ഡാവിന്‍സിയും വെരിറ്റാസും; ശുക്രനിലേക്ക് നാസയുടെ രണ്ട് ദൗത്യങ്ങള്‍

ഡാവിന്‍സിയും വെരിറ്റാസും; ശുക്രനിലേക്ക് നാസയുടെ രണ്ട് ദൗത്യങ്ങള്‍

വാഷിങ്ടണ്‍: ഭൂമിയുടെ ഏറ്റവും അടുത്ത ഗ്രഹമായ ശുക്രനെക്കുറിച്ചു പഠിക്കാന്‍ രണ്ട് ദൗത്യങ്ങള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. 2028-ലും 2030-ലും ദൗത്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നാണു കരുതുന്നത്. ഡാവിന്‍സി പ്ലസ്, വെരിറ്റാസ് എന്നീ രണ്ടു ദൗത്യങ്ങള്‍ക്കു വേണ്ടി 500 ദശലക്ഷം യു.എസ് ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഉപരിതലത്തില്‍ ഈയം വരെ ഉരുകുന്ന വിധത്തില്‍, ജ്വലിക്കുന്ന ഒരു ഗ്രഹമായി ശുക്രന്‍ എങ്ങിനെ രൂപപ്പെട്ടു എന്നത് സംബന്ധിച്ചാണ് രണ്ട് ദൗത്യങ്ങളും പഠനം നടത്തുകയെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.

ഡാവിന്‍സി എന്ന് പേരിട്ട ആദ്യ ദൗത്യം ശുക്രന്റെ അന്തരീക്ഷത്തെ വിശകലനം ചെയ്യും. രണ്ടാമത്തെ ദൗത്യമായ വെരിറ്റാസ് ശുക്രന്റെ ഉപരിതലത്തെക്കുറിച്ചും എന്തുകൊണ്ടാണ് ഭൂമിയില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായ ഗ്രഹമായി മാറിയതെന്നും പഠിക്കും.

സൂര്യനില്‍ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാല്‍ സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമാണ് ശുക്രന്‍. വലിപ്പം കൊണ്ട് ആറാമത്തെ സ്ഥാനം. ഘടനയില്‍ ഭൂമിക്കു സമാനമാണെങ്കിലും 12,000 കിലോമീറ്റര്‍ വ്യാസമുള്ള ശുക്രന്‍ അല്‍പം ചെറുതാണ്.

ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യനും ചന്ദ്രനും കഴിഞ്ഞാല്‍ ആകാശത്ത് ഏറ്റവും പ്രഭയോടെ കാണുന്ന ജ്യോതിര്‍ഗോളം ശുക്രനാണ്. സൂര്യോദയത്തിന് അല്‍പം മുന്‍പും സൂര്യാസ്തമയത്തിന് ശേഷവും ആണ് ശുക്രന്‍ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുക. ഇത് കാരണം ശുക്രനെ പ്രഭാതനക്ഷത്രം എന്നും സന്ധ്യാനക്ഷത്രം എന്നും വിളിക്കുന്നു.

സമുദ്രങ്ങളില്ലാത്ത ഒരു ഗ്രഹമാണ് ശുക്രന്‍. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അടങ്ങിയ കട്ടിയുള്ള അന്തരീക്ഷം മൂലമുണ്ടായ ഹരിതഗൃഹപ്രഭാവം ഉപരിതലത്തിലെ കടുത്ത താപത്തിന് കാരണമാകുന്നു. ശുക്രന്റെ ഉപരിതലത്തെ 471 സെല്‍ഷ്യസ് താപനില ഈയത്തെ പോലും ഉരുക്കാന്‍ പര്യാപ്തമാണ്. മേഘങ്ങള്‍ സള്‍ഫ്യൂറിക് ആസിഡ് ചേര്‍ന്നതാണ്.

അതേസമയം, കഴിഞ്ഞ വര്‍ഷം ശുക്രനില്‍ ജീവന്റെ സാധ്യത ചൂണ്ടിക്കാണിക്കുന്ന ഫോസോഫിന്‍ എന്ന വാതകം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. മഗല്ലന്‍ ദൗത്യം വഴി 1990-91 കാലത്താണ് ശുക്രന്റെ ഉപരിതലത്തെ അവസാനമായി പഠന വിധേയമാക്കിയത്. വലിയ തോതിലുള്ള അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങളുടെ സാന്നിധ്യമുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.