ഗ്രൂപ്പ് കമാന്‍ഡര്‍മാരുടെ കട്ടയും പടവും മടങ്ങി; അമാവാസി കഴിഞ്ഞുള്ള പൂര്‍ണ ചന്ദ്രനെപ്പോലെ കെ.സുധാകരന്‍

 ഗ്രൂപ്പ് കമാന്‍ഡര്‍മാരുടെ കട്ടയും പടവും മടങ്ങി; അമാവാസി കഴിഞ്ഞുള്ള പൂര്‍ണ ചന്ദ്രനെപ്പോലെ കെ.സുധാകരന്‍

കൊച്ചി: എത്ര ഉന്നതരായാലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയ്ക്ക് നിന്നു കൊടുക്കേണ്ടതില്ലെന്ന ഹൈക്കമാന്‍ഡിന്റെ ഉറച്ച നിലപാടാണ് ഗ്രൂപ്പ് മാനേജര്‍മാര്‍ തീര്‍ത്ത പ്രതിബന്ധങ്ങള്‍ മറികടന്ന് കെ.സുധാകരനെ കെപിസിസി പ്രസിഡന്റ് പദവിയിലെത്തിച്ചത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ണായക ഇടപെടലും കണ്ണൂരില്‍ നിന്നുള്ള ഈ തീപ്പൊരി നേതാവിന് അധ്യക്ഷ പദവിയിലേക്കുള്ള വഴി എളുപ്പമാക്കി.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത സമയത്തും എ, ഐ ഗ്രൂപ്പ് നേതാക്കന്‍മാര്‍ തീര്‍ത്ത സമ്മര്‍ദ്ദം മറികടന്ന് തലമുറ മാറ്റമെന്ന അനിവാര്യത നടപ്പിലാക്കി വി.ഡി സതീശനെ പ്രതിപക്ഷ നേതൃപദവിയിലെത്തിച്ചതും രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലൂടെയായിരുന്നു.

പാര്‍ട്ടിയെ നശിപ്പിക്കുന്ന ഗ്രൂപ്പ് കളിക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് ഈ രണ്ട് നിയമനങ്ങളിലൂടെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്. ഇനി പ്രഖ്യാപിക്കാനുള്ള യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും ഗ്രൂപ്പ് നേതാക്കന്‍മാരെ മറികടന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും.

ബിജെപിയുടെ കടന്നു കയറ്റത്തില്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയുള്ള സംസ്ഥാനമായിരുന്നു കേരളം. രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നുള്ള എംപിയായ സാഹചര്യത്തില്‍ പ്രത്യേകിച്ചും.

എന്നാല്‍ നേതാക്കന്‍മാരുടെ ഗ്രൂപ്പ് താല്‍പര്യങ്ങളും പരസ്പര വിശ്വാസമില്ലാത്ത പ്രവര്‍ത്തന ശൈലിയുമാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന് കാരണമായതെന്ന് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ടില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വം മനസിലാക്കിയിരുന്നു. മറ്റ് ചില രഹസ്യ കേന്ദ്രങ്ങളില്‍ നിന്നും സമാനമായ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് ലഭിച്ചിരുന്നു.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരന്റെ പേര് സജീവ ചര്‍ച്ച ആയപ്പോള്‍ തന്നെ എ,ഐ ഗ്രൂപ്പുകള്‍ ഒന്നടങ്കം സുധാകരനെ എതിര്‍ത്തിരുന്നെങ്കിലും ഐ ഗ്രൂപ്പ് തങ്ങളുടേതായി ഒരു പേര് നിര്‍ദേശിച്ചിരുന്നില്ല. എന്നാല്‍ എ ഗ്രൂപ്പ് മുന്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി, മുന്‍മന്ത്രി കെ.സി ജോസഫ് എന്നിവരുടെ പേരുകള്‍ മുന്നോട്ട് വച്ചിരുന്നു.

തലമുറമാറ്റത്തെ പിന്തുണക്കുന്നവരില്‍ ഒരു വിഭാഗം കെപിസിസി വൈസ് പ്രസിഡന്റായ പി.സി വിഷ്ണുനാഥിന്റെ പേരും നിര്‍ദേശിച്ചിരുന്നു. ഇതിനിടെ ഗ്രൂപ്പിന് പുറത്തു നിന്ന് പി.ടി തോമസിന്റെ പേര് ചിലര്‍ നിര്‍ദേശിച്ചെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ല.

പിന്നീടാണ് ദളിത് പ്രാധിനിത്യത്തിന്റെ പേരില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ പേര് ഉയര്‍ന്നു വന്നത്. അവകാശവാദവുമായി കൊടിക്കുന്നില്‍ എഐസിസി നേതൃത്വത്തെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പിന്തുണ ആര്‍ജിക്കാന്‍ അദേഹത്തിനായില്ല. മാത്രമല്ല, കൊടിക്കുന്നിലിന്റെ പേര് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതു മുതല്‍ അദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പൊങ്കാലയിടുകയായിരുന്നു.

കെ.സുധാകരന്‍ ഐ ഗ്രൂപ്പിലാണെങ്കിലും ചെന്നിത്തല പക്ഷവുമായി അത്ര നല്ല ബന്ധത്തിലല്ലാത്തത് പ്രതിസന്ധിയായിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായും അത്ര അടുപ്പത്തിലല്ല എന്നതും സുധാകരന്റെ മുന്നിലെ പ്രധാന കടമ്പ ആയിരുന്നു. എന്നാല്‍ കെ.എസ് എന്ന വിളികളുമായി എന്നും പിന്നാലെയുണ്ടായിരുന്ന അണികളുടെ ശക്തിയില്‍ സുധാകരന്‍ പ്രതിസന്ധികളെല്ലാം മറികടക്കുകയായിരുന്നു.

മുന്‍ഗാമികളായ വി.എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും നേരിട്ട അതേ വെല്ലുവിളികളാണ് ഇനി സുധാകരന്റെയും മുന്നിലുള്ളത്. പതിറ്റാണ്ടുകളായി എ, ഐ ഗ്രൂപ്പുകളുടെ മേല്‍വിലാസത്തില്‍ നില്‍ക്കുന്ന ബഹുഭൂരിപക്ഷം നേതാക്കളേയും പ്രവര്‍ത്തകരേയും യോജിപ്പിച്ച് കൊണ്ടുപോവുകയെന്നതാണ് പ്രധാന വെല്ലുവിളി. ബൂത്ത് തലം മുതല്‍ തകര്‍ന്നു കിടക്കുന്ന പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് രണ്ടാമത്തെ പ്രതിസന്ധി.

ഇതിനു മുമ്പും കോണ്‍ഗ്രസിന് ഇത്തരത്തില്‍ തകര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും തിരിച്ചു വരുമെന്നും നേതാക്കള്‍ പറയുന്നുണ്ടെങ്കിലും കേരളത്തിലെ രാഷ്ട്രീയ മണ്ഡലങ്ങളില്‍ വന്ന മാറ്റം തിരിച്ചറിയേണ്ടതുണ്ട്. കോണ്‍ഗ്രസ് പരാജയപ്പെട്ട് തിരിച്ചു വന്ന കാലഘട്ടങ്ങളിലൊന്നും മൂന്നാമതൊരു ശക്തി കേരളത്തിലുണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.

എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. കേന്ദ്ര ഭരണത്തിന്റെ പിന്‍ബലത്തില്‍ പണം കൊടുത്തും പ്രവര്‍ത്തകരേയും നേതാക്കളേയും ചാക്കിട്ടു പിടിക്കാനൊരുങ്ങി ബിജെപി രംഗത്തുണ്ട്. പക്ഷേ, ആ പാര്‍ട്ടിയുടെ വിശ്വാസ്യത അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നത് സുധാകരന് ലഭിക്കുന്ന ആശ്വാസമാണ്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.