ലൂക്കാ 11 :27 -28 അവൻ ഇത് അരുൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടത്തിൽ നിന്ന് ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ. അവൻ പറഞ്ഞു, ദൈവവചനംകേട്ട് അതുപാലിക്കുന്നവർ കൂടുതൽ ഭാഗ്യവാന്മാർ.
ദൈവവചനം കേൾക്കുകയും അത് പാലിക്കുകയും ചെയ്ത വ്യക്തിക്കുള്ള ഏറ്റവും നല്ല ഉദാഹരണം പരിശുദ്ധ അമ്മ തന്നെയാണ്.
ദൈവവചനത്തിൽ യേശുവിനെ കുറിച്ചുള്ള ഓരോ പ്രവചനങ്ങളും നിറവേറുവാൻ, അത് അറിയാതെയാണെങ്കിലും നടത്തുന്ന യാത്രകൾ, ദൈവദൂതന്റെ സന്ദേശങ്ങൾ അനുസരിക്കുവാനുമായുമുള്ള അമ്മയുടെ തീഷ്ണത ഒക്കെ നമ്മൾ വചനത്തിൽ കാണുന്നുണ്ട്.
ബെത്ലഹേമിലെക്കുള്ള യാത്ര, ഈജിപ്തിലേക്ക് ഉള്ള പലായനം, നസ്രത്തിലേക്ക് തിരിച്ചുവരവ്, ദേവാലയത്തിൽ എട്ടാം ദിവസം പ്രതിഷ്ഠിക്കുന്നത്, ദൈവദൂതൻ നിർദേശിച്ച യേശു എന്ന പേര് ശിശുവിനു നൽകുന്നത് ഒക്കെ അത് വ്യക്തമാകുന്നു.
നമ്മുടെ പാദത്തിനു വിളക്കും പാതയിൽ പ്രകാശവുമായ വചനം കേൾക്കുകമാത്രമല്ല അത് ജീവിതത്തിൽ പ്രാവൃത്തികമാക്കുകയും വേണം എന്ന് താഴെപറയുന്ന വചനങ്ങളിലൂടെ ദൈവമായ കർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നു.
സാമുവൽ പറഞ്ഞു, തന്റെ കല്പന അനുസരിക്കുന്നതോ ദഹനബലികളും മറ്റു ബലികളും അർപ്പിക്കുന്നതോ കർത്താവിനു പ്രീതികരം? അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം, മുട്ടാടുകളുടെ മേദസിനേക്കാൾ ഉത്കൃഷ്ടം (1 സാമുവേൽ 15:22 ).
കർത്താവേ, കർത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വർഗരാജ്യത്തിൽ പ്രവേശിക്കുക (മത്താ 7:21).
നിങ്ങൾ വചനംകേൾക്കുക മാത്രം ചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവർത്തിക്കുന്നവരും ആയിരിക്കുവിൻ (യാക്കോ 1:22).
എന്റെ ഈ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും (മത്താ 7 :24).
ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളുമാകുന്ന ദൈവവചനം നമുക്ക് ഹൃദസ്ഥമാക്കുവാനും, അവ അനുവർത്തിക്കുവാനുമുള്ള കൃപക്കായി പരിശുദ്ധ അമ്മ വഴി വചനമായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.