ചാരവൃത്തി ആരോപിച്ച് ഓസ്ട്രേലിയന്‍ പൗരന്‍ ചൈനീസ് ജയിലില്‍; ഓസ്ട്രേലിയന്‍ ഉദ്യോഗസ്ഥര്‍ക്കു കോടതിയില്‍ വിലക്ക്

ചാരവൃത്തി ആരോപിച്ച് ഓസ്ട്രേലിയന്‍ പൗരന്‍ ചൈനീസ് ജയിലില്‍; ഓസ്ട്രേലിയന്‍ ഉദ്യോഗസ്ഥര്‍ക്കു കോടതിയില്‍ വിലക്ക്

സിഡ്‌നി: ചാരവൃത്തി ആരോപിച്ച് ഓസ്ട്രേലിയന്‍ പൗരന്‍ ചൈനയില്‍ തടവിലായിട്ട് രണ്ടു വര്‍ഷം. എഴുത്തുകാരനും ചൈനയിലെ സ്റ്റേറ്റ് സെക്യൂരിറ്റി മിനിസ്ട്രിയിലെ മുന്‍ ജീവനക്കാരനുമായ ഡോ. യാങ് ഹെങ്ജുവാണ് ചൈനീസ് ഭരണകൂടത്തിന്റെ ക്രൂരതയില്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്നത്. യാങ്ങിനെ വിചാരണ ചെയ്യുന്ന ബീജിംഗിലെ കോടതിയിലേക്ക് ഓസ്ട്രേലിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു പ്രവേശനവും നിഷേധിച്ചിരിക്കുകയാണ്. യാങ്ങിന്റെ രാഷ്ട്രീയ നിലപാടുകള്‍ സംബന്ധിച്ച രചനകേളാടുള്ള ചൈനീസ് ഭരണകൂടത്തിന്റെ പ്രതികാരനടപടിയാണ് അറസ്‌റ്റെന്നാണു വിലയിരുത്തപ്പെടുന്നത്.

പുതുവത്സര ആഘോഷത്തില്‍ പങ്കെടുക്കാന്‍ രണ്ടു വര്‍ഷം മുന്‍പ് തെക്കന്‍ ചൈനീസ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് അന്വേഷണ ഏജന്‍സികള്‍ 56 വയസുകാരനായ യാങിനെ പിടികൂടിയത്. അതേസമയം, യാങ് ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ സംബന്ധിച്ച് ചൈനീസ് അധികൃതര്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല.

ചൈനയിലെ ഓസ്ട്രേലിയന്‍ അംബാസഡര്‍ എബ്രഹാം ഫ്‌ളെച്ചര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് കോടതിയില്‍ പ്രവേശിക്കുന്നതില്‍നിന്നു വിലക്കിയത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് വിലക്കേര്‍പ്പെടുത്തിയതെന്നാണ് ചൈനീസ് അധികൃതരുടെ വിശദീകരണം. അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത് എന്നതിനാല്‍ യാങിനെ സംബന്ധിച്ച യാതൊരു വിവരവും പുറത്തേക്കു ലഭിക്കുന്നില്ല.

കോടതിയുടെ ഈ നടപടി അങ്ങേയറ്റം ഖേദകരമാണെന്നും അംഗീകരിക്കാനാവില്ലെന്നും എബ്രഹാം ഫ്‌ളെച്ചര്‍ കോടതിക്കു പുറത്ത് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കേസിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് സുതാര്യതയില്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ഏകപക്ഷീയമായി ഭരണകൂടം യാങ്ങിനെ തടങ്കലില്‍ വച്ചിരിക്കുകയാണെന്നു പറയേണ്ടിവരും. എന്ത് സംഭവിച്ചാലും ഓസ്ട്രേലിയന്‍ പൗരനായ യാങ്ങിനെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് കോണ്‍സുലേറ്റ് പിന്തുണ നല്‍കുകയും ചെയ്യുമെന്നും എബ്രഹാം ഫ്‌ളെച്ചര്‍ കൂട്ടിച്ചേര്‍ത്തു.

യാങ്ങിന്റെ, ബീജിംഗ് ആസ്ഥാനമായുള്ള അഭിഭാഷകരിലൊരാളായ ഷാങ് ബാവോജുന്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കിടാന്‍ വിസമ്മതിച്ചു.

ഭര്‍ത്താവിനെ സംബന്ധിച്ച യാതൊരു വിവരങ്ങളും ലഭിക്കാതെ താന്‍ ആശങ്കയിലാണെന്നു ഡോ. യാങ്ങിന്റെ ഭാര്യ യുവാന്‍ റുജുവാന്‍ പറഞ്ഞു. അടച്ചിട്ട മുറിയിലാണ് വിചാരണ നടപടികള്‍ നടക്കുന്നത്. അതിനാല്‍ അഭിഭാഷകര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കുമല്ലാതെ കോടതിമുറിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മറ്റാര്‍ക്കും അറിയാന്‍ കഴിയില്ലെന്നു യുവാന്‍ പറഞ്ഞു.

വിചാരണനടപടികളെ അങ്ങേയറ്റം ശുഭാപ്തിവിശ്വാസത്തോടെയാണ് ഞാന്‍ കാണുന്നത്. കാരണം എന്റെ ഭര്‍ത്താവിന് നിരപരാധിത്വം തെളിയിക്കാനുള്ള അവസരമാണ്. അതേസമയം, അസ്വസ്ഥതപ്പെടുത്തുന്ന മറ്റൊരു കാര്യവുമുണ്ട്. നിലവിലെ ഓസ്ട്രേലിയ-ചൈന ബന്ധം കണക്കിലെടുമ്പോള്‍ ആ പ്രതീക്ഷയ്ക്കു നേരിയ മങ്ങലേല്‍ക്കുന്നുണ്ട്. രണ്ടര വര്‍ഷത്തിനു ശേഷം ആദ്യമായി ഭര്‍ത്താവിനെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയും യുവാന്‍ പങ്കുവയ്ക്കുന്നു.

അതിനിടെ, വിചാരണയ്ക്ക് മുന്നോടിയായി ഡോ. യാങ് ജയിലില്‍നിന്ന് എഴുതിയ കത്ത് അനുയായികള്‍ പുറത്തുവിട്ടു. കത്തില്‍, ചൈനീസ് രാഷ്ട്രീയത്തെക്കുറിച്ചുള്ള തന്റെ തുറന്നുപറച്ചിലുകള്‍ അടങ്ങിയ രചനകള്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചതിന്റെ പേരിലുള്ള പ്രതികാരനടപടിയാണ് കേസെന്നു ഡോ. യാങ് പറയുന്നു. താന്‍ ആത്മീയമായി കരുത്തനാണെന്നും കഷ്ടപ്പാടുകളെയും പീഡനത്തെയും നേരിടുമെന്നും അദ്ദേഹം കത്തില്‍ പറയുന്നു. ചൈനയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഏജന്‍സികള്‍ക്കായി പ്രവര്‍ത്തിച്ചതും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്, ചൈനീസ് സര്‍ക്കാരിനുവേണ്ടി ഹോങ്കോങില്‍ താന്‍ ആറുവര്‍ഷം ജോലി ചെയ്തതും യാങ്ങ് അനുസ്മരിക്കുന്നു.

1990-കളുടെ അവസാനത്തിലാണ് ചൈനയില്‍നിന്ന് ഓസ്‌ട്രേലിയയിലേക്കു മാറുന്നത്. സിഡ്‌നിയില്‍ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയില്‍നിന്നു പി.എച്ച്.ഡി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഓസ്‌ട്രേലിയന്‍ പൗരത്വവും നേടി. നിരവധി തവണ യാങ് ചൈന സന്ദര്‍ശിച്ചു തിരിച്ചെത്തിയിട്ടുണ്ട്. 2019-ല്‍ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് സ്‌കോളറായി അമേരിക്കയില്‍ കഴിയുന്നതിനിടെയാണ് പുതുവത്സര ആഘോഷത്തിനായി ചൈനയിലേക്കു പോയത്. അവിടെയെത്തിയ ഉടനെ തടവിലാക്കുകയായിരുന്നു.

യാങ്ങിനു പിന്തുണയുമായി ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി മാരിസ് പെയ്ന്‍ അടക്കം രംഗത്തുവന്നിട്ടുണ്ട്. ഡോ. യാങിന് നീതിപൂര്‍വമായ വിചാരണ ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി മാരിസ് പെയ്ന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.