ന്യൂഡല്‍ഹി: റഷ്യന്‍ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് വിയുടെ ഉല്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ഡല്‍ഹി ആസ്ഥാനമായുള്ള പനാസിയ ബയോടെക്ക് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി സഹകരിച്ചാണ് ഉല്‍പ്പാദനത്തിന് തുടക്കമിട്ടത്. പ്രതിവര്‍ഷം 10 കോടി വാക്‌സിന്‍ ഡോസുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യം.
കോവാക്‌സിനും കോവിഷീല്‍ഡിനും പിന്നാലെ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച മൂന്നാമത്തെ വാക്‌സിനാണ് റഷ്യയുടെ സ്പുട്‌നിക്. ഏപ്രില്‍ 12നാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്.
പനാസിയ ബയോടെക്കിന്റെ ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ ആദ്യ ബാച്ച് റഷ്യയിലേക്ക് അയക്കും. സ്പുട്‌നിക് വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ഗാമലിയയിലെ ലാബില്‍ ഗുണമേന്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായാണ് റഷ്യയിലേക്ക് അയക്കുക. ലോകാരോഗ്യ സംഘടനയുടെ ഗുണമേന്മ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഫാക്ടറി സംവിധാനമാണ് പനാസിയ ബയോടെക്കില്‍ ഉള്ളതെന്ന് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പ്രസ്താവനയില്‍ പറയുന്നു.
പനാസിയ ബയോടെക്കിന്റെ പങ്കാളിത്തത്തോടെ വാക്സിന്‍ ഉല്പാദനം ഇന്ത്യയില്‍ ആരംഭിക്കുന്നത് രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പോരാട്ടത്തെ സഹായിക്കുന്നതിന്റെ സുപ്രധാന ചുവടുവയ്പ്പാണ്. കോവിഡ് വ്യാപനത്തെ മറികടക്കാനുളള ഇന്ത്യന്‍ അധികൃതരുടെ ശ്രമങ്ങള്‍ക്ക് കരുത്തുപകരാനും വേഗത്തിലാക്കാനും ഇത് സഹായിക്കും. ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് പിന്നീട് വാക്സിന്‍ കയറ്റുമതി ചെയ്യുമെന്നും ആര്‍ഡിഐഎഫ് സിഇഒ കിരില്‍ ദിമിത്രിയേവ് പറഞ്ഞു.
ഡോ.റെഡ്ഡീസില്‍ നടന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 12-നാണ് സ്പുട്നിക് വിയുടെ അടിയന്തര ഉപയോഗത്തിന് രാജ്യം അനുമതി നല്‍കുന്നത്. ഇന്ത്യയിലെ വാക്സിന്റെ ബ്രാന്‍ഡ് കസ്റ്റോഡിയനായ ഡോ.റെഡ്ഡീസ് ഉള്‍പ്പടെ അഞ്ച് ഇന്ത്യന്‍ കമ്പനികളുമായി ആര്‍ഡിഐഫ് കരാര്‍ ഉണ്ടാക്കിയിരുന്നത്.
വര്‍ഷാവസാനമാകുന്നതോടെ 850 മില്യണ്‍ ഡോസ് വാക്സിന്‍ ഉല്പാദനം ലക്ഷ്യമിട്ടുകൊണ്ടായിരുന്നു കരാര്‍.
ഡോ. റെഡ്ഡി ലബോറട്ടറി ഇറക്കുമതി ചെയ്ത വാക്സിനാണ് ഇപ്പോള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.