തിരുവനന്തപുരം: സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പുതിയ മന്ത്രിസഭയില്‍, മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫുകളുടെ എണ്ണം 20 ആയി വെട്ടിച്ചുരുക്കാന്‍ ആലോചന. 30 പേരെ മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായി നിയമിക്കാമെങ്കിലും നിലവില്‍ 25 പേരാണ് ഓരോ മന്ത്രിമാരുടെയും പഴ്‌സനല്‍ സ്റ്റാഫിലുള്ളത്. ഇപ്പോഴുള്ള 25 ല്‍ നിന്നും അംഗങ്ങളുടെ എണ്ണം 20 ആയി കുറയ്ക്കാനാണ് ആലോചിക്കുന്നത്.
മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയതു പോലെ പഴ്‌സനല്‍ സ്റ്റാഫിലും പുതുമ കൊണ്ടു വരണമെന്നാണ് മുഖ്യമന്ത്രിയുടെ താല്‍പര്യമെന്നാണ് അറിയുന്നത്. അതിനാല്‍ കഴിഞ്ഞ മന്ത്രിസഭയില്‍ പഴ്‌സനല്‍ സ്റ്റാഫില്‍ അംഗങ്ങളായിരുന്നവര്‍ ഒഴിവാക്കപ്പെട്ടേക്കാം.
വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ മാനദണ്ഡമാക്കി മാത്രമേ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിക്കാവൂവെന്നാണ് സിപിഎം, സിപിഐ ഉള്‍പ്പെടെയുള്ള പ്രമുഖ പാര്‍ട്ടികളുടെ അഭിപ്രായം. 55-60 വയസില്‍ താഴെയുള്ളവരെ മാത്രം, പഴ്‌സനല്‍ സ്റ്റാഫില്‍ നിയമിച്ചാല്‍ മതിയെന്നും എസ്എസ്എല്‍സിയില്‍ താഴെ വിദ്യഭ്യാസ യോഗ്യതയുള്ളവരെ പഴ്‌സനല്‍ സ്റ്റാഫില്‍ നിയമിക്കരുതെന്നും അഭിപ്രായമുണ്ട്.
പഴ്‌സനല്‍ സ്റ്റാഫില്‍ നിയമിക്കപ്പെടുന്നവരുടെ പശ്ചാത്തലം വിശദമായി പരിശോധിക്കണമെന്നും വിവാദങ്ങള്‍ക്കിട നല്‍കരുതെന്നും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരത്തോടെയാണ് സിപിഎം മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിനെ നിയമിക്കുക. സിപിഐ ജില്ലാ കൗണ്‍സിലുകള്‍ നല്‍കുന്ന പട്ടിക പരിശോധിച്ചാണ് സിപിഐ നേതൃത്വം പഴ്‌സനല്‍ സ്റ്റാഫുകളെ തീരുമാനിക്കുക. സര്‍വീസ് സംഘടനകളുടെ അഭിപ്രായവും ഇതില്‍ നിര്‍ണായകമാണ്.
മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായതോടെ മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫില്‍ കയറിപ്പറ്റാന്‍ ഇടി തുടങ്ങി. ജില്ലാ നേതൃത്വങ്ങളുടെ ശുപാര്‍ശക്കത്തുമായി സംസ്ഥാന നേതാക്കളെ സമീപിക്കുന്ന തിരക്കിലാണ് പലരും. സര്‍ക്കാര്‍ ഉത്തരവു പ്രകാരം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും 30 പഴ്‌സനല്‍ സ്റ്റാഫിനെ വരെ നിയമിക്കാം. വിരമിക്കുമ്പോള്‍ ഇവര്‍ക്കു പെന്‍ഷന്‍ ലഭിക്കും. കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിലെ അംഗങ്ങളുടെ എണ്ണം 37 ആയിരുന്നു. മന്ത്രിമാര്‍ക്ക് 25 പേരും.
പഴ്‌സനല്‍ സ്റ്റാഫില്‍ 30നു പകരം 25 പേരെയേ നിയമിക്കൂ എന്നു കഴിഞ്ഞ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനമെടുത്തെങ്കിലും ഇഷ്ടക്കാര്‍ക്കു വേണ്ടി, മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫില്‍ 37 പേരെ നിയമിക്കുകയായിരുന്നു. എണ്ണം വര്‍ധിപ്പിക്കുന്നതിന് മന്ത്രിസഭ ചട്ടം ഭേദഗതി ചെയ്ത ശേഷമായിരുന്നു നിയമനം. ധനവകുപ്പിന്റെ അഭിപ്രായം അവഗണിച്ചാണ് മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫിലെ എണ്ണം കൂട്ടിയത്.
പഴ്‌സനല്‍ സ്റ്റാഫായി രണ്ടു വര്‍ഷം സേവനം അനുഷ്ഠിച്ചാല്‍ പെന്‍ഷന്‍ കിട്ടും. ഇക്കാരണത്താല്‍ ഒരാള്‍ ഒഴിയുന്ന തസ്തികയില്‍ പുതിയ ആളെ നിയമിച്ച് രണ്ടു പേര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ വേണ്ടി, കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് 25 പേരാണ് രാജി വെച്ചൊഴിഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.