തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ആരായിരിക്കണമെന്ന കാര്യത്തില്‍ അഭിപ്രായ രൂപീകരണത്തിന് കോണ്‍ഗ്രസിനകത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് പ്രതിനിധികളുടെ യോഗം. ഐ ഗ്രൂപ്പ് നേതാക്കളും പ്രത്യേക യോഗം ചേരുന്നുണ്ട്.
ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് ആരായിരിക്കണമെന്ന അഭിപ്രായം ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിക്കും. ഇക്കാര്യത്തില്‍ ഇന്ന് തന്നെ ഒരു തീരുമാനം ഉണ്ടാകാനുള്ള സാധ്യതയില്ല.
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മാറി നില്‍ക്കാമെന്ന് ആദ്യം നിലപാട് എടുത്തെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്ത് പെട്ടെന്ന് ഒരു മാറ്റത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല വിഭാഗത്തിന് ഇപ്പോഴുള്ളത്. സര്‍ക്കാനിനെതിരെ കഴിഞ്ഞ അഞ്ച് വര്‍ഷം നിര്‍ണായക നിലപാട് എടുത്ത രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരട്ടെ എന്നും അധികാര തലത്തില്‍ പാര്‍ട്ടിയിലാകെ മാറ്റം വരട്ടെ എന്നും വാദിക്കുന്നവര്‍ ഉണ്ടെങ്കിലും രമേശ് ചെന്നിത്തലയുടെ പേരില്‍ അഭിപ്രായ സമന്വയം ഇതുവരെ ഉണ്ടായിട്ടില്ല.
എ ഗ്രൂപ്പും ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. എ ഗ്രൂപ്പിന്റെ പിന്തുണ കിട്ടും എന്ന് തന്നെയാണ് രമേശ് ചെന്നിത്തല അവസാന നിമിഷം വരെയും കണക്ക് കൂട്ടുന്നതും. ഗ്രൂപ്പ് പ്രതിനിധിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേര് ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന് വന്നിരുന്നെങ്കിലും അന്തിമ പരിഗണനയില്‍ ഇല്ലെന്നാണ് വിവരം.
കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടി പിന്‍മാറിയതോടെയാണ് രമേശ് ചെന്നിത്തലക്ക് എളുപ്പം വഴിയൊരുങ്ങിയത്. മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ വി.ഡി സതീശന്റെ പേര് സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. ഗ്രൂപ്പിന് അതീതമായി ഒറ്റക്കൊറ്റക്ക് ഹൈക്കമാന്റ് പ്രതിനിധികള്‍ക്ക് മുന്നിലെത്തുമ്പോള്‍ എംഎല്‍എമാരുടെ പിന്തുണ കിട്ടിയേക്കുമെന്ന വിശ്വാസമാണ് വി.ഡി സതീശനുമുള്ളത്. അതേ സമയം മാറ്റം വേണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാടെങ്കില്‍ ചെന്നിത്തല മാറേണ്ടി വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.