ഹോങ്കോങ്: ലോകം മുഴുവന്‍ കോവിഡ് വാക്‌സിനായി പരക്കം പായുന്നതിനിടെ ഹോങ്കോങ്ങില്‍ നേരെ മറിച്ചാണ് കാര്യങ്ങള്‍. വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ എത്താത്തതിനാല്‍ കാലാവധി കഴിയാറായ വാക്‌സിനുകള്‍ നശിപ്പിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.
ചൈനീസ് നിയന്ത്രണത്തിലുളള ഹോങ്കോങ്ങില്‍ കഴിഞ്ഞ ഫെബ്രുവരി മുതലാണ് വാക്‌സിനേഷന്‍ തുടങ്ങിയത്. രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കു വേണ്ടിയും വാക്‌സിന്‍ സംഭരിച്ചിരുന്നു. ഏഴര മില്യണ്‍ ജനസംഖ്യയുള്ള നഗരത്തിലെ ഭൂരിഭാഗം പേരും വാക്‌സിനായി എത്തുമെന്നായിരുന്നു കരുതിയത്. പ്രത്യേകിച്ചും ടൂറിസം - വാണിജ്യ ആവശ്യങ്ങള്‍ക്കായി ലോകമെങ്ങുമുള്ള ആളുകള്‍ വരികയും പോവുകയും ചെയ്യുന്ന നഗരത്തില്‍ മുന്‍കരുതലിന് ഏറെ പ്രാധാന്യമുണ്ട്. പക്ഷേ പ്രതീക്ഷിച്ചതു പോലെയല്ല കാര്യങ്ങള്‍ സംഭവിച്ചത്. 2.1 മില്യണ്‍ ആളുകള്‍ മാത്രമാണ് ഇതേവരെ വാക്‌സിന്‍ സ്വീകരിച്ചത്.
ഇന്ത്യയിലേതു പോലെ വാക്‌സിന്‍ തേടി ആളുകള്‍ വന്നില്ല. കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ എടുക്കുന്ന കാര്യത്തിലുള്ള ഹോങ്കോങുകാരുടെ താല്‍പര്യക്കുറവാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ചൈനയില്‍നിന്ന് മഹാമാരിയായി പടര്‍ന്നു കയറിയ രോഗം ഹോങ്കോങ്ങില്‍ വലിയ വ്യാപനമുണ്ടാക്കിയില്ല. മാത്രവുമല്ല വാക്‌സിന്‍ സംബന്ധിച്ച് നിരവധി കെട്ടുകഥകളാണ് രാജ്യത്ത് പ്രചരിച്ചത്. ഇതിനിടെ വാക്‌സിന്‍ സൂക്ഷിച്ചിരുന്ന പാക്കറ്റിന്റെ സീല്‍ പൊട്ടിയതിനെത്തുടര്‍ന്ന് ഉപയോഗശൂന്യമായ വാക്‌സിന്‍ 1,50,000 പേരില്‍ കുത്തിവച്ചതായും കണ്ടെത്തി. ഇതെല്ലാം വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ നിന്ന് ജനങ്ങളെ വിലക്കി എന്നാണ് കരുതുന്നത്.
നിലവില്‍ സാഹചര്യത്തിനെതിരേ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കു വേണ്ടിയും വാക്‌സിന്‍ സംഭരിച്ചതാണ്. മൂന്നു മാസത്തില്‍ കൂടുതല്‍ സൂക്ഷിക്കാനാകില്ല. ഉപയോഗിക്കാതെ ഉപേക്ഷിക്കേണ്ടി വരുന്നത് വലിയ ചതിയാണ്. പ്രത്യേകിച്ചും ലോക രാജ്യങ്ങള്‍ വാക്‌സിനായി നെട്ടോട്ടമോടുമ്പോള്‍-ഹോങ്കോങ്ങിലെ വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌സ് അംഗം തോമസ് സാങ് മുന്നറിയിപ്പ് നല്‍കി.
ഫൈസറും ഒപ്പം ചൈനയുടെ സിനോവാക് വാക്‌സിനുമാണ് ഹോങ്കോങ്ങില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ എത്തിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് ആകെ ജനസംഖ്യയുടെ 19 ശതമാനം പേര്‍ മാത്രമാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. 13 ശതമാനം പേര്‍ രണ്ടാം ഡോസും. വാക്‌സിന്‍ വിതരണം ഊര്‍ജിതമാക്കുന്നതിനും ഇതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനും ചില പദ്ധതികള്‍ ഹോങ്കോങ്ങിലെ സ്വകാര്യ മേഖലയില്‍ അടക്കം തുടങ്ങിയിട്ടുണ്ട്. വാക്‌സിനെടുത്ത ജീവനക്കാര്‍ക്ക് ഏഴുപത് ശതമാനം ക്യാഷ് ഇന്‍സന്റീവ് വരെ ഹോട്ടലുകള്‍ നല്‍കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.