തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രി സഭയിലെ മുഴുവന്‍ മന്ത്രിമാരുടെയും വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരം, വിജിലന്‍സ്, ഐ.ടി, പരിസ്ഥിതി തുടങ്ങിയ വകുപ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കൈകാര്യം ചെയ്യും. കെ.എന്‍ ബാലഗോപാല്‍ ധനമന്ത്രിയാകും. കെ.കെ ഷൈലജയുടെ പിന്‍ഗാമിയായി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് മന്ത്രിയാകും. വ്യവസായ വകുപ്പ് പി.രാജീവിന് ലഭിച്ചു.
ഇടത് മുന്നണി കണ്‍വീനര്‍ എ.വിജയരാഘവന്റെ ഭാര്യ പ്രൊഫ. ആര്‍.ബിന്ദുവാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി. എം.വി ഗോവിന്ദനാണ് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പുകളുടെ ചുമതല. വി.ശിവന്‍ കുട്ടി പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പുകളുടെ മന്ത്രിയാകും. പൊതുമരാമത്ത്, ടൂറിസം വകുപ്പുകള്‍ മുഹമ്മദ് റിയാസിന് ലഭിച്ചു.
ഫിഷറീസും സാംസ്‌കാരികവും സജി ചെറിയാന് ലഭിച്ചു. വി.എന്‍. വാസവനാണ് സഹകരണം, രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളുടെ ചുമതലക്കാരന്‍. ദേവസ്വം ബോര്‍ഡിന്റെയും പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമത്തിന്റെയും ചുമതല സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ കെ.രാധാകൃഷ്ണനാണ്. ജനാധിപത്യ കേരളാ കോണ്‍ഗ്രയിലെ ആന്റണി രാജുവാണ് ഗതാഗത മന്ത്രി.
വി.അബ്ദുള്‍ റഹ്മാന്‍ ന്യൂനപക്ഷ ക്ഷേമവും പ്രവാസി കാര്യവും കൈകാര്യം ചെയ്യും. അഹമ്മദ് ദേവര്‍കോവിലിനാണ് തുറമുഖ, പുരാവസ്തു വകുപ്പുകള്‍. സിപിഎമ്മിലെ എം.എം മണി കൈകാര്യം ചെയ്ത വൈദ്യുതി വകുപ്പ് ഇത്തവണ ഘടക കക്ഷിക്ക് നല്‍കി. ജെ.ഡി.എസിലെ കെ.കൃഷ്ണന്‍ കുട്ടിക്ക് വൈദ്യുതി വകുപ്പ് ലഭിച്ചു. കേരള കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിനാണ് പുതിയ ജലവിഭവ മന്ത്രി.
കഴിഞ്ഞ മന്ത്രി സഭയില്‍ ഗതാഗതം കൈകാര്യം ചെയ്ത എന്‍സിപി പ്രതിനിധി എ.കെ ശശീന്ദ്രന് ഇത്തവണ വനം, വന്യജീവി വകുപ്പ് ലഭിച്ചു. സിപിഐയില്‍ നിന്നുള്ള ജെ. ചിഞ്ചുറാണിക്കാണ് ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പുകളുടെ ചുമതല. സിപിഐയിലെ കെ. രാജനാണ് റവന്യൂ മന്ത്രി. സിപിഐയിലെ തന്നെ പി. പ്രസാദ് കൃഷിയും ജെ.ആര്‍. അനില്‍ സിവില്‍ സപ്ലൈസും കൈകാര്യം ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.