ക്രിമിനല്‍ ചട്ടങ്ങങ്ങളില്‍ ഭേദഗതി; കാനോന്‍ നിയമം നവീകരിച്ച് ഫ്രാന്‍സിസ് പാപ്പ

ക്രിമിനല്‍ ചട്ടങ്ങങ്ങളില്‍ ഭേദഗതി; കാനോന്‍ നിയമം നവീകരിച്ച് ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ബാലപീഡനം, വനിതാ പൗരോഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ കര്‍ശന നടപടി ഉള്‍പ്പെടെ ഭേദഗതികള്‍ വരുത്തി നവീകരിച്ച കാനോന്‍ നിയമം പ്രസിദ്ധീകരിച്ചു. പഷീത്തെ ഗ്രേഗെം ദേയി എന്ന പേരില്‍ ഇറക്കിയ അപ്പസ്‌തോലിക പ്രമാണ രേഖയിലൂടെയാണ് പുതിയ മാറ്റങ്ങള്‍ ഫ്രാന്‍സിസ് പാപ്പ കൊണ്ടുവന്നത്. പുതിയ ഭേദഗതികള്‍ ഡിസംബര്‍ എട്ടിന് പ്രാബല്യത്തില്‍ വരും. 1983-ന് ശേഷം ഇതാദ്യമായാണ് വിവിധ ശിക്ഷാനടപടികളെ സംബന്ധിച്ചുള്ള കാനോന്‍ നിയമങ്ങളില്‍ വത്തിക്കാന്‍ ഭേദഗതി വരുത്തുന്നത്.

1983ലെ കാനോന്‍ നിയമത്തില്‍ മാമോദിസ സ്വീകരിച്ച പുരുഷനു മാത്രമേ പൗരോഹിത്യത്തിന് അവകാശമുള്ളൂവെന്ന പ്രബോധനം ഉണ്ടായിരുന്നു. പുതിയ കാനോന്‍ നിയമ പ്രകാരം വനിതകള്‍ പൗരോഹിത്യം സ്വീകരിച്ചാല്‍, അത് നല്‍കുന്ന വ്യക്തിയും സ്വീകരിക്കുന്ന വ്യക്തിയും സഭയില്‍ നിന്ന് പുറത്താകും.

ഭേദഗതികള്‍ കൊണ്ടുവരാനുള്ള ശ്രമം 2009ല്‍ ആരംഭിച്ചിരുന്നു. സാമ്പത്തിക തിരിമറി പ്രതിരോധിക്കാന്‍ എടുക്കേണ്ട നടപടികളും പുതിയ ഭേദഗതിയുടെ ഭാഗമാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ 'ജീവനും, മാന്യതയ്ക്കും, മനുഷ്യ സ്വാതന്ത്ര്യത്തിനും' എതിരെയുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയായവര്‍ക്കെതിരേ നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കും കടുത്ത ശിക്ഷ തന്നെ ലഭിക്കും.

കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരോടു കരുണ കാണിക്കുന്നതോടൊപ്പം അവരെ തിരുത്തുകയും വേണമെന്നു മാര്‍പാപ്പ പ്രമാണരേഖയില്‍ പറയുന്നു. കരുണയും നീതിയും തമ്മിലുള്ള ബന്ധം കൃത്യമായി വ്യാഖ്യാനിക്കുമ്പോള്‍ ശിക്ഷയ്ക്കും അര്‍ഹിക്കുന്ന സ്ഥാനം നല്‍കണം. ഉപദേശംകൊണ്ടുമാത്രം കുറ്റകരമായ സ്വഭാവരീതികള്‍ തിരുത്തപ്പെടുകയില്ലെന്നു മാര്‍പാപ്പ പറഞ്ഞു.

നിയമം എന്താണ് എന്നു വ്യാഖ്യാനിക്കുന്നതില്‍ വ്യക്തതക്കുറവ് ഉണ്ടായിരുന്നുവെന്നും കരുണയ്ക്കു പ്രാധാന്യം നല്‍കുന്ന ഒരു സാഹചര്യമാണ് നിലനിന്നിരുന്നതെന്നും വത്തിക്കാനില്‍വെച്ച് പുതിയ ഭരണഘടന ഭേദഗതി മാധ്യമങ്ങള്‍ക്ക് കൈമാറുന്ന ചടങ്ങില്‍ പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ലെജിസ്ലേറ്റീവ് ടെക്സ്റ്റിന്റെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പോ ലനോന്‍ പറഞ്ഞു.

ലൈംഗീക പീഡനം നടത്തുന്ന അല്‍മായര്‍ക്കെതിരേ കര്‍ശന നടപടിക്കു പുതിയ ഭേദഗതിയില്‍ ശിപാര്‍ശയുണ്ട്. വൈദികരുടെ കാര്യത്തില്‍ പട്ടം തിരിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശമുണ്ട്. വാഷിംഗ്ടണ്‍ മുന്‍ കര്‍ദിനാള്‍ തിയോഡര്‍ മക്കാരിക്ക് സെമിനാരി വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടത്തിയ ലൈംഗിക പീഡനങ്ങളുടെ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷമാണ് പുറത്തുവന്നത്. ഇതിനെ തുടര്‍ന്നാണ് പുതിയ ഭേദഗതി ഊര്‍ജിതമായി നടപ്പാക്കാനുള്ള നടപടി മാര്‍പാപ്പ സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.