തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് ഇടങ്ങളില്‍ കടല്‍ത്തീരം അതിതീവ്രമായി ശോഷിക്കുന്നതായും ഇവിടങ്ങളില്‍ ടെട്രാപാഡ് സ്ഥാപിക്കാന്‍ ശ്രമം നടത്തുന്നതായും സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കി. അഞ്ച് വര്‍ഷം കൊണ്ട് കടലാക്രമണം മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.
കുണ്ടറ എംഎല്‍എ പിസി വിഷ്ണുനാഥാണ് പ്രതിപക്ഷത്ത് നിന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. തീരത്ത് കടുത്ത ആശങ്കയാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. തീരം സംരക്ഷിക്കാന്‍ പരമ്പരാഗത മാര്‍ഗങ്ങള്‍ പോര. കടല്‍ ഭിത്തി കൊണ്ടോ പുലിമുട്ട് കൊണ്ടോ പ്രശ്‌നം പരിഹരിക്കാനാകില്ല. ചെല്ലാനത്ത് സ്ഥിതി അതിരൂക്ഷമാണ്.
ശഘുമുഖം റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. നാല് കൊല്ലമായി ശംഘുമുഖം റോഡ് നിര്‍മാണത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. മുന്നൊരുക്കം പോരെന്ന് ലത്തീന്‍ സഭ തന്നെ പരാതിപെട്ടു. കടലില്‍ പോകാമെന്ന് ദുരന്ത നിവാരണ വകുപ്പ് പറഞ്ഞ ദിവസമാണ് വിഴിഞ്ഞത്ത് വള്ളം മറിഞ്ഞത്. അധികാരികളുടെ കണ്ണിനു മുന്നിലാണ് വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളികള്‍ മരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള പ്രദേശത്ത് തീരത്ത് ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രിക്ക് വേണ്ടിയാണ് ഇദ്ദേഹം മറുപടി നല്‍കിയത്. അടുത്തിടെ ഉണ്ടായ യാസ് ചുഴലിക്കാറ്റ് കേരള തീരത്ത് നാശമുണ്ടാക്കി. കിഫ്ബി വഴി തീര സംരക്ഷണത്തിന് വേണ്ടിയുള്ള പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഴ തീര്‍ന്നാല്‍ തീര സംരക്ഷണ നടപടികള്‍ ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി.
അടിയന്തിര പ്രമേയത്തിന് പിന്നീട് സ്പീക്കര്‍ എംബി രാജേഷ് അനുമതി നിഷേധിച്ചു. തീരത്തെ ഒരു കോടി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചു. മെയ് മാസത്തില്‍ തന്നെ ഇങ്ങനെയാണെങ്കില്‍ കാലവര്‍ഷ കാലത്ത് കടല്‍ എവിടെയെത്തും എന്ന ഉത്കണ്ഠയിലാണ് തീരദേശവാസികള്‍. ഒന്‍പത് ജില്ലകളില്‍ ആശങ്കയുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷം മുഖ്യമന്ത്രി തീര സംരക്ഷണത്തിന് എന്താണ് ചെയ്തത്? വിശദമായ പഠന റിപ്പോര്‍ട്ട് പോലും തയ്യാറാക്കിയില്ല. ചെല്ലാനത്ത് ജിയോ ട്യൂബ് ഇട്ടത് ഒരു റോഡ് പണിക്കാരനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2019ല്‍ വിഴിഞ്ഞത്ത് മണല്‍ കെട്ടിക്കിടക്കുന്നതിന്റെ പരാതി അറിയിച്ചിട്ടും പരിഹാരം കണ്ടില്ല. വീട് നഷ്ടപെട്ട തീരവാസികള്‍ക്ക് പ്രത്യക പാക്കേജ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പിന്നീട് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.