മറഡോണയുടെ മരണത്തിന് കാരണം ഡോക്ടര്‍മാര്‍മാരുടെ അനാസ്ഥ; എട്ടു മുതല്‍ 25 വര്‍ഷം വരെ തടവുശിക്ഷയ്ക്ക് സാധ്യത

മറഡോണയുടെ മരണത്തിന് കാരണം ഡോക്ടര്‍മാര്‍മാരുടെ അനാസ്ഥ; എട്ടു മുതല്‍ 25 വര്‍ഷം വരെ തടവുശിക്ഷയ്ക്ക് സാധ്യത

ബ്യൂണസ് ഐറിസ് (അര്‍ജന്റീന): ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരേ ആസൂത്രിത കൊലക്കുറ്റത്തിനു കേസ്. മറഡോണയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തിയ മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

മറഡോണയ്ക്ക് അവസാന നിമിഷങ്ങളില്‍ മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്നും മരണത്തിനു മുമ്പ് 12 മണിക്കൂറോളം അതിതീവ്രമായ വേദന അനുഭവിച്ചുവെന്നും ആ സമയം ശരിയായ ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ക്കു കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യസമയത്ത് ചികിത്സ നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മറഡോണയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതു കണക്കിലെടുത്താണ് ഗുരുതരമായ കൃത്യവിലോപത്തിനും അനാസ്ഥയ്ക്കും ചികിത്സാ പിഴവിനും കേസെടുത്തത്.

കുടുംബ ഡോക്ടര്‍ ലിയോപോള്‍ഡോ ല്യൂക്ക്, സൈക്യാട്രിസ്റ്റുമാരായ അഗുസ്റ്റിനോ കോസാചോവ്, കാര്‍ലോസ് ഡയസ് എന്നിവര്‍ക്കെതിരേയാണ് കേസ്. കുറ്റക്കാരെന്നു തെളിഞ്ഞാല്‍ ഇവര്‍ക്ക് എട്ടു മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

ജീവിതത്തിന്റെ അവസാന മാസങ്ങളില്‍ മറഡോണ മദ്യം, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് മെഡിക്കല്‍ ടീമിന് അറിയാമായിരുന്നു. ജീവന്‍ അപകടത്തിലാണെന്നതിന്റെ ലക്ഷണങ്ങള്‍ ഡോക്ടര്‍മാര്‍ അവഗണിച്ചതായും മരണത്തിനു മുന്‍പുള്ള അവസാന ആഴ്ചകളില്‍ പരിചരണത്തില്‍ ഈ കുറവ് അനുഭവപ്പെട്ടതായും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.

മറഡോണയുടെ മരണത്തില്‍ സംശയം രേഖപ്പെടുത്തി മക്കളും മറ്റ് കുടുംബാംഗങ്ങളും രംഗത്തു വന്നതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ചത്. നാലു മാസത്തെ അന്വേഷണത്തിനു ശേഷം കഴിഞ്ഞ മാസമാണ് ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മറഡോണയുടെ മരണം സംഭവിക്കുന്നത്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് താരത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനു ശേഷം താരത്തെ വീട്ടിലേക്കയച്ചിരുന്നു. പിന്നീട് മതിയായ ജാഗ്രത ഡോക്ടര്‍മാര്‍ പുലര്‍ത്തിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.