ഓപ്പറേഷൻ റേഞ്ചർ; ഗുണ്ടാകേന്ദ്രങ്ങളില്‍ വ്യാപക പോലീസ് റെയ്ഡ്

ഓപ്പറേഷൻ റേഞ്ചർ; ഗുണ്ടാകേന്ദ്രങ്ങളില്‍ വ്യാപക പോലീസ് റെയ്ഡ്

തൃശ്ശൂർ: സംസ്ഥാനത്ത് കൊലപാതകങ്ങൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ ഓപ്പറേഷൻ റേഞ്ചർ നടപടികൾ കൂടുതൽ ശക്തമാക്കി കേരള പോലീസ്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഗുണ്ടാകേന്ദ്രങ്ങളില്‍ ഒരേസമയം പോലീസ് റെയ്ഡ് നടത്തി. ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് വരും മണിക്കൂറുകളിലും തുടരും.

ഡി ഐ ജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധനകൾ പുരോഗമിക്കുന്നത്. റെയ്ഡില്‍ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. കത്തി, കൊടുവാൾ, തോക്ക് തുടങ്ങി നിരവധി മാരകായുധങ്ങളും പോലീസ് ഇതിനോടകം പിടിച്ചെടുത്തു. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ വീടുകള്‍, ഒളിത്താവളങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.

തൃശ്ശൂരിലെ പരിശോധനക്ക് എ സി പിയും കമ്മീഷണറും ആണ് നേതൃത്വം കൊടുക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ വാളുകള്‍, കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തി. കുന്നംകുളത്ത് നിന്നും കഞ്ചാവും വീട്ടില്‍ വളര്‍ത്തിയിരുന്ന മരപ്പട്ടിയെയും പിടികൂടി.

പാലക്കാട് ജില്ലയിൽ 32 കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പ്രധാനമായും ഒറ്റപ്പാലം കേന്ദ്രീകരിച്ചാണ് വ്യാപക റെയ്ഡ് നടന്നത്. മലപ്പുറം ജില്ലയിലും പരിശോധന നടന്നു. പെരുമ്പടപ്പ്, തിരൂർ എന്നിവിടങ്ങളിൽ കൊലപാതക ശ്രമങ്ങളിൽ ഉൾപ്പെട്ട രണ്ട് പ്രതികളെയും കാടാമ്പുഴയിൽ അബ്കാരി കേസിലെ ഒരു പ്രതിയെയും അറസ്റ്റ് ചെയ്തു.

പൂർണ്ണമായും ഗുണ്ടാപ്രവർത്തനം അടിച്ചമത്തുന്നതിനുവേണ്ടി നടത്തുന്ന ഓപ്പറേഷൻ റേഞ്ചർ ഗുണ്ടാപ്രവർത്തനം അവസാനിക്കുന്നതുവരെ തുടരും എന്ന് ഡി ഐ ജി എസ് സുരേന്ദ്രൻ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.