വിസ കാലാവധി അവസാനിക്കാറായി; ഓസ്‌ട്രേലിയയിലേക്കു മടങ്ങാനാവാതെ താല്‍ക്കാലിക ഗ്രാജുവേറ്റ് വിസ ഉടമകള്‍

വിസ കാലാവധി അവസാനിക്കാറായി; ഓസ്‌ട്രേലിയയിലേക്കു മടങ്ങാനാവാതെ താല്‍ക്കാലിക ഗ്രാജുവേറ്റ് വിസ ഉടമകള്‍

സിഡ്‌നി: യാത്രാവിലക്ക് നീങ്ങിയിട്ടും ഇന്ത്യയില്‍നിന്ന് ഓസ്‌ട്രേലിയയിലേക്കു മടങ്ങാനാവാതെ വിഷമിക്കുകയാണ് താല്‍ക്കാലിക ഗ്രാജുവേറ്റ് വിസ(485 വിസ) ഉടമകള്‍. ഈ വിസയില്‍ ഓസ്ട്രേലിയയില്‍ പഠിക്കുകയും ജോലിയെടുക്കുകയും ചെയ്തിരുന്ന പലരും നാട്ടില്‍ അവധിക്കു വന്നതിനെതുടര്‍ന്ന് മടങ്ങാനാവാതെ ഇന്ത്യയില്‍ കുടുങ്ങിയിരിക്കുകയാണ്. പലരുടെയും വിസാ കാലാവധി ഉടനെ അവസാനിക്കും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ വിസ കാലാവധി നീട്ടി നല്‍കണമെന്ന അഭ്യര്‍ഥനയാണ് 485 വിസയുള്ളവര്‍ മുന്നോട്ടുവയ്ക്കുന്നത്.

ഓസ്ട്രേലിയയിലേക്കു മടങ്ങാന്‍ കഴിയമെന്ന പ്രതീക്ഷയുണ്ടെങ്കിലും രാജ്യാന്തര അതിര്‍ത്തികള്‍ വീണ്ടും തുറക്കുമ്പോഴേക്കും വിസയുടെ കാലാവധി അവസാനിക്കുമെന്ന ഭീതിയിലാണ് ഇന്ത്യയിലുള്ള താല്‍ക്കാലിക ഗ്രാജുവേറ്റ് വിസ ഉടമയായ കൃതി ഗുപ്ത. 485 വിസ ഉപയോഗിച്ചാണ് കൃതി ഓസ്ട്രേലിയയില്‍ പഠിച്ചതും ആര്‍ക്കിടെക്ടച്ചര്‍ മേഖലയില്‍ ജോലി ചെയ്യുന്നതും. വിസയുടെ കാലാവധി ഈ വര്‍ഷം ഒക്ടോബറില്‍ അവസാനിക്കുമെന്നു കൃതി പറഞ്ഞു. ഇന്ത്യയില്‍നിന്ന് ഓസ്ട്രേലിയയിലേക്കു മടങ്ങാനായി നിരവധി തവണ ഫ്‌ളൈറ്റ് ബുക്ക് ചെയ്‌തെങ്കിലും കോവിഡ് സാഹചര്യം മൂലം റദ്ദാക്കപ്പെട്ടു.

അഡ്ലെയ്ഡില്‍ താമസിച്ചിരുന്ന കൃതിയും പങ്കാളിയായ നമന്‍ വത്സയും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വിവാഹനിശ്ചയത്തിനായാണ് ന്യൂഡല്‍ഹിയിലെത്തിയത്. കോവിഡിനെതുടര്‍ന്ന് തൊട്ടടുത്ത മാസം അതിര്‍ത്തികള്‍ അടച്ചതോടെ, കൃതിയും നമനും ഒരു വര്‍ഷത്തിലേറെയായി ഇന്ത്യയില്‍ കുടുങ്ങിയ അവസ്ഥയിലാണ്. രണ്ടു പേര്‍ക്കും ജോലിക്കു കയറേണ്ടതിനാല്‍ ഒരിക്കലും ഒരു മാസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കൃതി പറഞ്ഞു.

കൃതി ഉള്‍പ്പെടെ 9,000 ത്തിലധികം താല്‍ക്കാലിക ഗ്രാജുവേറ്റ് വിസയുള്ളവര്‍ ഓസ്ട്രേലിയയില്‍ വീണ്ടും പഠിക്കാനും ജോലി ചെയ്യാനും കഴിയുമോ എന്ന ആശങ്കയിലാണ്. 9,900 ടി.ജി.വി അപേക്ഷകരില്‍ 344 പേര്‍ക്കു മാത്രമാണ് ഓസ്ട്രേലിയയിലേക്കുള്ള യാത്രാനുമതി ലഭിച്ചത്.

നിലവില്‍ രാജ്യത്തിനു പുറത്തുള്ളവരുടെ താല്‍ക്കാലിക ഗ്രാജുവേറ്റ് വിസകള്‍ നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. വിസയുടെ കാലാവധി നീട്ടുകയോ മരവിപ്പിപ്പിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൃതിയും നൂറുകണക്കിന് താല്‍ക്കാലിക ഗ്രാജുവേറ്റ് വിസയുള്ളവരും 'വിസ 485 ലൈവ്‌സ് മാറ്റര്‍' എന്ന പേരില്‍ കാമ്പയില്‍ ആരംഭിച്ചിട്ടുണ്ട്.

ടി.ജി.വിയുടെ കാലാവധി 18 മാസം മുതല്‍ നാല് വര്‍ഷം വരെയാണ്. ഹോങ്കോങ്ങില്‍ നിന്നുള്ളവര്‍ക്ക് അഞ്ച് വര്‍ഷം ഈ വിസയില്‍ ഓസ്ട്രേലിയയില്‍ താമസിക്കാം. നിലവില്‍, ഈ വിസകളില്‍ കാലാവധി നീട്ടാനോ മരവിപ്പിക്കാനോ വീണ്ടും അപേക്ഷിക്കാനോ കഴിയാത്ത അവസ്ഥയാണ്.

ഓസ്ട്രേലിയയിലേക്ക് വരാമെന്ന പ്രതീക്ഷയില്‍ നിരവധി പേരാണ് വിദേശത്തുള്ളതെന്ന് ഗ്രീന്‍സ് സെനറ്റര്‍ നിക്ക് മക്കിം പറഞ്ഞു. മാര്‍ച്ച് അവസാനം സെനറ്റ് കമ്മിറ്റി ഹിയറിംഗിനിടെ, ഓസ്ട്രേലിയയ്ക്കു പുറത്ത് കുടുങ്ങിയവരുടെ വിസ നീട്ടിക്കിട്ടാനുള്ള സാധ്യതകള്‍ നിക്ക് മക്കിം ആരാഞ്ഞിരുന്നു. അതിര്‍ത്തികള്‍ അടച്ചപ്പോള്‍ വിദേശത്തായിപ്പോയത് അവരുടെ തെറ്റല്ലെന്നും വിസകള്‍ക്ക് സര്‍ക്കാര്‍ ഓട്ടോമാറ്റിക് എക്സ്റ്റന്‍ഷന്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് സാഹചര്യം പരിഗണിച്ച് വിസയുടെ യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കുന്നതുള്‍പ്പെടെ വിദ്യാര്‍ഥികളെയും ബിരുദധാരികളെയും പിന്തുണയ്ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പിന്റെ വക്താവ് പറഞ്ഞു. അതേസമയം 485 വിസ സ്ഥിരതാമസത്തിനുള്ള പാതയല്ലെന്നും അേദ്ദഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26