സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ സിഖ് വംശജനായ സ്‌കൂള്‍ വിദ്യാര്‍ഥി കൃപാണ്‍ ഉപയോഗിച്ച് മറ്റൊരു കുട്ടിയെ കുത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ച സംഭവത്തെതുടര്‍ന്ന് കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സ്‌കൂളുകളില്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് നാളെ മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരുന്നത്. മത വിശ്വാസത്തിന്റെ പേരിലായാലും സ്‌കൂളുകളില്‍ ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങള്‍ വിദ്യാര്‍ഥികള്‍ കൊണ്ടുവരുന്നത് വിലക്കുന്നതാണ് പുതിയ ഉത്തരവ്. ഇതില്‍ സിഖ് വംശജര്‍ മതാചാരപ്രകാരം ഏപ്പോഴും ധരിക്കുന്ന ആയുധമായ കൃപാണും ഉള്‍പ്പെടുന്നു. സ്‌കൂളിലെ വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് നടപടി. അതേസമയം സര്‍ക്കാര്‍ ഉത്തരവില്‍ കടുത്ത പ്രതിഷേധവുമായി സിഖുകാര്‍ ഇന്നലെ ഗ്ലെന്‍വുഡില്‍ ഒത്തുകൂടി.
ഈ മാസം ആറിന് ഗ്ലെന്‍വുഡ് ഹൈസ്‌കൂളിലാണ് പതിനാറു വയസുകാരനെയാണ് സിഖ് വിദ്യാര്‍ഥി കൃപാണ്‍ ഉപയോഗിച്ച് കുത്തിയത്. ഗുരുതരമായ പരുക്കേറ്റ കുട്ടി ചികിത്സയിലാണ്. ഈ സംഭവത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തരമായി ഉത്തരവിറക്കിയത്. മതാചാരപ്രകാരമാണെങ്കിലും അല്ലെങ്കിലും ആയുധം സ്‌കൂളുകളില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സാറാ മിച്ചല്‍ പറഞ്ഞു. ഒരു വ്യക്തിക്ക് പൊതുസ്ഥലത്ത് ആയുധം കൊണ്ടു പോകാന്‍ അനുവദിക്കുന്ന നിയമം അവലോകനം ചെയ്യുമെന്നും മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നാളെ മുതല്‍ കത്തി സ്‌കൂളുകളില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്്. അറ്റോര്‍ണി ജനറല്‍ മാര്‍ക്ക് സ്പീക്ക്മാനുമായി ചേര്‍ന്ന്, ആയുധം കൊണ്ടുവരാന്‍ അനുവദിക്കുന്ന നിയമത്തിലെ പഴുതുകള്‍ അടയ്ക്കാന്‍ ശ്രമിക്കുമെന്നും മിഷേല്‍ പറഞ്ഞു. സിഖ് സമൂഹം ഈ തീരുമാനത്തിന്റെ ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും നേതാക്കളുമായി ഇന്നലെ സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ തീരുമാനത്തില്‍ സിഖ് നേതാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്. നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് തങ്ങളെ അറിയിച്ചില്ലെന്ന് സിഖ് സമുദായ നേതാക്കള്‍ കുറ്റപ്പെടുത്തി. ഓസ്ട്രേലിയയില്‍ 50 വര്‍ഷത്തിലേറെയായി സിഖുകാര്‍ യാതൊരു പ്രശ്‌നവുമില്ലാതെ കൃപാണുകള്‍ ധരിക്കുന്നുണ്ടെന്നു ടര്‍ബന്‍സ് 4 ഓസ്ട്രേലിയ പ്രസിഡന്റ് അമര്‍ സിംഗ് പറഞ്ഞു. കേവലം ഒരു സംഭവത്തിന്റെ പേരിലാണ് സിഖ് സമൂഹത്തെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തുടനീളം എല്ലാ ദിവസവും പബ്ബുകളില്‍ വഴക്ക് നടക്കുന്നുണ്ട്. അതിന്റെ പേരില്‍ സര്‍ക്കാര്‍ എല്ലാ പബ്ബുകളും അടച്ചിട്ടില്ലെന്നും സിംഗ് പരിഹസിച്ചു.
മതാചാരപ്രകാരമാണെങ്കിലും പൊതു സ്ഥലങ്ങളില്‍ ആയുധങ്ങള്‍ കൈവശം വയ്ക്കുന്നത് യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും നിയമപരമായ തര്‍ക്കവിഷയമായി നിലനില്‍ക്കുകയാണ്. ഇത്തരം വിശ്വാസങ്ങളെ വിലക്കുന്നത് അവകാശലംഘനമാണെന്നു കാനഡയിലെ സുപ്രീം കോടതി വിലയിരുത്തിയിരുന്നു. സീല്‍ ചെയ്തു സുരക്ഷിതമാക്കിയ കൃപാണുകള്‍ അവിടെ അനുവദനീയാണ്. അതേസമയം ഡെന്മാര്‍ക്കിലെ ഹൈക്കോടതി പൊതുസ്ഥലത്ത് ആയുധം കൊണ്ടുനടക്കാനുള്ള ന്യായീകരണമായി മതവിശ്വാസത്തെ പരിഗണിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26