കൊച്ചി: ജീവനക്കാരെ നിയമിക്കാത്തതിനാല്‍ സിറ്റിംഗും പഠനവും തുടങ്ങാനാവാതെ ക്രൈസ്തവരുടെ സാമ്പത്തിക പിന്നോക്കാവസ്ഥയെപ്പറ്റി പഠിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍. അംഗങ്ങളെയും സെക്രട്ടറിയെയും നിയമിച്ചിട്ട് ആറ് മാസം കഴിഞ്ഞു. എന്നാല്‍ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജീവനക്കാരുടെ നിയമന നടപടികള്‍ ധനകാര്യ വകുപ്പിന്റെ ചുവപ്പു നാടയില്‍ കുടുങ്ങി കിടക്കുകയാണ്.
ക്രൈസ്തവരുടെ പ്രശ്‌നങ്ങളെപ്പറ്റിയും സാമ്പത്തിക പിന്നോക്കാവസ്ഥയെപ്പറ്റിയും പഠിക്കാന്‍ പാട്‌ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസായ ജോസഫ് ബെഞ്ചമിന്‍ കോശി അധ്യക്ഷനായും മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, രാഷ്ട്രപതിയുടെ മുന്‍ സെക്രട്ടറി ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവര്‍ അംഗങ്ങളായും കമ്മീഷനെ വച്ചത് 2021 ജനുവരിയിലാണ്. ഫെബ്രുവരിയില്‍ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചു നല്‍കി.
എന്നാല്‍ പ്രവര്‍ത്തന ഫണ്ടോ ഓഫീസ് ജീവനക്കാരെയോ ഇതുവരെ നല്‍കിയിട്ടില്ല. ന്യൂനപക്ഷ വകുപ്പല്ല കമ്മീഷനെ നിയോഗിച്ചത് എന്നതാണ് ശ്രദ്ധേയം. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് കമ്മീഷനെ വച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലും ഇക്കാര്യത്തിലുണ്ടായിരുന്നു. എന്നിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ല എന്നതാണ് ഏറെ ഖേദകരം. പരാതികള്‍ സ്വീകരിക്കാന്‍ തയ്യാറാക്കിയ ഒരു ഇ മെയില്‍ ഐഡി മാത്രമാണ് ജെ.ബി കോശി കമ്മീഷന്റെ ഇപ്പോഴുള്ള മേല്‍ വിലാസം.
എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തി പ്രശ്‌നങ്ങള്‍ കേള്‍ക്കണമെങ്കില്‍ സ്‌റ്റെനോഗ്രാഫറെയോ ടൈപ്പിസ്റ്റിനെയോ ക്ലാര്‍ക്കിനെ എങ്കിലുമോ നിയമിക്കണം. സര്‍ക്കാരിന് യാതൊരു സാമ്പത്തിക ഭാരവും വരാതെ ഇത്തരം ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കാമെന്നിരിക്കെയാണ് കുറ്റകരമായ നിസംഗത അധികൃതര്‍ തുടരുന്നത്. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവരുടെ വോട്ട് നേടായായി നടത്തിയ രാഷ്ട്രീയ തട്ടിപ്പാണോ ഇതെന്ന സംശയവും ബലപ്പെടുകയാണ്.
അടുത്തിടെയുണ്ടായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വിതരണത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് ജെ.ബി കോശി കമ്മീഷന്റെ ഈ ദുരവസ്ഥ. കൊച്ചിയിലെ ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗില്‍ ഓഫീസെടുത്തെങ്കിലും ഓഫീസ് സജ്ജമാക്കിയിട്ടില്ല.
ആവശ്യത്തിന് ജീവനക്കാരെ നല്‍കിയാല്‍ കമ്മീഷന്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ജസ്റ്റിസ് ജെ.ബി കോശി സീന്യൂസിനോട് പറഞ്ഞു. ഒാഫീസ് ഫര്‍ണിഷ് ചെയ്യാത്തതിനാല്‍ അംഗങ്ങളുടെ ചുരുക്കം ചില സിറ്റിംഗുകള്‍ മാത്രമാണ് ഓഫീസില്‍ നടത്തിയത്. തുടക്കത്തില്‍ അംഗങ്ങളുടെ സിറ്റിംഗ് നടന്നത് തന്റെ വീട്ടിലാണ്.
എല്ലാ വിഭാഗങ്ങളില്‍പ്പെട്ട ആളുകളേയും വിളിച്ച് കൊച്ചിയില്‍ പ്രധാന സിറ്റിംഗ് നടത്തേണ്ടതുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും പ്രത്യേക സിറ്റിംഗുകള്‍ സംഘടിപ്പിക്കണം. മലയോര മേഖലകളില്‍ പോയി അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കണം. കുട്ടനാട്ടിലെ ക്രൈസ്തവരുടെ പ്രശ്‌നങ്ങളും ദളിത്, ഈഴവ ക്രൈസ്തവരുടെ പ്രശ്‌നങ്ങളും പഠന വിധേയമാക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ജെ.ബി കോശി സീന്യൂസിനോട് പറഞ്ഞു.
ജെ.ബി കോശി കമ്മീഷന് ഓഫീസും ജീവനക്കാരെയും അനുവദിക്കാത്തതില്‍ പ്രതിഷേധവുമായി വിവിധ ക്രൈസ്തവ സംഘടനകള്‍ രംഗത്തുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.