'ഒരാള്‍ക്ക് ഇളവ് കൊടുത്താല്‍ പലര്‍ക്കും കൊടുക്കേണ്ടിവരും'; കെ.കെ ഷൈലജയെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് പിണറായി

 'ഒരാള്‍ക്ക് ഇളവ് കൊടുത്താല്‍ പലര്‍ക്കും കൊടുക്കേണ്ടിവരും'; കെ.കെ ഷൈലജയെ ഒഴിവാക്കിയതിനെ ന്യായീകരിച്ച് പിണറായി


തിരുവനന്തപുരം: കെ.കെ ഷൈലജ ടീച്ചറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ക്ക് മാത്രം ഇളവ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി കൂട്ടായി എടുത്ത തീരുമാനമാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വിമര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള മതിപ്പ് പ്രകടിപ്പിച്ചു കൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങളാണ്. ആ അഭിപ്രായങ്ങളെല്ലാം മാനിക്കുന്നു. പുതിയ ആളുകള്‍ വരിക എന്നതാണ് തങ്ങളെടുത്ത സമീപനം. നേരത്തെ പ്രവര്‍ത്തിച്ചവര്‍ എല്ലാവരും ഒന്നിനൊന്ന് മികവ് കാട്ടിയവര്‍ ആയിരുന്നു. എന്നാല്‍ ആര്‍ക്കും ഇളവ് വേണ്ടെന്നാണ് തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'പൊതുവിലെടുത്ത തീരുനാനം ഇളവ് വേണ്ടെന്നാണ്. അങ്ങനെ ഇളവ് കൊടുത്താല്‍ ഒട്ടേറെപ്പേര്‍ക്ക് കൊടുക്കേണ്ടിവരും. ലോകം ശ്രദ്ധിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നുപോലും ഒഴിവാക്കി. അതൊന്നും അവരുടെ മികവ് മാനിക്കാതെയല്ല. പുതിയ ആളുകള്‍ക്ക് അവസരം നല്‍കുക എന്നാണ് സിപിഎം സ്വീകരിച്ച നിലപാട.് അത് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതായിരുന്നു കൂടുതല്‍ റിസ്‌ക്. പക്ഷേ പൊതുജനങ്ങള്‍ ആ നിലപാട് സ്വീകരിച്ചു. ഇതിലൊന്നും ദുരുദ്ദേശമല്ല. ഇക്കാര്യത്തിലും അത് തന്നെയാണ് നടന്നത്'- പിണറായി പറഞ്ഞു.

എല്ലാ പ്രവര്‍ത്തനങ്ങളും കൂട്ടായിട്ടാണ് നടക്കുന്നത്. മികവോടെ തന്നെ പ്രവര്‍ത്തനങ്ങള്‍ നടക്കും. ജനറല്‍ സെക്രട്ടറി നീരസം പ്രകടിപ്പിച്ചു എന്ന വാര്‍ത്തകളില്‍ വസ്തുതയില്ല. മുഖ്യമന്ത്രി എന്തുകൊണ്ടാണ് മാറാത്തത് എന്ന ചോദ്യത്തിന്, സാധാരണ ഗതിയില്‍ വരാവുന്ന വിമര്‍ശനമാണന്നും പക്ഷേ, പാര്‍ട്ടി അങ്ങനെയാണ് തീരുമാനിച്ചതെന്നുമായിരുന്നു മറുപടി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.