തിരുവനന്തപുരം: വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് വാക്സിന്‍ ലഭ്യമാകുന്നില്ലെന്ന പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടന്നും അതിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് ജോലിയുള്ള പ്രവാസികള്‍ക്ക് രണ്ടാം ഡോസ് നല്‍കാനുള്ള സൗകര്യമൊരുക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് ലഭിക്കാതെ തിരിച്ചുപോകേണ്ടി വരുന്ന പ്രവാസികളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കും. കോവിഷീല്‍ഡ് വാക്‌സിനാണ് വിദേശത്ത് അംഗീകരിച്ചത്. കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം മാത്രമേ നല്‍കാവൂ എന്നാണ് ഇപ്പോഴുള്ള ഉത്തരവ്.
എണ്‍പത്തിനാല് ദിവസത്തിനുള്ളിലാണ് വിദേശത്തേക്ക് മടങ്ങിപ്പോകേണ്ടതെങ്കില്‍ രണ്ടാം ഡോസ് ലഭിക്കാത്തതിന്റെ ഫലമായി ജോലി നഷ്ടപ്പെട്ടുവെന്ന് വരാം. അത്തരം നിരവധി കേസുകള്‍ ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് ജോലിയുള്ളവര്‍ക്ക് രണ്ടാം ഡോസ് നല്‍കാനുള്ള സൗകര്യമൊരുക്കാന്‍ തീരുമാനിച്ചു. 84 ദിവസത്തില്‍ ഇളവ് അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ ഉപയോഗിക്കുന്ന കോവാക്സിന് വിദേശ അംഗീകാരമില്ല. കേരളത്തെ കൂടി ബാധിക്കുന്ന പ്രശ്നമായതിനാല്‍ അംഗീകാരം പെട്ടന്ന് ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ബാങ്ക് ജീവനക്കാരെ വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതും ആലോചിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ ലോക്ക്ഡൗണ്‍ സഹായകമായി. ആശുപത്രികളിലെ തിരക്ക് കുറയുന്നതിനും മരണസംഖ്യയില്‍ കുറവുണ്ടാകുന്നതിനും രണ്ടു മൂന്ന് ആഴ്ചകള്‍ക്കൂടി വേണ്ടിവരും. പത്ത് ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് രോഗികളില്‍ 91 ശതമാനം ആളുകളെ വീടുകളിലും ഒമ്പത് ശതമാനം ആളുകളെ ആശുപത്രികളിലുമാണ് ചികിത്സിച്ചിരുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിക്കുന്നവരുടെ എണ്ണം 14 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
ആശുപത്രികളിലെ തിരക്ക് ഇനിയും കുറഞ്ഞിട്ടില്ല. അതിന് ഇനിയും രണ്ടുമൂന്ന് ആഴ്ചകള്‍ വേണ്ടിവരും. മരണ സംഖ്യ കുറയുന്നതിനും അത്രയും സമയം വേണ്ടിവന്നേക്കാം. മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒമ്പത് ദിവസം പിന്നിട്ടെങ്കിലും സര്‍ക്കാര്‍ നടത്തുന്ന തീവ്രശ്രമങ്ങള്‍ക്ക് അനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ല. മലപ്പുറത്ത് കൂടുതലും രോഗം പകരുന്നത് വീടുകളില്‍നിന്നു തന്നെയാണ്. കൂട്ടുകുടുംബങ്ങള്‍ ഉള്ളത് ഇതിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.