറ്റമില്ലെന്നും എല്ലാ കോവിഡ് മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചു വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

മുന്‍കൂട്ടി തീരുമാനിച്ച യാത്രകളില്‍ യാതൊരു വ്യത്യാസവും വരുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇരുരാജ്യങ്ങളിലെയും യാത്രക്കാര്‍ കോവിഡ് മാനദണ്ഡം പാലിക്കുമെന്ന് ഉറപ്പുണ്ടെന്നും മോറിസണ്‍ പ്രത്യാശ പ്രകടിപ്പിച്ചു. താല്‍ക്കാലികമായ വിലക്കിലൂടെ ഓസ്‌ട്രേലിയയില്‍ കോവിഡ് മൂന്നാം തരംഗമുണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിഞ്ഞു. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം തീവ്രമായതോടെ മേയ് മൂന്നിനാണ് എല്ലാ യാത്രാവിമാനങ്ങളെയും ഓസ്‌ട്രേലിയ വിലക്കിയത്. ഇന്ത്യയിലുള്ളവര്‍ ഓസ്ട്രേലിയയില്‍ പ്രവേശിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയ ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനം വിവാദമായിരുന്നു.

കോവിഡ് പ്രതിരോധത്തിന് ഇന്ത്യയെ സഹായിക്കാന്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി വിമാനം വെള്ളിയാഴ്ച സിഡ്‌നിയില്‍നിന്നു പുറപ്പെട്ടതായി പ്രധാനമന്ത്രി അറിയിച്ചു. 1056 വെന്റിലേറ്ററുകളും 60 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മറ്റ് അവശ്യവസ്തുക്കളുമാണ് ഇന്ത്യയിലേക്കയച്ചത്. കഴിഞ്ഞയാഴ്ച്ചയും ഓസ്ട്രേലിയ സഹായമെത്തിച്ചിരുന്നു.

വിദേശകാര്യ വാണിജ്യ വകുപ്പിന്റെ കണക്കനുസരിച്ച് നിലവില്‍ ഇന്ത്യയില്‍നിന്ന് 9000-ല്‍ അധികം ഓസ്‌ട്രേലിയന്‍ പൗരന്മാരാണ് തിരിച്ചുവരാന്‍ കാത്തിരിക്കുന്നത്. ഓസ്ട്രേലിയന്‍ പൗരന്മാരെ തിരികെകൊണ്ടുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.