ഇരട്ടി വേഗം; 15 സൂപ്പര്‍സോണിക് വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി യുണൈറ്റഡ് എയര്‍ലൈന്‍സ്

ഇരട്ടി വേഗം; 15 സൂപ്പര്‍സോണിക് വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി യുണൈറ്റഡ് എയര്‍ലൈന്‍സ്

വാഷിംഗ്ടണ്‍: സാധാരണ വിമാനത്തേക്കാള്‍ ഇരട്ടി വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തുന്ന സൂപ്പര്‍സോണിക് വിമാന യാത്രയ്ക്കുള്ള സാധ്യതകള്‍ വീണ്ടും സജീവമാകുന്നു. അമേരിക്കയിലെ കൊളറാഡോ ആസ്ഥാനമായ ബൂം ഓവര്‍ച്വര്‍ സൂപ്പര്‍സോണിക് എന്ന കമ്പനിയില്‍നിന്ന് 15 ജെറ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ അമേരിക്കന്‍ വിമാന കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സ് ഏര്‍പ്പെട്ടുകഴിഞ്ഞു. ഇവയുടെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കിയ ശേഷം ബൂം സൂപ്പര്‍സോണികില്‍ നിന്നുതന്നെ 35 വിമാനങ്ങള്‍ അധികമായി വാങ്ങാനും യുണൈറ്റഡ് എയര്‍ലൈന്‍സിന് പദ്ധതിയുണ്ട്.

ബൂമിന്റെ വിമാനത്തിന് ഓവര്‍ച്വര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ശബ്ദത്തേക്കാള്‍ 1.7 മടങ്ങ് വേഗതയില്‍ (മണിക്കൂറില്‍ 1300 മൈല്‍) സഞ്ചരിക്കുന്ന വിമാനത്തില്‍ 66 മുതല്‍ 88 പേര്‍ക്ക് യാത്ര ചെയ്യാം. മുന്‍പുണ്ടായിരുന്ന കോണ്‍കോഡ് വിമാനത്തെക്കാള്‍ വേഗത കുറവാണെങ്കിലും നിലവിലുള്ള എയര്‍ലൈനുകളേക്കാള്‍ വേഗത കൂടിയതാണ്. നിലവിലെ എയര്‍ലൈനുകളില്‍ മണിക്കൂറില്‍ 575 മൈല്‍ മാത്രമാണ് ശരാശരി വേഗത.

ഒരു സൂപ്പര്‍സോണിക് വിമാനത്തിന്റെ വില 200 മില്യന്‍ യു.എസ്. ഡോളറാണ് (14,56,20,00,000 ഇന്ത്യന്‍ രൂപ). മൂന്ന് ബില്യന്‍ ഡോളറിന്റെ കരാറിലാണ് ആദ്യഘട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ബൂം അധികൃതര്‍ അറിയിച്ചു. 35 വിമാനങ്ങള്‍ കൂടി വാങ്ങുകയാണെങ്കില്‍ കരാര്‍ തുക 10 ബില്യണ്‍ യു.എസ്. ഡോളര്‍ വരെയാകാം. സൂപ്പര്‍സോണിക് വിമാനങ്ങള്‍ വരുന്നതോടെ ലണ്ടനില്‍നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്ര മൂന്നര മണിക്കൂറായി ചുരുങ്ങും. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ജപ്പാനിലെ ടോക്കിയോയിലേക്കുള്ള യാത്ര ആറ് മണിക്കൂറായി കുറയുമെന്നും യുണൈറ്റഡ് എയര്‍ലൈന്‍സ് പറയുന്നു. ഓവര്‍ച്വര്‍ വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ 2026-ല്‍ പൂര്‍ത്തിയാക്കിയ ശേഷം 2029ല്‍ സര്‍വീസ് ആരംഭിക്കാനാണ് ബൂം സൂപ്പര്‍സോണിക് ലക്ഷ്യമിടുന്നത്.

രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച പിന്നീട് വിസ്മൃതിയിലായ സൂപ്പര്‍ സോണിക് വിമാനങ്ങള്‍ 2029-ല്‍ വീണ്ടും യാഥാര്‍ഥ്യമാക്കാനാണ് ഇരു കമ്പനികളും പദ്ധതിയിടുന്നത്. കോണ്‍കോഡില്‍നിന്നു വ്യത്യസ്തമായി പരിസ്ഥിതിക്ക് ക്ഷതമേല്‍പ്പിക്കാതെ, ഇന്ധന ക്ഷമതയോടു കൂടിയ വിമാനങ്ങള്‍ നിര്‍മിക്കാനാണ് ബൂം സൂപ്പര്‍സോണിക് പദ്ധതിയിടുന്നത്.

ബ്രിട്ടീഷ് എയര്‍വെയ്‌സ്, എയര്‍ ഫ്രാന്‍സ് എന്നിവയാണ് ഇതിനു മുന്‍പായി സൂപ്പര്‍ സോണിക് വിമാന യാത്രാ സര്‍വീസുകള്‍ ഒരുക്കിയിരുന്നത്. ഈ ആഡംബര യാത്ര 1976ല്‍ ആരംഭിച്ചെങ്കിലും 2003-ല്‍ അവസാന സൂപ്പര്‍ സോണിക് വിമാനത്തിന്റെ സര്‍വീസോടെ അവസാനിക്കുകയായിരുന്നു.

2003ല്‍ എയര്‍ ഫ്രാന്‍സിന്റെ സൂപ്പര്‍സോണിക് വിമാനമായ കോണ്‍കോഡ് പാരീസില്‍ നിന്നും പറന്നുയര്‍ന്ന ഉടനെ തകര്‍ന്ന് വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന നാല് പേരും അപകടത്തില്‍ കൊല്ലപ്പെട്ടു. കോണ്‍കോഡ് നിര്‍ത്തലാക്കി 18 വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു പുതിയ സൂപ്പര്‍ സോണിക് വിമാനം പുറത്തിറക്കുന്നതിന് നടപടിയുണ്ടാവുന്നതെന്ന പ്രത്യേകതയുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.