ലൂക്കാ 2:52 യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നുവന്നു.
യേശുവിനു പന്ത്രണ്ട് വയസായിരിക്കുമ്പോൾ, ജെറുസലേം ദേവാലയത്തിൽ വച്ച് കാണാതെപോയി, മൂന്നാം നാൾ കണ്ടുകിട്ടിയതിനു ശേഷം നസ്രത്തിൽ വന്ന്, മാതാപിതാക്കൾക്ക് വിധേയനായി ജീവിച്ചു എന്ന് വചനത്തിൽ നാം വായിക്കുന്നു. ഈ പന്ത്രണ്ട് വയസിനു ശേഷം യേശുവിനെ നാം കാണുന്നത് മുപ്പതാം വയസിൽ തന്റെ പരസ്യജീവിതം ആരംഭിക്കുമ്പോൾ ആണ്. ഇതിനിടയിലുള്ള ആ പതിനെട്ട് വർഷത്തെ, യേശുവിന്റെ ജീവിതത്തിലേക്ക് വിരൽചൂണ്ടുന്ന ഏക വചനഭാഗമാണ് മുകളിൽ പറഞ്ഞിരിക്കുന്നത്.
തനിക്ക് നേരിടുവാൻ പോകുന്ന അപമാനങ്ങളെക്കാളും സഹനത്തെക്കാളും അപ്പുറം, ദൈവത്തെയും അവിടുത്തെ വചനത്തെയും സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്ത, ദൈവകൃപ ലഭിച്ച മറിയം. കർത്താവിന്റെ ദൂതന്റെ വാക്കുകൾ അനുസരിച്ച് പരിശുദ്ധാത്മാവിനാൽ ഗർഭിണിയായ മറിയത്തെ സ്വീകരിച്ച, നീതിമാനായ ജോസഫ്. ദൈവപിതാവിന്റെ ഹിതം നിറവേറ്റാൻ കുരിശോളം അനുസരണയുള്ളവനായിതീർന്ന, യേശു. നസ്രത്തിലെ മനോഹരമായ തിരുകുടുംബത്തെയാണ് നാം ഇവിടെ കാണുന്നത്.
കുടുംബങ്ങളിൽ സന്തോഷവും ഐക്യവും ഉണ്ടാകുവാൻ, കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും പൗലോസ് ശ്ലീഹ നൽകുന്ന ഉപദേശം ഇപ്രകാരമാണ്,
ഭാര്യമാരെ നിങ്ങൾ കർത്താവിനു എന്നപോലെ ഭർത്താക്കന്മാർക്ക് വിധേയരായിരിക്കുവിൻ (എഫെ 5:22).
ഭർത്താക്കന്മാരേ, ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാൻ വേണ്ടി തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തതുപോലെ നിങ്ങൾ ഭാര്യമാരെ സ്നേഹിക്കണം (എഫെ 5:25)
പിതാക്കന്മാരേ, നിങ്ങൾ കുട്ടികളിൽ കോപം ഉളവാക്കരുത്. അവരെ കർത്താവിന്റെ ശിക്ഷണത്തിലും ഉപദേശത്തിലും വളർത്തുവിൻ (എഫെ 6:4)
കുട്ടികളേ, കർത്താവിൽ നിങ്ങൾ മാതാപിതാക്കന്മാരെ അനുസരിക്കുവിൻ . അതുന്യായയുക്തമാണ്. നിങ്ങൾക്ക് നന്മ കൈവരുന്നതിനും ഭൂമിയിൽ ദീർഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക. (എഫേ 6:1-2).
ഓരോ കുടുംബവും നസ്രത്തിലെ കുടുംബം പോലെ പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ട് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ഒരു കുടുംബമായിത്തീരുവാൻ പ്രാർത്ഥിക്കുകയും, അത് അനുസരിച്ച് നമ്മുടെ ജീവിതങ്ങളെ ക്രമപ്പെടുത്തുകയും ചെയ്യാം. ഞാനും എന്റെ കുടുംബവും കർത്താവിനെ സേവിക്കും (ജോഷ്വാ 24:15) എന്ന് ജോഷ്വായെ പോലെ നമുക്കും തീരുമാനമെടുക്കാം.
പരിശുദ്ധ അമ്മയോട് ചേർന്ന് സെഹിയോൻ മാളികയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ശ്ലീഹന്മാരുടെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങി വന്ന ദിവസമാണിന്ന്, പിതാവായ ദൈവത്തിന്റെ കൃപയാൽ, ക്രിസ്തു എന്ന അടിസ്ഥാനത്തിൻമേൽ, പരിശുദ്ധാത്മാവാൽ പണിയപ്പെട്ട. വിശുദ്ധന്മാരുടെ സൽപ്രവൃത്തികളാൽ അലങ്കരിക്കപ്പെട്ട സഭ ഉദ്ഘാടനം ചെയ്യപ്പെട്ട പുണ്യദിനം. ഏവർക്കും പന്തക്കുസ്താദിനത്തിന്റെ ആശംസകൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.