കൂട്ടംകൂടി ആഘോഷിച്ച് നേതാക്കള്‍; 'ലോ മേക്കര്‍ ഷുഡ് നോട്ട് ബീ ലോ ബ്രേക്കര്‍': മുന്നറിയിപ്പ് നല്‍കി ജനങ്ങള്‍

കൂട്ടംകൂടി ആഘോഷിച്ച് നേതാക്കള്‍;  'ലോ മേക്കര്‍ ഷുഡ് നോട്ട് ബീ ലോ ബ്രേക്കര്‍': മുന്നറിയിപ്പ് നല്‍കി ജനങ്ങള്‍

കൊച്ചി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി പൊതുജനത്തെ പൂട്ടിയ നേതാക്കള്‍ തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ കൂട്ടംകൂടി കേക്കു മുറിച്ച് ആഘോഷിച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് ആത്മാര്‍ത്ഥമായി സഹകരിക്കുന്ന ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ് പുതിയ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചയോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് നേതാക്കള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂട്ടംകൂടി നിന്ന് കേക്ക് മുറിച്ചതെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയിലെങ്ങും വ്യാപകമാണ്.

വരുന്ന 20 ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 750 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിനെതിരെയും വിമര്‍ശനമുയരുന്നുണ്ട്. 'നിയമം സാധാരണക്കാര്‍ക്ക് മാത്രമാണോ ബാധകം' എന്ന ചോദ്യമുന്നയിച്ച് സമൂഹ മാധ്യമങ്ങളില്‍ നിരവധി കമന്റുകളാണ് പോസ്റ്റ് ചെയ്യപ്പെടുന്നത്.

സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മെയിന്‍ റോഡുകളും ഇടറോഡുകളും പൊലീസ് അടച്ചതോടെ അത്യാവശ്യ ഘട്ടങ്ങളില്‍ പോലും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് ജനം. റോഡുകള്‍ അടച്ച സ്ഥലങ്ങളില്‍ പലയിടത്തും പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലെന്ന പരാതിയും വ്യാപകമാണ്.

കോവിഡ് പ്രതിരോധ നടപടികളെന്ന പേരില്‍ ഇട റോഡുകളടക്കം അടച്ച് പൊലീസുകാര്‍ സ്ഥലം വിട്ടതോടെ ജനങ്ങള്‍ പൂര്‍ണമായും ലോക്കായി. ആശുപത്രി കേസുകളോ എന്തെങ്കിലും അടിയന്തര ആവശ്യങ്ങളോ വന്നാല്‍ എങ്ങനെ പുറത്ത് പോകുമെന്ന അങ്കലാപ്പിലാണ് സാധാരണക്കാര്‍.

പൊലീസിനെതിരെ ശബ്ദമുയര്‍ത്തിയാല്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ദുരുപയോഗം ചെയ്തോ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പേരിലോ കേസെടുക്കുമെന്നതിനാല്‍ അടിയന്തിര ഘട്ടങ്ങളിലും ജനങ്ങള്‍ പ്രതികരിക്കുന്നില്ല. അടച്ച പല വഴികളിലും പൊലീസുകാരുടെ സാന്നിധ്യം ഇല്ലാത്തതാണ് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നത്.

കോവിഡ് എന്ന മഹാമാരിയെ ചെറുക്കാന്‍ ജനങ്ങള്‍ നിയന്ത്രണങ്ങളോട് സഹകരിക്കുമ്പോഴാണ് നേതാക്കളുടെ ഭാഗത്തു നിന്ന് ഗുരുതരമായ നിയമ ലംഘനമുണ്ടാകുന്നത്. 'ലോ മേക്കര്‍ ഷുഡ് നോട്ട് ബീ ലോ ബ്രേക്കര്‍' എന്ന പ്രസക്തമായ കമന്റും സോഷ്യല്‍ മീഡിയയില്‍ കണ്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.