12-15 പ്രായക്കാരില്‍ ഫൈസര്‍ വാക്‌സിന്‍ കുത്തിവെപ്പിന് അംഗീകാരം നല്‍കി ബ്രിട്ടന്‍

12-15 പ്രായക്കാരില്‍ ഫൈസര്‍ വാക്‌സിന്‍ കുത്തിവെപ്പിന് അംഗീകാരം നല്‍കി ബ്രിട്ടന്‍

ലണ്ടന്‍: പന്ത്രണ്ട് മുതല്‍ പതിനഞ്ച് വയസ് വരെ പ്രായമുള്ളവരില്‍ ഫൈസര്‍ വാക്‌സിന്‍ സുരക്ഷിതമാണെന്നു ബ്രിട്ടനിലെ മെഡിസിന്‍ റെഗുലേറ്ററി ഏജന്‍സി. ഈ പ്രായക്കാര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും എടുക്കാന്‍ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സി (എം.എച്ച്.ആര്‍.എ) അംഗീകാരം നല്‍കി. സുരക്ഷ, ഗുണമേന്മ, ഫലപ്രാപ്തി എന്നീ മാനദണ്ഡങ്ങള്‍ വാക്‌സിന്‍ പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ യൂറോപ്യന്‍ യൂണിയനും അമേരിക്കയും വാക്‌സിന്‍ ഈ പ്രായക്കാരില്‍ സുരക്ഷിതമാണെന്ന് അറിയിച്ചിരുന്നു.

'12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികളിലെ പരീക്ഷണ ഫലം ഞങ്ങള്‍ ശ്രദ്ധാപൂര്‍വം അവലോകനം ചെയ്തു. ഈ പ്രായത്തിലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണ്. കോവിഡിനെ പ്രതിരോധിക്കാനും സാധിക്കുന്നുണ്ട്'-എം.എച്ച്.ആര്‍.എ ചീഫ് എക്്‌സിക്യൂട്ടീവ് ജൂണ്‍ റെയിന്‍ പറഞ്ഞു. സര്‍ക്കാര്‍ സമിതിയായ എം.എച്ച്.ആര്‍.എയാണ് ബ്രിട്ടനിലെ പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കുക.

അതേസമയം, 16 വയസ് മുതലുള്ള കൗമാരക്കാര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ കുത്തിവെപ്പിന് നേരത്തെ അനുമതി നല്‍കിയ യൂറോപ്യന്‍ കമ്മിഷന്‍ ഈ മാസം മുതല്‍ 12-15 വയസുകാരില്‍ വാക്‌സിനേഷന്‍ തുടങ്ങാന്‍ അംഗീകാരം നല്‍കിയിരുന്നു. അമേരിക്കയില്‍ കൗമാരക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് ആരംഭിച്ചിട്ടുണ്ട്. ഡിസംബറില്‍ മാസ് ഇമ്യൂണൈസേഷന്‍ ഡ്രൈവ് ആരംഭിച്ച രാജ്യമാണ് ബ്രിട്ടന്‍. മുതിര്‍ന്നവരില്‍ പകുതിയിലധികം പേര്‍ക്കും ഇപ്പോള്‍ രണ്ട് ഡോസ് കുത്തിവെപ്പുകളും ലഭിച്ചിട്ടുണ്ട്. 75 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസെങ്കിലും ലഭിച്ചു. പ്രധാനമായും ഫൈസര്‍ അല്ലെങ്കില്‍ അസ്ട്രാസെനക്കയാണ് എല്ലാവരും സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.