വാഷിംഗ്ടണ്‍: ഭൂമിയില്‍നിന്ന് ആയിരത്തിലധികം പുഴുക്കളെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിച്ച് നാസയുടെ പരീക്ഷണം. ബഹിരാകാശ നിലയത്തിലെ ദീര്‍ഘനാളത്തെ ജീവിതത്തിലൂടെ യാത്രികര്‍ക്ക് പേശീസംബന്ധമായി ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചു പഠിക്കാനാണ് പുഴുക്കളെ സ്‌പേസ് എക്‌സ് എന്ന ബഹിരാകാശ വാഹനത്തില്‍ രാജ്യാന്തര നിലയത്തിലെത്തിച്ചത്.
ബഹിരാകാശ നിലയത്തിലെ ആറു മാസത്തിലധികം നീണ്ട താമസം സഞ്ചാരികള്‍ക്ക് ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ഗവേഷകര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മസിലുകള്‍ക്ക് 40 ശതമാനം ബലക്ഷയം സംഭവിക്കുന്നതാണ് ഒരു പ്രശ്‌നം. ബ്രിട്ടനിലെ നോട്ടിംഗ്ഹാം, എക്‌സിറ്റര്‍ സര്‍വകലാശാലകളിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തുന്നത്.
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് വ്യാഴാഴ്ച വൈകിട്ട് ആറിന് സ്‌പേസ് എക്‌സ്-22 വിക്ഷേപിച്ചത്. മൈക്രോസ്‌കോപ്പിക് നെമറ്റോഡുകള്‍ എന്നറിയപ്പെടുന്ന മണ്ണില്‍ വസിക്കുന്ന സൂക്ഷ്മ ജീവികളായ പുഴുക്കളെ ബഹിരാകാശ നിലയത്തിലെ ഇന്‍കുബേറ്ററില്‍ 20 സി താപനിലയില്‍ അഞ്ച് മുതല്‍ ആറ് ദിവസം വരെ സൂക്ഷിക്കും. ഒരു മില്ലീമീറ്റര്‍ മാത്രം വലുപ്പമുള്ള ഈ പുഴുക്കള്‍ മനുഷ്യന്റെ അതേ ശാരീരിക സവിശേഷതകള്‍ പങ്കിടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ബഹിരാകാശത്ത് ജീവിക്കുന്നതിലൂടെ ഇവയ്ക്ക് ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളും മസിലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും പഠനവിധേയമാക്കും. ദീര്‍ഘനാള്‍ ബഹിരാകാശത്ത് തങ്ങുന്നത് മനുഷ്യന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നും സഞ്ചാരികളുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്നും പഠിക്കുകയാണ് നാസയുടെ ലക്ഷ്യം.
ഗുരുത്വാകര്‍ഷണത്തിന്റെ അഭാവത്തില്‍ പേശികള്‍ കാലക്രമേണ ക്ഷയിക്കുകയും നശിക്കുകയും ചെയ്യുന്ന രോഗാവസ്ഥയ്ക്ക് (മസ്‌കുലാര്‍ ഡിസ്‌ട്രോഫി) കാരണം കണ്ടെത്താനും പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കാനും ഗവേഷണം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ഗവേഷണം ബഹിരാകാശയാത്രികര്‍ക്കു മാത്രമുള്ളതല്ലെന്നു പഠനത്തിനു നേതൃത്വം നല്‍കുന്ന ക്ലിനിക്കല്‍, മെറ്റബോളിക്, മോളിക്യുലര്‍ ഫിസിയോളജി അസോസിയേറ്റ് പ്രൊഫസര്‍ ബെഥാന്‍ ഫിലിപ്‌സ് പറഞ്ഞു. ഭൂമിയിലെ പല സാഹചര്യങ്ങളുമായും ഗവേഷണത്തെ ബന്ധിപ്പിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.