യാസ് ചുഴലിക്കാറ്റ് ഉച്ചയോടെ ഒഡീഷയില്‍ കരതൊടും: കനത്ത ജാഗ്രത; കേരളത്തില്‍ മഴ കനക്കും

യാസ് ചുഴലിക്കാറ്റ് ഉച്ചയോടെ ഒഡീഷയില്‍ കരതൊടും: കനത്ത ജാഗ്രത; കേരളത്തില്‍  മഴ കനക്കും

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം യാസ് ചുഴലിക്കാറ്റായി മാറി ഇന്ന് രാവിലെ പത്തിനും പതിനൊന്നിനുമിടയില്‍ ഒഡിഷ തീരത്തെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഒഡിഷ തീരത്ത് ദമ്ര പോര്‍ട്ടിനും പാരദ്വീപിനും സാഗര്‍ ദ്വീപിനും ഇടയില്‍ ദമ്ര - ബാലസോര്‍ സമീപത്തു കൂടി കടന്ന് ഭദ്രക് ജില്ലയിലാണ് യാസ് കര തൊടുന്നത്.

അതിതീവ്ര ചുഴലിക്കാറ്റ് എന്ന വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന യാസ് മണിക്കൂറില്‍ 290 കിലോമീറ്റര്‍വരെ വേഗം കൈവരിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. അതിനാല്‍, ഒഡിഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളുടെ തീരമേഖലകളില്‍ നിന്ന് പതിനൊന്നുലക്ഷത്തിലേറെ ആളുകളെ ആടിയന്തിരമായി ഒഴിപ്പിച്ചു.

പശ്ചിമബംഗാളില്‍ ഒമ്പതുലക്ഷം പേരെയും ഒഡിഷയില്‍ രണ്ടുലക്ഷം പേരെയുമാണ് സുരക്ഷിത സ്ഥാനങ്ങളിലേക്കുമാറ്റിയത്. ആന്ധ്രാപ്രദേശിലെ തീരജില്ലകളായ വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നവിടങ്ങളില്‍ അതിജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി നിര്‍ദേശം നല്‍കി.

ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും കനത്ത മഴയും കാറ്റുമാണ്. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബീഹാര്‍, ഝാര്‍ഖണ്ഡ്, അസം, സിക്കിം, മേഘാലയ സംസ്ഥാനങ്ങളിലും മഴ ലഭിക്കും. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ വന്‍ നാശനഷ്ടമാണ് കനത്ത കാറ്റിലുണ്ടായത്. 40 വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. മരങ്ങള്‍ കടപുഴകി, വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി. രണ്ട് പേര്‍ മിന്നലേറ്റ് മരിച്ചു.

ഇന്ന് രാവിലെ എട്ടര മുതല്‍ രാത്രി 7.45 വരെ കൊല്‍ക്കത്ത എയര്‍പോര്‍ട്ട് പൂര്‍ണ്ണമായി അടച്ചിടും. അടിയന്തര സാഹചര്യം നേരിടാന്‍ കര, നാവിക വ്യോമ സേനകളും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി രംഗത്തുണ്ട്. മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്ന് നാവിക സേന അറിയിച്ചു.

കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്ന ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം മാലദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലേക്ക് മുന്നേറിയിട്ടുണ്ട്. 31 ന് മുമ്പുതന്നെ കേരളത്തില്‍ കാലവര്‍ഷമെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.