ബിജെപിയുടെ 'പൊളിറ്റിക്കല്‍ ബ്രെയിന്‍' എന്നറിയപ്പെടുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബംഗാളിലെ രാഷ്ട്രീയ തന്ത്രം പാളിയതിന് പിന്നാലെ റിവേഴ്‌സ് ഗീയറിട്ടു നില്‍ക്കുന്ന മുന്‍ തൃണമൂല്‍ നേതാക്കളെ പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്താന്‍ പാടുപെടുകയാണ് ബിജെപി നേതൃത്വം.
'ഉത്തരത്തേല്‍ ഇരുന്നത് കിട്ടിയുമില്ല, കക്ഷത്തിലുള്ളത് പോവുകയും ചെയ്തു, എന്നു പറഞ്ഞതു പോലെയാകുമോ കാര്യങ്ങള്‍ എന്നാണ് ബിജെപി നേതാക്കളുടെ ഇപ്പോഴത്തെ ഭയം. തൃണമൂലില്‍ നിന്നെത്തിയ നേതാക്കള്‍ മാത്രമല്ല ബിജെപിയിലെ തന്നെ ചില എംപിമാരടക്കം തൃണമൂല്‍ പാളയത്തിലേക്ക് ചേക്കേറാനൊരുങ്ങുന്നതാണ് താമരപ്പാര്‍ട്ടിക്ക് തലവേദനയായിട്ടുള്ളത്.
പാര്‍ട്ടിയുടെ ബംഗാളിലെ മുഖമായി മാറിയ മുകുള്‍ റോയ് വരെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകാന്‍ താല്‍പര്യപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്. തൃണമൂലില്‍ നിന്ന് രാജിവച്ച മുന്‍ എംഎല്‍എ സോണാലി ഗുഹ തിരിച്ചെത്താനുള്ള ശ്രമം തുടങ്ങി. തൃണമൂലിന്റെ പതാക വീണ്ടും പിടിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് മുന്‍ ഫുട്ബോളര്‍ ദീപേന്ദു ബിശ്വാസ് മമത ബാനര്‍ജിയെ അറിയിച്ചു. സരള മുര്‍മു, അമര്‍ ആചാര്യ എന്നിവരും തൃണമൂലില്‍ തിരിച്ചെത്തിയേക്കും.
കഴിഞ്ഞ മമത സര്‍ക്കാരില്‍ മന്ത്രിയായിരുന്ന റാജിബ് ബാനര്‍ജി നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അദേഹവും ഇപ്പോള്‍ തിരിച്ചെത്താനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തൃണമൂലില്‍ നിന്ന് രാജിവച്ചെത്തിയ പല നേതാക്കള്‍ക്കും ബിജെപി ഇത്തവണ മല്‍സരിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇങ്ങനെ ജയിച്ച എട്ട് പേര്‍ തിരിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. മാത്രമല്ല, നാല് പാര്‍ട്ടി എംപിമാരും ബിജെപിയില്‍ നിന്ന് രാജിവച്ചേക്കുമെന്ന് സൂചനയുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടി ബംഗാള്‍ പിടിക്കുമെന്ന് പ്രതീക്ഷിച്ച നേതാക്കളെ അമ്പരപ്പിച്ചായിരുന്നു മമതയുടെ മുന്നേറ്റം. 292 സീറ്റില്‍ 213ലും വിജയിച്ച് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയപ്പോള്‍ നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ വന്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബിജെപിക്ക് 77 സീറ്റുകളാണ് നേടാനായത്. യുദ്ധം മമതയും ബിജെപി നേതാക്കളും തമ്മില്‍ നേര്‍ക്കു നേര്‍ ആയപ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും ചിത്രത്തില്‍ നിന്ന് തുടച്ചു നീക്കപ്പെട്ടു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ നിന്ന് 18 സീറ്റിലേക്ക് ഉയര്‍ന്ന ബിജെപി അതിന്റെ ആത്മവിശ്വാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് വന്‍ ഒരുക്കങ്ങളാണ് നടത്തിയത്. കേന്ദ്ര ഭരണത്തിന്റെ പിന്‍ബലത്തില്‍ തൃണമൂല്‍ നേതാക്കളെ വിലയ്‌ക്കെടുക്കുകയായിരുന്നു ബിജെപി. സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. എല്ലാത്തിനും ചുക്കാന്‍ പിടിച്ചത് അമിത് ഷാ ആയിരുന്നു. എന്നാല്‍ ഷായുടെ തന്ത്രങ്ങള്‍ പൊളിഞ്ഞ് പാളീസാകുന്ന സൂചനകളാണ് ഇപ്പോള്‍ വംഗനാട്ടില്‍ നിന്നും ലഭിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.