ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം ഗ്രാമങ്ങളിലും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഗ്രാമ തലത്തിലുള്ള നിരീക്ഷണം, കമ്യൂണിറ്റി ഹെല്‍ത്ത് ഓഫിസര്‍മാരുമായി ടെലി-കണ്‍സള്‍ട്ടേഷന്‍, ആന്റിജന്‍ പരിശോധനയ്ക്കുള്ള പരിശീലനം എന്നിവയടക്കമുള്ള കാര്യങ്ങളാണ് പുതിയ നിര്‍ദേശങ്ങളിലുള്ളത്.
കോവിഡ് കൈകാര്യം ചെയ്യുന്നതിന് ഈ മേഖലകളിലെ കമ്യൂണിറ്റി സേവനങ്ങളും പ്രാഥമിക ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. എല്ലാ ഗ്രാമങ്ങളിലും ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ആശ പ്രവര്‍ത്തകര്‍, വില്ലേജ് ഹെല്‍ത്ത് സാനിറ്റേഷന്‍ ആന്‍ഡ് ന്യൂട്രീഷന്‍ കമ്മിറ്റിയുടെ (വിഎച്ച്എസ്എന്‍സി) സഹായത്തോടെ സജീവ നിരീക്ഷണം നടത്തണം.
ടെലി കണ്‍സല്‍ട്ടേഷന്‍ വഴി രോഗലക്ഷണമുള്ള കേസുകള്‍ ഗ്രാമതലത്തില്‍ കണ്ടെത്താനാകും. മറ്റ് അസുഖങ്ങളുള്ളവര്‍, ഓക്‌സിജന്‍ നില കുറഞ്ഞവര്‍ എന്നിവരുണ്ടെങ്കില്‍ വിദഗ്ധ ചികിത്സാ കേന്ദ്രത്തില്‍ എത്തിക്കണം. രോഗ തീവ്രതയും കേസുകളുടെ എണ്ണവും നോക്കി ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാമിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി പരമാവധി സമ്പര്‍ക്കങ്ങള്‍ കണ്ടെത്തണം. ഓരോ ഗ്രാമത്തിനും ആവശ്യമായ എണ്ണം പള്‍സ് ഓക്‌സിമീറ്ററുകളും തെര്‍മോമീറ്ററുകളും കരുതണം.
സജീവമായ എല്ലാ കേസുകള്‍ക്കും ഹോം ഐസലേഷന്‍ കിറ്റ് നല്‍കണം. ഓരോ കിറ്റിലും പാരസെറ്റമോള്‍, ഐവര്‍മെക്റ്റിന്‍, ചുമയ്ക്കുള്ള സിറപ്പ്, മള്‍ട്ടി വിറ്റാമിനുകള്‍ എന്നിവയുണ്ടാകണം. എടുക്കേണ്ട മുന്‍കരുതലുകള്‍ സൂചിപ്പിക്കുന്ന ലഘുലേഖ, രോഗിയുടെ അവസ്ഥ നിരീക്ഷിക്കുന്നതിനുള്ള വിവരണം, പ്രധാന ലക്ഷണങ്ങള്‍ കാണിക്കുമ്പോഴോ ആരോഗ്യം മോശമാകുമ്പോഴോ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരുകള്‍ എന്നിവയും ഒപ്പമുണ്ടാകണം. ഹോം ഐസലേഷന്‍ കാലയളവിനുശേഷം മറ്റു പ്രശ്‌നങ്ങളില്ലെങ്കില്‍ പരിശോധന ആവശ്യമില്ലെന്നും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.