സിഡ്‌നി: കൊറോണ വൈറസ് വുഹാനിലെ ലാബോറട്ടറിയില്‍നിന്ന് ഉത്ഭവിച്ചതാണെന്നതിന് തെളിവു കണ്ടെത്തുക ശ്രമകരമാണെന്നു ലോകാരോഗ്യസംഘടനയുടെ അന്വേഷണ സംഘത്തിലെ ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ ഡൊമിനിക് ഡ്വയര്‍. മഹാമാരിയുടെ ഉത്ഭവം കണ്ടെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്നും ഡ്വയര്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡിന്റെ ഉത്ഭവം ചൈനയിലെ വൈറോളജി ലബോറട്ടറിയില്‍നിന്നോ അതോ മൃഗങ്ങളില്‍നിന്നോ എന്നതു സംബന്ധിച്ച് അന്വേഷിച്ച് 90 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തലുകളെ ന്യായീകരിച്ച് ഡൊമിനിക് ഡ്വയര്‍ രംഗത്തുവന്നത്. കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് ഒരു രണ്ടാം ഘട്ട അന്വേഷണം നടത്താന്‍ ലോകാരോഗ്യ സംഘടനയോടും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കാന്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വുഹാനില്‍ ചെലവഴിച്ച ലോകാരോഗ്യസംഘടനയുടെ വിദഗ്ധ സംഘത്തിലെ അംഗമായിരുന്നു ന്യൂ സൗത്ത് വെയില്‍സിലെ ഹെല്‍ത്ത് മെഡിക്കല്‍ വൈറോളജിസ്റ്റും പകര്‍ച്ചവ്യാധി വിദഗ്ധനുമായ പ്രൊഫ. ഡൊമിനിക് ഡ്വയര്‍.
അമേരിക്കയടക്കം നിരവധി രാജ്യങ്ങള്‍ ആരോപിക്കുന്ന പോലെ വുഹാന്‍ ലാബില്‍നിന്ന് വൈറസ് ചോര്‍ന്നതാണെന്ന സിദ്ധാന്തത്തെ പിന്തുണയ്ക്കാന്‍ തെളിവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോപണത്തെ സാധൂകരിക്കുന്ന എന്തെങ്കിലും വിവരങ്ങളുണ്ടോയെന്ന് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികളോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ നല്‍കിയിട്ടില്ലെന്നു ഡ്വയര്‍ പറഞ്ഞു.
പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് ഏജന്‍സികളില്‍ നിന്ന് ലഭിക്കുന്നതെന്ന് ബൈഡന്റെ പ്രസ്താവനയിലൂടെ മനസിലാക്കാം. അവരുടെ പക്കല്‍ വ്യക്തമായ തെളിവുകളില്ലെന്നതാണ് ഇതു സൂചിപ്പിക്കുന്നത്. അതു മാത്രവുമല്ല, ചൈനയില്‍നിന്ന് തെളിവുകള്‍ ലഭിക്കുന്നത് ഏറെ ബുദ്ധിമുട്ടുമാണ്. പുറത്തുള്ള ഏജന്‍സികള്‍ക്ക് ചൈന എത്രത്തോളം യഥാര്‍ഥ വിവരങ്ങളും സാമ്പിളുകളും കൈമാറും എന്നത് യുഎസ് ദൗത്യത്തെ സംബന്ധിച്ച് നിര്‍ണായകമാണ്.
നേരത്തെ ഡബ്ല്യൂ.എച്ച്.ഒയുടെ വിദഗ്ധ സംഘം ചൈനീസ് ശാസ്ത്രജ്ഞരുമായി ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ട്, വൈറസ് വവ്വാലുകളില്‍നിന്ന് ആരംഭിച്ച് മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്കു പകര്‍ന്നിരിക്കാമെന്ന കണ്ടെത്തലിലാണ് എത്തിച്ചേര്‍ന്നത്. അതേസമയം ഇതുസംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ചൈന നല്‍കിയിട്ടില്ലെന്നു ഡബ്ല്യൂ.എച്ച്.ഒ മേധാവി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നു ഓസ്ട്രേലിയ ഉള്‍പ്പെടെ 14 രാജ്യങ്ങള്‍ വിമര്‍ശനമുന്നയിച്ചു.
ബൈഡന്റെ പ്രഖ്യാപനത്തിനു പിന്നാലെ യു.എസിനെതിരേ കടുത്ത വിമര്‍ശനവുമായി ചൈനയും രംഗത്തെത്തി. കോവിഡിന്റെ പേരില്‍ ചൈനയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും മഹാമാരിയെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ആരോപിച്ചു. പുതിയ അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകതയും ചൈനീസ് വിദേശകാര്യ മന്ത്രാലയം തള്ളി.
മഹാമാരിയുടെ ഉത്ഭവം കണ്ടെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നു ഡ്വയര്‍ പറഞ്ഞു. 40 വര്‍ഷത്തിലേറെയായി ആഫ്രിക്കയില്‍ എബോള വൈറസിന്റെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ടാണ് വൈറസിന്റെ ഉത്ഭവം വ്യക്തമായത്. രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിച്ചാല്‍ മാത്രമേ സുതാര്യമായ രീതിയില്‍ വിവരങ്ങള്‍ ശേഖരിക്കാനാകൂ. ഇതൊരു രാഷ്ട്രീയ ആയുധമാക്കുകയും രാഷ്ട്രങ്ങള്‍ തമ്മില്‍ പോരടിക്കാനും തുടങ്ങിയാല്‍ ഈ സാധ്യത നഷ്ടപ്പെടും. ആദ്യം നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുകയാണു വേണ്ടതെന്ന് ഡ്വയര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.