മ്യാന്‍മര്‍: പട്ടാള ഭരണകൂടത്തിനെതിരേ കൂടുതല്‍ ഉപരോധവുമായി യു.എസും ബ്രിട്ടനും കാനഡയും

മ്യാന്‍മര്‍: പട്ടാള ഭരണകൂടത്തിനെതിരേ കൂടുതല്‍ ഉപരോധവുമായി യു.എസും ബ്രിട്ടനും കാനഡയും

യാങ്കൂണ്‍: മ്യാന്‍മറില്‍ പട്ടാള ഭരണകൂടത്തിനെതിരേ ഉപരോധം ഏര്‍പ്പെടുത്തി യു.എസും ബ്രിട്ടനും കാനഡയും. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സൈനിക ഭരണകൂടത്തിനുള്ള ശക്തമായ താക്കീതാണ് ഉപരോധം. ഫെബ്രുവരിയില്‍ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തതിനുശേഷമുള്ള ഏറ്റവും പുതിയ ശിക്ഷാനടപടിയാണിത്.

സൈന്യം നിയോഗിച്ച ഭരണാധികാരികളുടെ യു.എസിലെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെയുളള നിയന്ത്രണങ്ങളാണ് അമേരിക്ക നടപ്പാക്കുന്നത്. യു.എസ് പൗരന്‍മാരുമായുളള സാമ്പത്തിക ഇടപാടുകളും വിലക്കിയിട്ടുണ്ട്.

കാനഡയും സമാനമായ ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൈനിക നേതൃത്വവുമായി ബന്ധമുളള വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് കാനഡ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. ജനാധിപത്യവും രാജ്യത്തെ സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കാന്‍ പൊരുതുന്ന മ്യാന്‍മറിലെ ജനങ്ങള്‍ക്കൊപ്പമാണ് കാനഡയെന്നായിരുന്നു വിദേശകാര്യമന്ത്രി മാര്‍ക്ക് ഗാര്‍ണ്യൂയുടെ പ്രതികരണം. മ്യാന്‍മറിന് വ്യാപാര, വാണിജ്യ തിരിച്ചടി നല്‍കുന്ന ഉപരോധമാണ് ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയത്.

രാജ്യത്തെ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ഭരണകൂടത്തിനെ രാഷ്ട്രീയ സമ്മര്‍ദത്തിലാക്കുന്നതാണ് പുതിയ നിയന്ത്രണങ്ങളെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ചൂണ്ടിക്കാട്ടി. ജനഹിതമനുസരിച്ചുളള നടപടികള്‍ സ്വീകരിക്കണമെന്നാണ് യു.എസ് ആവശ്യപ്പെടുന്നതെന്നും ബ്ലിങ്കണ്‍ പറഞ്ഞു. മ്യാന്‍മറിലേക്കുളള ആയുധവില്‍പനയും സൈനിക സഹകരണവും അവസാനിപ്പിക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്നും യുഎസ് ആവശ്യപ്പെട്ടു.

പട്ടാളം ഭരണം പിടിച്ചെടുത്തതിനു പിന്നാലെ രാജ്യത്ത് ആരംഭിച്ച പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനുളള സൈനിക നടപടിയില്‍ 796 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് അനൗദ്യോഗിക കണക്കുകള്‍. പല ഘട്ടത്തിലും പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. നാലായിരത്തോളം പേരെ സൈനിക ഭരണകൂടം തടവിലാക്കുകയും ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.