മാഡ്രിഡ്: ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍നിന്നു കുട്ടികള്‍ ഉള്‍പ്പെടെ എണ്ണായിരത്തോളം അനധികൃത കുടിയേറ്റക്കാര്‍ രണ്ടു ദിവസത്തിനുള്ളില്‍ കടല്‍ മാര്‍ഗം സ്പെയിനിന്റെ അതിര്‍ത്തി കടന്നെത്തി. 24 മണിക്കൂറിനുള്ളില്‍ 5000 പേരാണ് എത്തിയത്. ഒരു ദിവസത്തില്‍ ഇത്രയും പേര്‍ അതിര്‍ത്തിയില്‍ ഒരുമിച്ചെത്തുന്നത് ഇതാദ്യമാണെന്നു സ്പാനിഷ് അധികൃതര്‍ അറിയിച്ചു.
ആഫ്രിക്കയുടെ വടക്കന്‍ തീരത്തുള്ള സ്പാനിഷ് സ്വയംഭരണപ്രദേശമായ സ്യൂട്ടയിലാണ് കുടിയേറ്റക്കാര്‍ വലിയ തോതില്‍ എത്തിയത്. ഇതിനകം സ്പാനിഷ് സൈന്യം പകുതിയോളം പേരെ തിരിച്ചയച്ചു. പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കടല്‍തീരത്ത് ബോര്‍ഡര്‍ പോലീസും സൈന്യവും ക്യാമ്പ് ചെയ്യുന്നുണ്ട്. കുടിയേറുന്നവരെ തിരിച്ചയക്കാന്‍ സൈന്യം ബാറ്റണ്‍ ഉപയോഗിക്കുകയും പുക ബോംബുകള്‍ എറിയുകയും ചെയ്തു.
അതേസമയം, അതിര്‍ത്തിയിലെ കുടിയേറ്റക്കാരെ പിരിച്ചുവിടാന്‍ തൊട്ടടുത്ത പട്ടണമായ ഫ്‌നിഡെക്കില്‍നിന്ന് മൊറോക്കന്‍ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു. മുസ്ലിം ഭൂരിപക്ഷ രാജ്യത്തുനിന്നുള്ള കുടിയേറ്റക്കാരുടെ വലിയ തോതിലുള്ള വരവ് 85,000 ജനസംഖ്യയുള്ള സ്പാനിഷ് നഗരമായ സ്യൂട്ടയില്‍ വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചിരിക്കുന്നത്.
വേലിയിറക്ക സമയത്ത് കടലിലൂടെ നടന്നും നീന്തിയും ഇരുരാജ്യങ്ങള്‍ക്കിടയിലെ അതിര്‍ത്തി വേലി ചാടിക്കടന്നുമാണ് കുടിയേറ്റക്കാര്‍ എത്തിയത്. ഇവരില്‍ ആയിരത്തി അഞ്ഞൂറോളം പേര്‍ കുട്ടികളാണ്. യാത്രയ്ക്കിടെ ഒരാള്‍ മുങ്ങിമരിച്ചു. നീന്തിയും മറ്റും അവശരായ കുടിയേറ്റക്കാര്‍ക്ക് സ്‌പെയിനിലെ റെഡ്‌ക്രോസ് സംഘം ആവശ്യമായ ശുശ്രൂഷ നല്‍കി. കുടിയേറ്റക്കാരെ പ്രദേശത്തെ ഒരു കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. റെക്കോര്‍ഡ് വരവ് കണക്കിലെടുത്ത് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച ആലോചിക്കാന്‍ സ്പാനിഷ് സര്‍ക്കാര്‍ അധികൃതര്‍ യോഗം ചേര്‍ന്നു.
പാരീസില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനിരുന്ന സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്യൂട്ടയലെ പ്രശ്‌നത്തെതുടര്‍ന്ന് യാത്ര റദ്ദാക്കി. പ്രദേശത്ത് സാധാരണ നില പുനഃ സ്ഥാപിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
ഏപ്രില്‍ അവസാന ആഴ്ച്ച നൂറോളം കുടിയേറ്റക്കാര്‍ 20 മുതല്‍ 30 വരെ ഗ്രൂപ്പുകളായി സ്യൂട്ടയില്‍ എത്തിയിരുന്നു. മിക്കവരെയും മൊറോക്കോയിലേക്കു നാടുകടത്തി. സ്‌പെയിനിലെ തുറമുഖ നഗരങ്ങളായ സ്യൂട്ടയും മെലില്ലയും യൂറോപ്യന്‍ യൂണിയന്റെ ആഫ്രിക്കയുമായുള്ള ഏക അതിര്‍ത്തിയാണ്. നാട്ടില്‍ പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന ആഫ്രിക്കക്കാര്‍ യൂറോപ്പില്‍ മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ചാണ് ഇവിടെയെത്തുന്നത്.
സ്‌പെയിനിന്റെ ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്ക് അനുസരിച്ച് ജനുവരി 1 നും മേയ് 15 നും ഇടയില്‍ 15, 475 കുടിയേറ്റക്കാര്‍ കരയിലൂടെയോ കടലിലൂടെയോ സ്യൂട്ടയിലെത്തിയിട്ടുണ്ട്. കുടിയേറ്റത്തിന്റെ തോത് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും സ്യൂട്ടയിലെ സ്പാനിഷ് സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.