നൈജീരിയയുടെ ട്വിറ്റര്‍ നിരോധനം: അനുകൂലിച്ച് ഡൊണാള്‍ഡ് ട്രംപ്

നൈജീരിയയുടെ ട്വിറ്റര്‍ നിരോധനം: അനുകൂലിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി നടത്തിയ മോശം പരാമര്‍ശമടങ്ങിയ ട്വീറ്റ് നീക്കം ചെയ്തതിനെത്തെതുടര്‍ന്ന് ട്വിറ്റര്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റിനെ നിരോധിച്ച ട്വിറ്ററിന് രാജ്യത്തുതന്നെ നിരോധനമേര്‍പ്പെടുത്തിയതില്‍ നൈജീരിയയ്ക്ക് അഭിനന്ദനങ്ങള്‍. എല്ലാ രാജ്യങ്ങളും ട്വിറ്ററും ഫേസ്ബുക്കും നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ്, നീക്കം ചെയ്ത് രണ്ടു ദിവസത്തിന് ശേഷമാണ് നൈജീരിയന്‍ സര്‍ക്കാര്‍ ട്വിറ്ററിന് നിരോധനമേര്‍പ്പെടുത്തിയത്.

നൈജീരിയ എടുത്തത് മികച്ച തീരുമാനമാണ്. താന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ട്വിറ്ററും ഫേസ്ബുക്കും നീക്കം ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇടയ്ക്കിടെ വൈറ്റ് ഹൗസില്‍ അത്താഴത്തിനായി വരികയും തന്നെ പുകഴ്ത്തി സംസാരിക്കുകയും ചെയ്യുമായിരുന്നു.

വ്യക്തിപരമായ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാന്‍ അനുവദിക്കാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ എല്ലാ രാജ്യങ്ങളും നിരോധിക്കണമെന്നു ട്രംപ് ആവശ്യപ്പെട്ടു. തെറ്റായ വഴിയിലൂടെ പോകുന്ന ഇവര്‍ക്ക് തെറ്റും ശരിയും ആജ്ഞാപിക്കാനുള്ള അനുവാദമില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ബിയാഫ്രയിലെ വിഘടനവാദികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് ബുഹാരി നീക്കം ചെയ്ത ട്വീറ്റില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ഇന്ന് മോശമായി പെരുമാറുന്നവരില്‍ പലരും ബിയാഫ്ര യുദ്ധത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും ജീവനുകള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും അറിയാന്‍ കഴിയാത്തത്ര ചെറുപ്പമാണ്. 30 മാസം യുദ്ധരംഗത്ത് ഉണ്ടായിരുന്നവരും യുദ്ധത്തിലൂടെ കടന്നുപോയവരും ഇവര്‍ക്ക് മനസിലാകുന്ന രീതിയില്‍ മറുപടി നല്‍കും'. ഇതായിരുന്നു 1967 ലെ ആഭ്യന്തര യുദ്ധത്തില്‍ ബ്രിഗേഡ് മേജറായിരുന്ന ബുഹാരി ട്വീറ്റ് ചെയ്തത്. ഇതാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. യുദ്ധത്തിന്റെ രണ്ടര വര്‍ഷത്തിനിടയില്‍ 500,000 മുതല്‍ 2 ദശലക്ഷം വരെ ബിയാഫ്രന്‍ പൗരന്മാര്‍ പട്ടിണി മൂലം മരിച്ചിരുന്നു. ഇതാണ് ബുഹാരി പരാമര്‍ശിച്ചത്.

മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ടും ട്വിറ്റര്‍ നിരോധിച്ചിരുന്നു. യു.എസ് ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ കലാപം സൃഷ്ടിക്കാന്‍ വിദ്വേഷം കലര്‍ന്ന പോസ്റ്റ് ഇട്ടുവെന്ന് പറഞ്ഞാണ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ നിരോധിച്ചത്. ഇത് കൂടാതെ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.