അയര്‍ലന്‍ഡില്‍ ആരോഗ്യ മേഖലയെ നിശ്ചലമാക്കി സൈബര്‍ ആക്രമണം; ആശുപത്രി സേവനങ്ങള്‍ സ്തംഭിച്ചു

അയര്‍ലന്‍ഡില്‍ ആരോഗ്യ മേഖലയെ നിശ്ചലമാക്കി സൈബര്‍ ആക്രമണം; ആശുപത്രി സേവനങ്ങള്‍ സ്തംഭിച്ചു

ഡബ്‌ളിന്‍: അയര്‍ലന്‍ഡില്‍ ആരോഗ്യസേവന മേഖലയെ നിശ്ചലമാക്കി സൈബര്‍ ആക്രമണം. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ആരോഗ്യരംഗത്തെ ഐടി സംവിധാനങ്ങളെ പൂര്‍ണമായി സ്തംഭിപ്പിച്ച സൈബര്‍ ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയിയോടെയാണ് ആക്രമണം തുടങ്ങിയത്. ഇതോടെ മുന്‍കരുതലായി ഈ മേഖലയിലെ ഐ.ടി സേവനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

പല ആശുപത്രികള്‍ക്കും ക്ലിനിക്കുകള്‍ക്കും അവരുടെ കമ്പ്യൂട്ടറിലേക്കുള്ള ആക്‌സസ് നഷ്ടപ്പെട്ടതായി വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കമ്പ്യൂട്ടറുകള്‍ നിശ്ചലമായതോടെ രോഗികളുടെ വിവരങ്ങള്‍ ലഭ്യമല്ലാതായി. അപ്പോയ്‌മെന്റ്, ബുക്കിംഗ്, ഇമെയില്‍ സംവിധാനങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം തടസപ്പെട്ടു. ഔട്ട്്‌പേഷ്യന്റ് വിഭാഗം നിര്‍ത്തിവച്ചു. കാന്‍സര്‍, സ്‌ട്രോക്ക് ചികിത്സകള്‍, സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പ്രധാന സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

സൈബര്‍ ആക്രമണം മെഡിക്കല്‍ ഉപകരണങ്ങളെ ബാധിക്കാത്തതിനാല്‍ അടിയന്തര പ്രാധാന്യമുള്ള രോഗികളുടെ ചികിത്സയെ ബാധിച്ചില്ല. വാക്‌സിന്‍ വിതരണത്തെ ബാധിച്ചില്ലെങ്കിലും സൈബര്‍ ആക്രമണം അയര്‍ലണ്ടിലെ കോവിഡ് പ്രതിരോധ നടപടികളെ തടസപ്പെടുത്തിയതായി ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.

സൈബര്‍ ആക്രമണത്തിന്റെ ആഘാതം വിലയിരുത്താന്‍ കുറച്ചു ദിവസമെടുക്കുമെന്ന് അയര്‍ലന്‍ഡ് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അയര്‍ലണ്ടിലെ ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രവും പോലീസും അന്വേഷണം ആരംഭിച്ചു. ഇന്റര്‍പോളിന്റെ സഹായവും തേടി.

സൈബര്‍ ആക്രമണത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും മോചനദ്രവ്യം ലഭിക്കുമെന്നത് വ്യാമോഹമാണ്. സൈബര്‍ സുരക്ഷാ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ചാണ് പ്രശ്‌നം കൈകാര്യം ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിയന്തര സേവനങ്ങള്‍ ലഭ്യമാണെന്നും വാക്‌സിനേഷന്‍ തടസമില്ലാതെ തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആക്രമണം ചാരവൃത്തിയല്ലെന്നും രാജ്യത്തുനിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ സംഘത്തിന്റെ പ്രവര്‍ത്തനമാണെന്നും ഇ-കൊമേഴ്‌സ് സംസ്ഥാന മന്ത്രി ഓസിയന്‍ സ്മിത്ത് പറഞ്ഞു. കോണ്ടി റാന്‍സംവെയറുകളുടെ പുതിയ വകഭേദം ഉപയോഗിച്ചാണ് സൈബര്‍ ആക്രമണം. ഈ മാസം ആദ്യം യു.എസിലെ മുന്‍നിര ഇന്ധന പൈപ്പ്ലൈന്‍ ഓപ്പറേറ്ററായ 'കൊളോണിയല്‍' പൈപ്പ്ലൈന്‍ കമ്പനിയുടെ പ്രവര്‍ത്തനം സൈബറാക്രമണത്തെത്തുടര്‍ന്ന് പൂര്‍ണമായി തടസപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.