ലണ്ടന്‍: കോവിഡ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ശുശ്രൂഷിച്ച് കൈയടി നേടിയ നഴ്‌സ് രാജിവെച്ചു. ബ്രിട്ടീഷ് ആരോഗ്യവിഭാഗത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് ന്യൂസിലന്‍ഡുകാരിയായ ജെന്നി മക്ഗീയുടെ രാജി. കോവിഡ് രോഗബാധയെത്തുര്‍ന്ന് ഗുരുതരാവസ്ഥയിലായ ബോറിസ് ജോണ്‍സണെ കഴിഞ്ഞ വര്‍ഷമാണ് ജെന്നി ദിവസങ്ങളോളം ശുശ്രൂഷിച്ചത്. ഇവരുടെ സേവനം അന്നുതന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ കോവിഡ് മുന്നണിപ്പോരാളികളായ നഴ്‌സുമാരടക്കമുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യു.കെ ദേശീയ ഹെല്‍ത്ത് സര്‍വീസ് വേണ്ടത്ര പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.
മക്ഗീ ഉള്‍പ്പെടെ തീവ്രപരിചരണ വിഭാഗത്തിലെ രണ്ട് നഴ്‌സുമാരാണ് മധ്യ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ ബോറിസ് ജോണ്‍സണെ ദിവസങ്ങളോളം മാറിമാറി ശുശ്രൂഷിച്ചത്. കോവിഡ് മുക്തനായ പ്രധാനമന്ത്രി ആശുപത്രി വിടും മുന്‍പ് നഴ്‌സുമാരുടെ പേരെടുത്ത് പറഞ്ഞ് വീഡിയോ സന്ദേശത്തിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.
എന്നാല്‍ കോവിഡ് മുന്നണിപ്പോരാളികളായ ലണ്ടനിലെ നഴ്‌സുമാര്‍ക്ക് ദുരിതകാലത്ത് വേതനം ഉയര്‍ത്താത്തതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വെറും ഒരു ശതമാനം ശമ്പള വര്‍ധന മാത്രമാണ് അടുത്തയിടെ നടപ്പാക്കിയത്. ഈ നടപടിയില്‍ കൂടി പ്രതിഷേധിച്ചാണ് മക്ഗീയുടെ രാജി.
ജീവന്‍ പണയംവെച്ച് ഇത്രയൊക്കെ പണിയെടുത്തിട്ടും മാന്യമായ പരിഗണന കിട്ടുന്നില്ലെന്നും കാര്യമായ വേതന വര്‍ധനയില്ലെന്നും മക്ഗീ പ്രതികരിച്ചു. ഇതാണ് തന്റെ രാജിയിലേക്ക് വഴിവെച്ചതെന്ന് കോവിഡ് വ്യാപനത്തെക്കുറിച്ചുളള ചാനല്‍ 4 അഭിമുഖത്തിനിടെ അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ മഹാമാരിക്കാലം കടന്നുകിട്ടുക വലിയ ബുദ്ധിമുട്ടായിരുന്നു. നഴ്‌സുമാരടക്കമുളളവര്‍ സ്വന്തം ആരോഗ്യം പോലും നോക്കാതെ പണിയെടുത്താണ് രോഗത്തെ പിടിച്ചുകെട്ടിയത്. എന്നിട്ടും അവര്‍ക്കാര്‍ക്കും കാര്യമായ പരിഗണനയും പിന്തുണയും യു.കെ ദേശീയ ആരോഗ്യം വിഭാഗം നല്‍കാത്തതില്‍ പ്രതിഷേധമുണ്ട്.
മക്ഗീയുടെ രാജി ബ്രിട്ടനില്‍ പുതിയ രാഷ്ട്രീയ വിവാദത്തിനും തുടക്കമിട്ടിരിക്കുകയാണ്. ബോറിസ് ജോണ്‍സന്റെ ഭരണ പരാജയത്തിന്റെ പ്രതീകമായിട്ടാണ് പ്രതിപക്ഷം വിഷയത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. കോവിഡ് പോരാട്ടത്തില്‍ മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരോടുളള സര്‍ക്കാരിന്റെ സമീപനത്തിന്റെ പ്രതീകമാണ് നഴ്‌സിന്റെ രാജിയെന്ന് പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ കുറ്റപ്പെടുത്തി.
അതേസമയം, പ്രതിപക്ഷ ആരോപണത്തിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫീസ് ഇതേവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് കീഴില്‍ വരുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് മഹത്തായ സേവനം നല്‍കിയ നഴ്‌സുമാര്‍ അടക്കമുളളവരോട് രാജ്യത്തിന് എന്നും കടപ്പാടുണ്ടാകും.
ലണ്ടനിലെ ജോലി അവസാനിപ്പിച്ച് കരീബിയന്‍ ദ്വീപുകളിലേക്കാണ് ഇനി ജോലിക്കായി പോകുന്നതെന്ന് മക്ഗീ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.