മലയാളി ബാലികയുടെ മരണം: ഓസ്‌ട്രേലിയന്‍ ആരോഗ്യമേഖലയില്‍ സമഗ്ര മാറ്റം; ആശുപത്രികളില്‍ ഐശ്വര്യ കെയര്‍ പദ്ധതി

മലയാളി ബാലികയുടെ മരണം:  ഓസ്‌ട്രേലിയന്‍ ആരോഗ്യമേഖലയില്‍ സമഗ്ര മാറ്റം; ആശുപത്രികളില്‍ ഐശ്വര്യ കെയര്‍ പദ്ധതി

പെര്‍ത്ത്: ചികിത്സ കിട്ടാതെ മരിച്ച മകളെക്കുറിച്ചുള്ള വേദനയിലും ഐശ്വര്യയുടെ മാതാപിതാക്കള്‍ക്ക് ഒരല്‍പം ആശ്വാസിക്കാം. മകള്‍ക്കുണ്ടായ അനുഭവം ഇനിയൊരു കുഞ്ഞിന് ഉണ്ടാകാതിരിക്കാന്‍ അവര്‍ നടത്തിയ പോരാട്ടത്തിന് മുന്നില്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ കണ്ണുതുറന്നു. നിരാഹാര സമരം ഉള്‍പ്പെടെ ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഈ മലയാളി ദമ്പതികള്‍ നടത്തിയ ശ്രദ്ധേയമായ പോരാട്ടത്തിലൂടെ ശിശുരോഗ ചികിത്സാ രംഗത്ത് സമഗ്ര അഴിച്ചുപണിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

സംസ്ഥാനത്തെ പീടിയാട്രിക് (ശിശുരോഗ ചികിത്സാ വിഭാഗം) സേവനമുള്ള എല്ലാ ആശുപത്രികളിലും ഐശ്വര്യ കെയര്‍ എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി റോജര്‍ കുക്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. സ്വന്തം ജീവന്‍ ബലി നല്‍കി ഈ ബാലിക ഏങ്ങനെ സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയിലാകെ പുതിയൊരു മാറ്റത്തിന് വഴിതെളിച്ചു എന്നത് വലിയ പ്രാധാന്യത്തോടെയാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.

ഞായറാഴ്ച്ച ഇറങ്ങിയ ദ സണ്‍ഡേ ടൈംസ് ദിനപത്രത്തില്‍ ഐശ്വര്യയുടെ മരണം സംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോള്‍ 

ഏപ്രില്‍ മൂന്നിന് പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രി ജീവനക്കാരുടെ വീഴ്ച്ച മൂലം ഏഴുവയസുകാരി ഐശ്വര്യ മരിച്ചത് സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ജീവനക്കാരുടെ അനാസ്ഥ സ്ഥിരീകരിച്ച ആരോഗ്യമന്ത്രി കുട്ടിയുടെ മാതാപിതാക്കളോട് പരസ്യമായി മാപ്പും ചോദിച്ചു. ഐശ്വര്യയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങള്‍ പരിശോധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള 11 ശിപാര്‍ശകളും നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിന്റെ ആദ്യപടിയായാണ് മാതാപിതാക്കളായ അശ്വത്തും പ്രസീതയുമായി കൂടിക്കാഴ്ച്ച നടത്തിയ ആരോഗ്യമന്ത്രി ഐശ്വര്യ കെയര്‍ പദ്ധതി പ്രഖ്യാപിച്ചത്. ആശുപത്രികളിലെത്തുന്ന മക്കളുടെ ആരോഗ്യം വിലയിരുത്തുന്നതില്‍ മാതാപിതാക്കളെ സജീവമായി പങ്കാളികളാക്കുന്ന പദ്ധതിയാണ് ഐശ്വര്യ കെയര്‍.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പീഡിയാട്രിക് സേവനമുള്ള എല്ലാ ആശുപത്രികളിലും ഐശ്വര്യ കെയര്‍ പദ്ധതി വ്യാപിപ്പിക്കും. മക്കളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കാന്‍ മാതാപിതാക്കള്‍ക്ക് അവകാശങ്ങള്‍ നല്‍കും. തന്റെ മകളുടെ പേരിലുള്ള പദ്ധതി മാതാപിതാക്കള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുമെന്നും ആശുപത്രികളില്‍ രോഗികള്‍ക്ക് കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കാമെന്നും അശ്വത് പ്രതികരിച്ചു.
.
ഞായറാഴ്ച്ച ഇറങ്ങിയ ദ സണ്‍ഡേ ടൈംസ് ദിനപത്രത്തില്‍, ഐശ്വര്യയുടെ മരണം ആരോഗ്യമേഖലയിലുണ്ടാക്കിയ ചലനത്തെക്കുറിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. മരണം സംബന്ധിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി റോജര്‍ കുക്കിന്റെ വിശദമായ അഭിമുഖവുമുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ആരോഗ്യമന്ത്രി മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.


ഐശ്വര്യയ്ക്കുണ്ടായ അനുഭവത്തോടെ, ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയിലേതെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന ചോദ്യവും ഉന്നയിക്കപ്പെട്ടു.

ആരോഗ്യരംഗത്ത് എല്ലായിടത്തും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് കാര്യം. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഇവിടുത്തെ ആരോഗ്യ സംവിധാനത്തില്‍ നിരാശ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അവളുടെ മരണത്തിന് കാരണമായ ഉത്തരങ്ങള്‍ ലഭിക്കുന്നതിനൊപ്പം ഈ അനുഭവത്തില്‍നിന്നു പാഠം പഠിക്കുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തുകയുമാണ് ആരോഗ്യമന്ത്രിയെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തമെന്ന് റോജര്‍ കുക്ക് പറയുന്നു.

ഏപ്രില്‍ മൂന്നിനാണ് കുട്ടിയെ കടുത്ത പനിയെത്തുടര്‍ന്ന് പെര്‍ത്ത് ചൈല്‍ഡ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. ചികിത്സ കിട്ടാനായി രണ്ടു മണിക്കൂറിലധികമാണ് കുടുംബം കാത്തിരുന്നത്. തുടര്‍ന്ന് സ്ഥിതി വഷളായി ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ വീഴ്ച്ച മൂലമാണ് മരണം സംഭവിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും ഓസ്ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തുവന്നു. ആശുപത്രിക്കു മുന്നില്‍ നിരാഹാര സമരം ഉള്‍പ്പെടെ നടത്തിയുള്ള മാതാപിതാക്കളുടെ സമരത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.