പെര്‍ത്ത്: കടലില്‍ തകര്‍ന്ന വഞ്ചിയില്‍നിന്ന് ഒന്‍പതു കിലോമീറ്റര്‍ നീന്തി 11 വയസുകാരിയും പിതാവും അത്ഭുതകരമായി രക്ഷപ്പെട്ടു. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലെ ജൂറിയന്‍ ബേയിലാണു സംഭവം. 11 വയസുകാരി ഉള്‍പ്പെടെ അഞ്ച് പേര്‍ സഞ്ചരിച്ച വഞ്ചി പാറക്കെട്ടില്‍ ഇടിച്ചുതകരുകയായിരുന്നു. കടലില്‍ അഞ്ചു നോട്ടിക്കല്‍ മൈല്‍ (ഒന്‍പതു കിലോമീറ്റര്‍) നീന്തിയാണ് അച്ഛനും മകളും തീരമണഞ്ഞത്. പെര്‍ത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ജൂറിയന്‍ ബേയില്‍ ഞായറാഴ്ച്ച 11.30നാണ് അപകടമുണ്ടായത്.
വഞ്ചിയിലുണ്ടായിരുന്ന മറ്റു മൂന്നു പേരെ ജൂറിയന്‍ ബേ മറൈന്‍ റെസ്‌ക്യൂ സംഘം രക്ഷപ്പെടുത്തി. അഞ്ചു പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
കാലാവസ്ഥ മോശമായതിനെതുടര്‍ന്നാണ് വഞ്ചി അപകടത്തിപ്പെട്ടത്. ശക്തമായ കാറ്റിലും അഞ്ചു മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയിലുംപെട്ട് വഞ്ചി പാറക്കെട്ടില്‍ ഇടിച്ചുതകരുകയായിരുന്നു. കടലിലേക്കു വീണ അഞ്ചു പേരില്‍ അച്ഛനും മകളും കരയിലേക്കു നീന്തുകയായിരുന്നു. കടലില്‍നിന്ന് 300 മീറ്റര്‍ മാറി തീരത്ത് രണ്ടു മണിക്കൂറിനുശേഷം ഇവരെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഹെലികോപ്ടറിലാണ് ഇവരെ ആശുപത്രിയിലേക്കു മാറ്റിയത്. പെര്‍ത്ത് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള പെണ്‍കുട്ടി അപകടനില തരണം ചെയ്തു.
അപകടത്തില്‍പെട്ട സ്ത്രീയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ഉപകരണത്തില്‍നിന്ന് സന്ദേശം ലഭിച്ചതിനെതുടര്‍ന്നാണ് മറ്റു മൂന്നുപേരെയും ജൂറിയന്‍ ബേ മറൈന്‍ റെസ്‌ക്യൂ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്. ഏറെനേരം വെള്ളത്തില്‍ മുങ്ങിപ്പൊങ്ങിയതിനെതുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഞ്ചു പേരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ ജൂറിയന്‍ ബേ മറൈന്‍ റെസ്‌ക്യൂ ഡെപ്യൂട്ടി കമാന്‍ഡര്‍ വെയ്ന്‍ ഹാര്‍സ്റ്റണ്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റി(എ.എം.എസ്.എ)യുടെ ചലഞ്ചര്‍ ജെറ്റ്, ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസിന്റെ ഹെലികോപ്റ്റര്‍, സ്വകാര്യ ഹെലികോപ്റ്റര്‍, മത്സ്യബന്ധന ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26