വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തണം; കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തണം; കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതി. വാക്‌സിന് രണ്ടു വില ഈടാക്കുക, വാക്‌സിന്‍ ക്ഷാമം തുടങ്ങി വാക്‌സിന്‍ നയത്തിലെ അപാകതകളും കോടതി ചൂണ്ടിക്കാട്ടി. വാക്‌സിനേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലെ ആശങ്കകള്‍ പരിഹരിച്ച്‌ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് രണ്ടാഴ്ചത്തെ സമയം നല്‍കി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, എല്‍.എന്‍ റാവു, രവീന്ദ്രഭട്ട് എന്നിവടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ലഭിക്കുന്നതിനായി രണ്ടു വില നല്‍കേണ്ടി വരുന്നതിനെ കോടതി ചോദ്യം ചെയ്തു. ഒരേ കമ്പനിയുടെ വാക്‌സിന്‍ രണ്ടു പേര്‍ക്ക് എങ്ങനെ വ്യത്യസ്ത വിലകളില്‍ നല്‍കാന്‍ കഴിയുമെന്നാണ് കോടതി ചോദിച്ചത്.

രാജ്യത്ത് ഒറ്റ വാക്‌സിന്‍ വില വേണമെന്ന് അഭിപ്രായപ്പെട്ട ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്ര സ‌ര്‍ക്കാര്‍ യാഥാര്‍ത്ഥ്യം മനസിലാക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വാങ്ങി നല്‍കുകയാണോ, അതോ സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്‌ക്ക് വാക്‌സിന്‍ വാങ്ങുകയാണോയെന്നും കോടതി ചോദിച്ചു.
വാക്‌സിന്‍ വില നിര്‍ണയിക്കാനുളള അധികാരം കേന്ദ്രസര്‍ക്കാര്‍ എന്തു കൊണ്ടാണ് നിര്‍മാതാക്കള്‍ക്ക് വിട്ടുനല്കിയതെന്നും, വില നിര്‍ണയിക്കാനുള ഉത്തരവാദിത്തവും അധികാരവും സര്‍ക്കാരിനാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പണം സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും വാക്‌സിന് നല്‍കേണ്ടതിന്റെ കാരണം എന്താണെന്നും കോടതി ചോദിച്ചു. കേന്ദ്രം ഫെഡറല്‍ തത്വമനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വാങ്ങി നല്‍കുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കവെയാണ് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത്. വാക്‌സിന്‍ വിതരണത്തിനുള‌ള കൊവിന്‍ ആപ്പിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ ഗ്രാമങ്ങളില്‍ മൊബൈല്‍ പോലുമില്ലാത്ത ഗ്രാമീണര്‍ എങ്ങനെ വാക്‌സിന് രജിസ്‌റ്റര്‍ ചെയ്യുമെന്നും കോടതി ചോദിച്ചു. അതേസമയം ഡിജിറ്റല്‍ അറിവ് ഉളള വ്യക്തികള്‍ക്ക് മാത്രമേ കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നും ഇക്കാര്യം പുഃനപരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

ഇതിന് കേന്ദ്ര സ‌ര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസി‌റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞ മറുപടി എല്ലാ ഗ്രാമങ്ങളിലും ഒരു സേവാ കേന്ദ്രമുണ്ടെന്നും അവിടെ പോയി ഗ്രാമീണര്‍ രജിസ്‌റ്റര്‍ ചെയ്യണമെന്നുമാണ്. ഇക്കാര്യത്തിലെ പ്രായോഗികത കോടതി സംശയത്തോടെ നിരീക്ഷിച്ചു. ഡിജി‌റ്റല്‍ ഇന്ത്യ എന്ന് പറയുന്നതല്ലാതെ നിങ്ങള്‍ യാഥാര്‍ത്ഥ്യം കാണണമെന്ന് കോടതി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.